IPL 2022 : ത്രിപാഠി വെടിക്കെട്ടിന് തിരികൊളുത്തി, മാര്‍ക്രം ആളിക്കത്തിച്ചു; സണ്‍റൈസേഴ്‌സിന് ത്രില്ലര്‍ ജയം

By Web Team  |  First Published Apr 15, 2022, 11:13 PM IST

ത്രിപാഠിക്ക് ശേഷം സ്റ്റിയറിംഗ് ഏറ്റെടുത്ത എയ്‌ഡന്‍ മാര്‍ക്രമും നിക്കോളാസ് പുരാനും സണ്‍റൈസേഴ്‌സിനെ അനായാസം ജയിപ്പിച്ചു


മുംബൈ: ഐപിഎല്ലില്‍ (IPL 2022) രാഹുല്‍ ത്രിപാഠി-എയ്‌ഡന്‍ മാര്‍ക്രം വെടിക്കെട്ടില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെ (Kolkata Knight Riders) ഏഴ് വിക്കറ്റിന് തോല്‍പിച്ച് സണ്‍റൈസേഴ്‌സ് ഹൈദരാബാദ് (Sunrisers Hyderabad). 176 റണ്‍സ് വിജയലക്ഷ്യം 17.5 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്‌ടത്തില്‍ സണ്‍റൈസേഴ്‌സ് നേടി. ത്രിപാഠി (Rahul Tripathi) 37 പന്തില്‍ 71 റണ്‍സും മാര്‍ക്രം (Aiden Markram) 36 പന്തില്‍ 68* റണ്‍സും പേരിലാക്കി. ആന്ദ്രേ റസല്‍ (Andre Russell) രണ്ട് വിക്കറ്റ് വീഴ്‌ത്തി. നേരത്തെ ബാറ്റിംഗിലും റസല്‍ തിളങ്ങിയിരുന്നു. 

ത്രിപാഠി അടി, മാര്‍ക്രം ഫിനിഷിംഗ്

Latest Videos

undefined

മറുപടി ബാറ്റിംഗില്‍ സണ്‍റൈസേഴ്‌സ് ഓപ്പണര്‍മാരായ അഭിഷേക് ശര്‍മ്മയ്‌ക്കും കെയ്‌ന്‍ വില്യംസണും അധിക നേരം പിടിച്ചുനില്‍ക്കാനായില്ല. 10 പന്തില്‍ 3 റണ്‍സെടുത്ത അഭിഷേകിനെ കമ്മിന്‍സും 16 പന്തില്‍ 17 റണ്‍സെടുത്ത വില്യംസണെ റസലും ബൗള്‍ഡാക്കി. എന്നാല്‍ തുടക്കത്തിലെ കടന്നാക്രമിച്ച രാഹുല്‍ ത്രിപാഠി 21 പന്തില്‍ അര്‍ധ സെഞ്ചുറി തികച്ചു. എയ്‌ഡന്‍ മാര്‍ക്രമിനെ കൂട്ടുപിടിച്ചുള്ള ത്രിപാഠി വെടിക്കെട്ട് 15-ാം ഓവറിലെ രണ്ടാം പന്തില്‍ റസല്‍ അവസാനിപ്പിച്ചു. ത്രിപാഠി 37 പന്തില്‍ നാല് ഫോറും ആറ് സിക്‌സറും സഹിതം 71 റണ്‍സെടുത്തു. ത്രിപാഠിക്ക് ശേഷം സ്റ്റിയറിംഗ് ഏറ്റെടുത്ത എയ്‌ഡന്‍ മാര്‍ക്രമിനൊപ്പം നിക്കോളാസ് പുരാന്‍ (8 പന്തില്‍ 5) സണ്‍റൈസേഴ്‌സിനെ അനായാസം ജയിപ്പിച്ചു.  

നേരത്തെ ടോസ് നഷ്‌ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ കൊല്‍ക്കത്ത തുടക്കത്തിലെ തകര്‍ച്ചയ്‌ക്ക് ശേഷം നിതീഷ് റാണയുടെയും ആന്ദ്രേ റസലിന്‍റേയും ചുമലിലേറി നിശ്ചിത ഓവറില്‍ 8 വിക്കറ്റിന് 175 റണ്‍സെടുത്തു. റാണ 36 പന്തില്‍ 54 ഉം റസല്‍ 25 പന്തില്‍ 49* ഉം റണ്‍സ് നേടി. ടി നടരാജന്‍ മൂന്നും ഉമ്രാന്‍ മാലിക് രണ്ടും വിക്കറ്റ് വീഴ്‌ത്തി. 

റാണ തുടക്കമിട്ടു

തകര്‍ച്ചയോടെയായിരുന്നു കൊല്‍ക്കത്തയുടെ തുടക്കം. സ്‌കോര്‍ ബോര്‍ഡില്‍ 11 റണ്‍സുള്ളപ്പോള്‍ ആരോണ്‍ ഫിഞ്ചിനെ നഷ്‌‌ടമായി. 5 പന്തില്‍ 7 റണ്‍സെടുത്ത ഫിഞ്ചിനെ മാര്‍ക്കോ ജാന്‍സനാണ് പറഞ്ഞയച്ചത്. പിന്നാലെ വെങ്കടേഷ് അയ്യരെയും(13 പന്തില്‍ 6), സുനില്‍ നരെയ്‌നെയും(2 പന്തില്‍ 6) ടി നടരാജന്‍ ഒരു പന്തിന്‍റെ ഇടവേളയില്‍ പറഞ്ഞയച്ചു. ഒരറ്റത്ത് കാലുറപ്പിക്കാന്‍ ശ്രമിച്ച നായകന്‍ ശ്രേയസ് അയ്യരെ(25 പന്തില്‍ 28) ഉമ്രാന്‍ മാലിക് ഉഗ്രന്‍ യോര്‍ക്കറില്‍ വീഴ്‌ത്തി. ഷെല്‍ഡന്‍ ജാക്‌സണും(7 പന്തില്‍ 7) മാലിക് തന്നെ പുറത്തേക്കുള്ള വഴിയൊരുക്കി. 

പിന്നെ റസല്‍മാനിയ

അഞ്ചാമനായി ക്രീസിലെത്തിയ അമ്പത് തികച്ച നിതീഷ് റാണ കൊല്‍ക്കത്തയ്‌ക്ക് രക്ഷകനായി. റാണ 31 പന്തില്‍ ഫിഫ്റ്റിയിലെത്തി. 18-ാം ഓവറില്‍ റാണയെ പുരാന്‍റെ കൈകളിലെത്തിച്ച് നട്ടു മൂന്ന് വിക്കറ്റ് തികച്ചു. 19-ാം ഓവറില്‍ ഭുവി, പാറ്റ് കമ്മിന്‍സിനെ(3 പന്തില്‍ 3) മടക്കി. അവസാന ഓവറിലെ ആദ്യ പന്തില്‍ അമാന്‍ ഹക്കീം ഖാനെ(3 പന്തില്‍ 5) സുജിത്ത് ബൗള്‍ഡാക്കി. ആന്ദ്രേ റസല്‍ 25 പന്തില്‍ 49* ഉം ഉമേഷ് യാദവ് 1 പന്തില്‍ 1* ഉം റണ്‍സുമായി പുറത്താകാതെ നിന്നു. റസല്‍ നാല് വീതം സിക്‌സറും ഫോറും പറത്തി. 

IPL 2022 : ഐപിഎല്ലില്‍ കൊവിഡ്; ഡല്‍ഹി ക്യാപിറ്റല്‍സ് ടീം കനത്ത ജാഗ്രതയില്‍


 

click me!