IPL 2022: ടി20 ലോകകപ്പില്‍ ഇന്ത്യ അയാളെ ശരിക്കും മിസ് ചെയ്തു; ഹൈദരാബാദ് താരത്തെക്കുറിച്ച് രവി ശാസ്ത്രി

By Web Team  |  First Published Apr 5, 2022, 3:00 PM IST

പരിക്കിനെത്തുടര്‍ന്ന് ഒരു വര്‍ഷം മത്സര ക്രിക്കറ്റില്‍ നിന്ന് വിട്ടു നിന്ന നടരാജന്‍ ഐപിഎല്ലിലൂടെ വീണ്ടും ഗ്രൗണ്ടിലിറങ്ങിയത്.  ഇന്നലെ ലഖ്നൗ സൂപ്പര്‍ ജയന്‍റ്സിനെതിരായ മത്സരത്തില്‍ നാലോവറില്‍ 26 റണ്‍സ് വഴങ്ങി രണ്ട് വിക്കറ്റെടുത്ത് തിളങ്ങിയിരുന്നു.


മുംബൈ: ഐപിഎല്ലിലൂടെ(IPL 2022) ഇന്ത്യന്‍ ക്രിക്കറ്റില്‍ ഉയര്‍ന്നുവന്ന താരമാണ് ഇടം കൈയന്‍ പേസറായ ടി നടരാജന്‍(T Natarajan). ഐപിഎല്ലിലെ പ്രകടനത്തിന്‍റെ അടിസ്ഥാനത്തില്‍ ഓസ്ട്രേലിയന്‍ പര്യടനത്തിനുള്ള ഇന്ത്യന്‍ ടീമിലേക്ക് ആദ്യം നെറ്റ് ബൗളറായും പിന്നീട് ടീം അംഗമായും തെരഞ്ഞെടുക്കപ്പെട്ട നടരാജന് പരിക്കാണ് കരിയറില്‍ വില്ലനായത്. ഇംഗ്ലണ്ട് ടീമിന്‍റെ ഇന്ത്യന്‍ പരമ്പരക്കിടെ കാല്‍മുട്ടിനും തോളിനും പരിക്കേറ്റ നടരാജന് മാസങ്ങളോളം മത്സര ക്രിക്കറ്റില്‍ നിന്ന് വിട്ടുനില്‍ക്കേണ്ടിവന്നു. ഇതോടെ കഴിഞ്ഞ വര്‍ഷം യുഎഇയില്‍ നടന്ന ടി20 ലോകകപ്പില്‍ ഇന്ത്യന്‍ ടീമിലിടം നേടാമെന്ന മോഹവും അവസാനിച്ചു.

സ്ലോഗ് ഓവറുകളില്‍ യോര്‍ക്കറുകള്‍ എറിയാനുള്ള നടരാജന്‍റെ മികവാണ് അദ്ദേഹത്തെ ഐപിഎല്ലില്‍ താരമാക്കിയത്. ഇപ്പോഴിതാ കഴിഞ്ഞ ടി20 ലോകകപ്പില്‍ നടരാജനെപ്പോലൊരു ബൗളറെ ഇന്ത്യ ശരിക്കും മിസ് ചെയ്തുവെന്ന് തുറന്നു പറയുകയാണ് ലോകകപ്പില്‍ ഇന്ത്യന്‍ പരിശീലകനായിരുന്ന രവി ശാസ്ത്രി(Ravi Shastri).

Latest Videos

undefined

നടരാജന്‍ ഡെത്ത് ഓവര്‍ സ്പെഷലിസ്റ്റ് ആണ്. തുടര്‍ച്ചയായി യോര്‍ക്കറുകള്‍ എറിയാന്‍ നടരാജന് പ്രത്യേക കഴിവുണ്ട്. വേഗക്കൂടുതലുള്ള പന്തുകള്‍കൊണ്ട് ബാറ്ററെ അമ്പരപ്പിക്കാനും നടരാജനാവും. നടരാജന്‍ തിരിച്ചെത്തിയതില്‍ സന്തോഷമുണ്ട്. അദ്ദേഹത്തെപ്പോലൊരു ബൗളറെ ലോകകപ്പില്‍ ഞങ്ങള്‍ ശരിക്കും മിസ് ചെയ്തു. ശാരീരികക്ഷമത ഉണ്ടായിരുന്നെങ്കില്‍ നടരാജന്‍ ഉറപ്പായും ലോകകപ്പ് ടീമിലുണ്ടാവുമായിരുന്നു. ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരക്കിടെയാണ് നടരാജന്‍ പരിക്കേല്‍ക്കുന്നത്. ലോകകപ്പില്‍ അദ്ദേഹത്തെ ശരിക്കും ഞങ്ങള്‍ മിസ് ചെയ്തു ക്രിക്ക് ഇന്‍ഫോയോട് ശാസ്ത്രി പറഞ്ഞു.

പരിക്കിനെത്തുടര്‍ന്ന് ഒരു വര്‍ഷം മത്സര ക്രിക്കറ്റില്‍ നിന്ന് വിട്ടു നിന്ന നടരാജന്‍ ഐപിഎല്ലിലൂടെ വീണ്ടും ഗ്രൗണ്ടിലിറങ്ങിയത്.  ഇന്നലെ ലഖ്നൗ സൂപ്പര്‍ ജയന്‍റ്സിനെതിരായ മത്സരത്തില്‍ നാലോവറില്‍ 26 റണ്‍സ് വഴങ്ങി രണ്ട് വിക്കറ്റെടുത്ത് തിളങ്ങിയിരുന്നു.

ഐപിഎല്ലില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ താരമായ നടരാജന്‍ 2018 സീസണിലെ തകര്‍പ്പന്‍ പ്രകടനത്തോടെയാണ് ഇന്ത്യന്‍ ടീമിലെത്തിയത്. മൂന്ന് ഫോര്‍മാറ്റിലും ഇന്ത്യക്കായി കളിച്ചിട്ടുളള നടരാജന്‍റെ കരിയറില്‍ പരിക്കാണ് വില്ലനായത്.പരിക്കിനെത്തുടര്‍ന്ന് കഴിഞ്ഞ ഐപിഎല്‍ സീസണും നഷ്ടമായി.

click me!