IPL 2022 : റിഷഭ് പന്തിന്‍റെ ബാറ്റിംഗ് സ്ഥാനം മാറണം; നമ്പര്‍ നിര്‍ദേശിച്ച് ഗ്രേയം സ്‌മിത്ത്

By Web Team  |  First Published Apr 8, 2022, 10:34 PM IST

ലഖ്‌നൗ സൂപ്പര്‍ ജയന്‍റ്‌സിനെതിരെ അവസാന ഓവറുകളില്‍ സാഹചര്യത്തിനനുസരിച്ച് റണ്‍നിരക്ക് ഉയര്‍ത്താന്‍ റിഷഭ് പന്തിനായിരുന്നില്ല


മുംബൈ: ഐപിഎല്ലില്‍ (IPL 2022) ക്യാപ്റ്റന്‍ റിഷഭ് പന്ത് (Rishanh Pant) മൂന്നാം നമ്പറില്‍ ബാറ്റ് ചെയ്യുന്നത് ഡല്‍ഹി ക്യാപിറ്റല്‍സിന് (Delhi Capitals) ഗുണം ചെയ്‌തേക്കുമെന്ന് ദക്ഷിണാഫ്രിക്കന്‍ മുന്‍ നായകന്‍ ഗ്രേയം സ്‌മിത്ത് (Graeme Smith). അവസാന മത്സരത്തില്‍ ലക്‌നൗ സൂപ്പര്‍ ജയന്‍റ്‌സിനോട് (Lucknow Super Giants) ഡല്‍ഹി പരാജയപ്പെട്ടപ്പോള്‍ മികച്ച തുടക്കം ലഭിക്കാന്‍ റിഷഭ് പ്രയാസപ്പെട്ടിരുന്നു. 

'റിഷഭ് പന്ത് നല്ല സ്‌ട്രൈക്ക് റേറ്റിലല്ല കളിക്കുന്നത്. എന്നാല്‍ എല്ലാവരും കാത്തിരിക്കാന്‍ ക്ഷമ കാട്ടണം. കുറച്ച് വിക്കറ്റ് വീണതിനാല്‍ റണ്‍സ് പടുത്തുയര്‍ത്തേണ്ടത് ആവശ്യമായിരുന്നെങ്കിലും ശക്തമായ ഫിനിഷിംഗ് കണ്ടില്ല. ഡല്‍ഹിക്ക് 170-180 ടോട്ടല്‍ വേണമായിരുന്നു. മൂന്നാം നമ്പറിലേക്ക് സ്ഥാനക്കയറ്റം നല്‍കി അദേഹത്തില്‍ നിന്ന് സമ്മര്‍ദം ഒഴിവാക്കുകയാണ് വേണ്ടത്. റിഷഭിന് ബാറ്റ് ചെയ്യാന്‍ കൂടുതല്‍ സമയം നല്‍കണം. ഇത് കൂടുതല്‍ താളം കണ്ടെത്താന്‍ താരത്തെ സഹായിച്ചേക്കും. ഇന്ത്യക്കായി എല്ലാ ഫോര്‍മാറ്റിലും ദീര്‍ഘകാലം കളിക്കേണ്ട താരമാണ്. റിഷഭ് ഒരു സൂപ്പര്‍ സ്റ്റാര്‍ ആകും' എന്നും ഗ്രേയം സ്‌മിത്ത് പറഞ്ഞു. 

Latest Videos

undefined

ലഖ്‌നൗ സൂപ്പര്‍ ജയന്‍റ്‌സിനെതിരെ അവസാന ഓവറുകളില്‍ സാഹചര്യത്തിനനുസരിച്ച് റണ്‍നിരക്ക് ഉയര്‍ത്താന്‍ റിഷഭ് പന്തിനായിരുന്നില്ല. 10-15 റണ്‍സ് കുറവായിരുന്നുവെന്ന് റിഷഭ്  മത്സരശേഷം പറഞ്ഞിരുന്നു. 36 പന്തുകള്‍ നേരിട്ട റിഷഭ് പന്ത് 39 റണ്‍സാണ് നേടിയത്. നിശ്ചിത ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്‌ടത്തില്‍ 149 റണ്‍സേ ഇതോടെ ഡല്‍ഹി ക്യാപിറ്റല്‍സിന് സ്‌കോര്‍ ബോര്‍ഡില്‍ ചേര്‍ക്കാനായുള്ളൂ. 34 പന്തില്‍ 61 റണ്‍സുമായി പൃഥ്വി ഷാ നല്‍കിയ മിന്നും തുടക്കം മുതലാക്കാനായില്ല. സര്‍ഫറാസ് ഖാന്‍ 28 പന്തില്‍ 36 റണ്‍സ് നേടി. 

മറുപടി ബാറ്റിംഗില്‍ ലഖ്‌നൗ 19.4 ഓവറില്‍ വിജയലക്ഷ്യം മറികടന്നു. ലഖ്‌നൗവിനെതിരെ ആറ് വിക്കറ്റിനായിരുന്നു ഡല്‍ഹിയുടെ തോല്‍വി. 52 പന്തില്‍ 80 റണ്‍സ് നേടിയ ക്വിന്റണ്‍ ഡി കോക്കാണ് വിജയം എളുപ്പമാക്കിയത്. കെ എല്‍ രാഹുല്‍ (24), എവിന്‍ ലൂയിസ് (5), ദീപക് ഹൂഡ (11) എന്നിവരാണ് പുറത്തായ മറ്റുതാരങ്ങള്‍. ക്രൂനാല്‍ പാണ്ഡ്യ (19), ആയുഷ് ബദോനി (10) പുറത്താവാതെ നിന്നു. മൂന്ന് മത്സരങ്ങളില്‍ ഒരു ജയം മാത്രമുള്ള ഡല്‍ഹി ക്യാപിറ്റല്‍സ് പോയിന്‍റ് പട്ടികയില്‍ ഏഴാം സ്ഥാനക്കാരാണ്. 

IPL 2022 : ആദ്യം രോഹിത്തും വില്യംസണും, ഇപ്പോള്‍ റിഷഭ് പന്ത്; തോല്‍വിക്ക് പിന്നാലെ താരത്തിന് ഇരുട്ടടി

click me!