ഐപിഎല്ലില്‍ ഇതുവരെ 15 മത്സരങ്ങളിലാണ് സണ്‍റൈസേഴ്‌സ് ഹൈദരാബാദും രാജസ്ഥാന്‍ റോയല്‍സും മുഖാമുഖം വന്നത്
പൂണെ: ഐപിഎല്‍ പതിനഞ്ചാം സീസണില്‍ (IPL 2022) മലയാളി ക്രിക്കറ്റ് പ്രേമികള്‍ കാത്തിരുന്ന ദിവസമാണിത്. മലയാളിതാരം സഞ്ജു സാംസണ്‍ (Sanju Samson) നായകനായ രാജസ്ഥാന്‍ റോയല്‍സ് (Rajasthan Royals) സീസണിലെ ആദ്യ മത്സരത്തിനിറങ്ങുമ്പോള്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദാണ് (Sunrisers Hyderabad) എതിരാളികള്‍. മെഗാതാരലേലം കഴിഞ്ഞ് വന്‍ മാറ്റത്തോടെയാണ് ടീമുകള്‍ (SRH vs RR) എത്തുന്നതെങ്കിലും മുന്‍ കണക്കുകള്‍ പരിശോധിക്കാം.
ഐപിഎല്ലില്‍ ഇതുവരെ 15 മത്സരങ്ങളിലാണ് സണ്‍റൈസേഴ്‌സ് ഹൈദരാബാദും രാജസ്ഥാന്‍ റോയല്‍സും മുഖാമുഖം വന്നത്. ഇരു ടീമുകളും തമ്മില്‍ ഇഞ്ചോടിച്ച് ചരിത്രമാണ് കണക്ക് ബുക്കില്‍. ഹൈദരാബാദ് എട്ട് മത്സരങ്ങള്‍ ജയിച്ചപ്പോള്‍ ഏഴ് മത്സരങ്ങളില്‍ ജയം രാജസ്ഥാനൊപ്പം നിന്നു. അവസാന അഞ്ച് മത്സരങ്ങളില്‍ 3-2 എന്നതാണ് ഫലനില. കഴിഞ്ഞ സീസണില്‍ ഏറ്റുമുട്ടിയപ്പോള്‍ ഓരോ മത്സരം വീതം ടീമുകള്‍ വിജയിച്ചു.
undefined
പൂണെയിൽ വൈകിട്ട് ഏഴരയ്ക്കാണ് ഹൈദരാബാദ്- രാജസ്ഥാന്‍ കളി തുടങ്ങുക. കെട്ടുംമട്ടും മാറിയാണ് സഞ്ജു സാംസന്‍റെ രാജസ്ഥാൻ റോയൽസും കെയ്ൻ വില്യംസന്‍റെ സൺറൈസേഴ്‌സ് ഹൈദരാബാദും വരുന്നത്. ഉഗ്രൻ ബൗളിംഗ് നിരയുമായാണ് ഇരു ടീമും മുഖാമുഖമെത്തുക. ട്രെന്‍റ് ബോൾട്ട്, പ്രസിദ്ധ് കൃഷ്ണ, യുസ്‌വേന്ദ്ര ചാഹൽ, ആർ അശ്വിൻ എന്നിവർക്കൊപ്പം ജിമ്മി നീഷവും നേഥൻ കൂൾട്ടർ നൈലുമുണ്ട് സഞ്ജുവിന്‍റെ ആവനാഴിയിൽ. ഭുവനേശ്വർ കുമാർ, ടി നടരാജൻ, ഉമ്രാൻ മാലിക്, വാഷിംഗ്ടൺ സുന്ദർ എന്നിവരെയാവും വില്യംസൺ വിശ്വസിച്ച് പന്തേൽപിക്കുക. ബൗളിംഗ് തന്ത്രമോതാൻ രാജസ്ഥാന് ലസിത് മലിംഗയും ഹൈദരാബാദിന് ഡെയ്‌ല്‍ സ്റ്റെയ്‌നുമുണ്ട്.
ജോസ് ബട്‌ലറും യശസ്വീ ജയ്സ്വാളും റോയൽസിന്‍റെ ഇന്നിംഗ്സ് തുറക്കെനെത്തുമ്പോൾ മൂന്നാമനായി ദേവ്ദത്ത് പടിക്കലും നാലാമനായി നായകൻ സഞ്ജുവുമുണ്ട്. ഷിമ്രോൺ ഹെറ്റ്മെയറിന്‍റെ കൂറ്റൻ ഷോട്ടുകളിലും രാജസ്ഥാന് പ്രതീക്ഷയേറെ. വില്യംസണും അബ്‌ദുല്‍ സമദും ഒഴികെയുള്ള ബാറ്റർമാരെല്ലം ഹൈദരാബാദിൽ പുതിയ ഇന്നിംഗ്സിന് തുടക്കമിടുന്നവരാണ്. രാഹുൽ ത്രിപാഠി, അഭിഷേക് ശർമ്മ, നിക്കോളാസ് പുരാൻ, എയ്ൻ മാർക്രാം എന്നിവരുടെ ബാറ്റുകളിലേക്കാണ് ഹൈദരാബാദ് ഉറ്റുനോക്കുന്നത്.
IPL 2022 : പഞ്ച് തുടക്കത്തിന് സഞ്ജുവും കൂട്ടരും; ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സ് കളത്തിലേക്ക്