IPL 2022: ബട്‌ലര്‍ വെടിക്കെട്ട്,പടിക്കലിന്‍റെയും സഞ്ജുവിന്‍റെ ആറാട്ട്;ഡല്‍ഹിക്കെതിരെ രാജസ്ഥാന് വമ്പന്‍ സ്കോര്‍

By Web Team  |  First Published Apr 22, 2022, 9:25 PM IST

ഡല്‍ഹി സ്പിന്നര്‍മാരായ അക്സര്‍ പട്ടേലിനെയും കുല്‍ദീപ് യാദവിനെയും മധ്യഓവറുകളില്‍ തെരഞ്ഞെുപിടിച്ച് ശിക്ഷിച്ച ബട്‌ലറും പടിക്കലും ചേര്‍ന്ന് ഏഴാം ഓവറില്‍ രാജസ്ഥാനെ 100 കടത്തി.36 പന്തില്‍ ബട്‌ലര്‍ അര്‍ധസെഞ്ചുറിയില്‍ എത്തിയപ്പോള്‍ പതിനൊന്നാം ഓവറില്‍ രാജസ്ഥാന്‍ 100 കടന്നു. 31 പന്തില്‍ അര്‍ധസെഞ്ചുറി തികച്ച പടിക്കലും ബട്‌ലര്‍ക്കൊപ്പം വെടിക്കെട്ട് തുടര്‍ന്നതോടെ രാജസ്ഥാന്‍ സ്കോര്‍ കുതിച്ചു.


മുംബൈ: ഐപിഎല്ലില്‍(IPL 2022) രാജസ്ഥാന്‍ റോയല്‍സിനെതിരെ ഡല്‍ഹി ക്യാപിറ്റല്‍സിന്(DC vs RR) 223 റണ്‍സ് വിജയലക്ഷ്യം. ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാന്‍ ഓപ്പണര്‍ ജോസ് ബട്‌ലറുടെ സെഞ്ചുറിയുടെും ദേവ്‌ദത്ത് പടിക്കലിന്‍റെ അര്‍ധസെഞ്ചുറിയുടെയും ക്യാപ്റ്റന്‍ സഞ്ജു സാംസണിന്‍റെ ബാറ്റിംഗ് വെടിക്കെട്ടിന്‍റെയും കരുത്തിലാണ് 20 ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 222 റണ്‍സെടുത്തു. ബട്‌ലര്‍ 65 പന്തില്‍ 113 റണ്‍സെടുത്തപ്പോള്‍ പടിക്കല്‍ 35 പന്തില്‍ 54 റണ്‍സെടുത്തു. സഞ്ജു 19 പന്തില്‍ 46 റണ്‍സുമായി പുറത്താകാതെ നിന്നു. ഓപ്പണിംഗ് വിക്കറ്റില്‍ ബട്‌ലറും പടിക്കിലും ചേര്‍ന്ന് 15 ഓവറില്‍ 155 റണ്‍സടിച്ചു കൂട്ടിയശേഷമാണ് വേര്‍ പിരിഞ്ഞത്.

അടിയുടെ പൊടിപൂരം

Latest Videos

undefined

ഖലീല്‍ അഹമ്മദ് എറിഞ്ഞ ഇന്നിംഗ്സിലെ ആദ്യ ഓവറില്‍ മാത്രമാണ് ഡല്‍ഹി അല്‍പമെങ്കിലും പിടിച്ചു നിന്നത്. പന്ത് നല്ല പോലെ സ്വിംഗ് ചെയ്യിച്ച ഖലീല്‍ ബട്‌ലറെ ബീറ്റ് ചെയ്തെങ്കിലും ആ ഓവറില്‍ ടോപ് എഡ്ജിലൂടെ രണ്ട് ബൗണ്ടറി നേടിയാണ് ബട്‌ലര്‍ ഷോ തുടങ്ങിയത്. ഷര്‍ദ്ദുല്‍ ഠാക്കൂറിന്‍റെ രണ്ടാം ഓവറില്‍ ഒരു റണ്‍സും ലളിത് യാദവ് എറിഞ്ഞ മൂന്നാം ഓവറില്‍ മൂന്ന് റണ്‍സും മാത്രമെടുത്ത് അടങ്ങി നിന്ന ബട്‌ലറും പടിക്കലും മുസ്തഫിസുര്‍ റഹ്മാന്‍റെ നാലാം ഓവറില്‍ മൂന്ന് ബൗണ്ടറിയടക്കം 14 റണ്‍സടിച്ചാണ് ബാറ്റിംഗ് വെടിക്കെട്ടിന് തിരി കൊളുത്തിയത്.

എന്നാല്‍ ലളിത് യാദവ് അഞ്ചാം ഓവറില്‍ മൂന്ന് റണ്‍സ് മാത്രം വഴങ്ങി ഡല്‍ഹിയെ വീണ്ടും കളിയിലേക്ക് മടക്കിക്കൊണ്ടുവന്നെങ്കിലും പവര്‍പ്ലേയിലെ അവസാന ഓവര്‍ എറിഞ്ഞ ഖലീല്‍ അഹമ്മദിനെ 15 റണ്‍സടിച്ച് രാജസ്ഥാന്‍ പവര്‍ പ്ലേ കളറാക്കി. പവര്‍ പ്ലേ പിന്നിടുമ്പോള്‍ വിക്കറ്റ് നഷ്ടമില്ലാതെ 44 റണ്‍സായിരുന്നു രാജസ്ഥാന്‍റെ സ്കോര്‍.

സ്പിന്നര്‍മാരെ അടിച്ചുപറത്തി ബട്‌ലറും പടിക്കലും

ഡല്‍ഹി സ്പിന്നര്‍മാരായ അക്സര്‍ പട്ടേലിനെയും കുല്‍ദീപ് യാദവിനെയും മധ്യഓവറുകളില്‍ തെരഞ്ഞെുപിടിച്ച് ശിക്ഷിച്ച ബട്‌ലറും പടിക്കലും ചേര്‍ന്ന് ഏഴാം ഓവറില്‍ രാജസ്ഥാനെ 100 കടത്തി.36 പന്തില്‍ ബട്‌ലര്‍ അര്‍ധസെഞ്ചുറിയില്‍ എത്തിയപ്പോള്‍ പതിനൊന്നാം ഓവറില്‍ രാജസ്ഥാന്‍ 100 കടന്നു. 31 പന്തില്‍ അര്‍ധസെഞ്ചുറി തികച്ച പടിക്കലും ബട്‌ലര്‍ക്കൊപ്പം വെടിക്കെട്ട് തുടര്‍ന്നതോടെ രാജസ്ഥാന്‍ സ്കോര്‍ കുതിച്ചു. ലളിത് യാദവ് എറിഞ്ഞ‌ പതിമൂന്നാം ഓവറില്‍ 18 റണ്‍സടിച്ച ബട്‌ലര്‍  കുല്‍ദീപ് യാദവ് എറിഞ്ഞ പതിനഞ്ചാം ഓവറിും 18 റണ്‍സടിച്ച് അതിവേഗം സെഞ്ചുറിയിലേക്ക് കുതിച്ചു. 57 പന്തില്‍ സീസണിലെ മൂന്നാം സെഞ്ചുറി തികച്ച ബട്‌ലര്‍ എട്ട് ഫോറും എട്ട് സിക്സും പറത്തി.

അവസാനം സഞ്ജുവിന്‍റെ വെടിക്കെട്ടും

പതിനാറാം ഓവറില്‍ ദേവ്‌ദത്ത് പടിക്കല്‍ പുറത്തായശേഷം ക്രീസിലെത്തിയ ക്യാപ്റ്റന്‍ സഞ്ജു സാംസണും മോശമാക്കിയില്ല. ഖലീല്‍ അഹമ്മദ് എറിഞ്ഞ പതിനെട്ടാം ഓവറില്‍ രണ്ട് ഫോറും രണ്ട് സിക്സും പറത്തി 21 റണ്‍സടിച്ച സഞ്ജു രാജസ്ഥാനെ 200 കടത്തി. ആ ഓവറിലെ അവസാന പന്തില്‍ സഞ്ജു നല്‍കിയ അനായാസ ക്യാച്ച് ഖലീല്‍ നിലത്തിട്ടത് അവിശ്വസനീയ കാഴ്ചയായി. മുത്സഫിസുര്‍ റഹ്മാന്‍ എറിഞ്ഞ പത്തൊമ്പതാം ഓവറിലെ അവസാന പന്തിലാണ് ബട്‌ലര്‍(65 പന്തില്‍ 113) പുറത്തായത്. ഷര്‍ദ്ദുല്‍ ഠാക്കൂര്‍ എറിഞ്ഞ അവസാന ഓവറില്‍ സിക്സും രണ്ട് ഫോറും പറത്തി സഞ്ജു രാജസ്ഥാനെ 222ല്‍ എത്തിച്ചു. അഞ്ച് ഫോറും മൂന്ന് സിക്സും പറത്തിയ സഞ്ജു 19 പന്തില്‍ 46 റണ്‍സുമായി പുറത്താകാതെ നിന്നു.

നേരത്തെ ടോസ് നേടിയ ഡല്‍ഹി ഫീല്‍ഡിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. കഴിഞ്ഞ മത്സരം ജയിച്ച ടീമില്‍ ഇരു ടീമുകളും മാറ്റമൊന്നും വരുത്താതെയാണ് ഇറങ്ങിയത്.

click me!