IPL 2022 : ക്യാപ്റ്റന്‍സി അംഗീകാരം, മത്സരത്തിനനുസരിച്ച് ബാറ്റിംഗിനിറങ്ങും: ശ്രേയസ് അയ്യര്‍

By Web Team  |  First Published Mar 25, 2022, 11:58 AM IST

അജിന്‍ക്യ രഹാനെയും പാറ്റ് കമ്മിൻസും ഉൾപ്പെട്ട ടീമിനെ നയിക്കുന്നത് വലിയ അംഗീകാരമെന്ന് ശ്രേയസ് അയ്യർ


മുംബൈ: ഐപിഎല്‍ പ‍തിനഞ്ചാം സീസണിലെ (IPL 2022) വെല്ലുവിളി ഏറ്റെടുക്കാൻ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ്  (Kolkata Knight Riders) തയ്യാറായിക്കഴിഞ്ഞുവെന്ന് ക്യാപ്റ്റൻ ശ്രേയസ് അയ്യർ (Shreyas Iyer). കെകെആറില്‍ (KKR) ഏത് പൊസിഷനിൽ ബാറ്റ് ചെയ്യണമെന്ന് കളിയുടെ സാഹചര്യത്തിന് അനുസരിച്ച് തീരുമാനിക്കുമെന്നും ശ്രേയസ് അയ്യർ പറഞ്ഞു.

ഐപിഎൽ താരലലേലത്തിൽ പന്ത്രണ്ടേകാൽ കോടി രൂപയ്ക്ക് ശ്രേയസ് അയ്യരെ സ്വന്തമാക്കിയപ്പോൾ തന്നെ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിന്‍റെ നായകൻ ആരായിരിക്കുമെന്ന് വ്യക്തമായിരുന്നു. ഇന്ത്യന്‍ വെറ്ററന്‍ അജിന്‍ക്യ രഹാനെയും ഓസ്ട്രേലിയൻ ടെസ്റ്റ് നായകൻ പാറ്റ് കമ്മിൻസും ഉൾപ്പെട്ട ടീമിനെ നയിക്കുന്നത് വലിയ അംഗീകാരമെന്ന് ശ്രേയസ് അയ്യർ പറയുന്നു. സീസണിൽ കെകെആറിന്‍റെ സമീപനത്തെക്കുറിച്ച് ക്യാപ്റ്റന് തെല്ലും സംശയമില്ല. മൂന്നാം നമ്പറിൽ ബാറ്റ് ചെയ്യാനാണ് ആഗ്രഹമെങ്കിലും കളിയുടെ സഹചര്യത്തിന് അനുസരിച്ചായിരിക്കും തീരുമാനം എന്ന് ശ്രേയസ് വ്യക്തമാക്കി.

Latest Videos

undefined

ഇതേസമയം ഐപിഎൽ ഇന്ത്യയിലേക്ക് തിരിച്ചെത്തുന്നതോടെ സമ്മർദം കൂടുമെന്നാണ് കെകെആർ കോച്ച് ബ്രണ്ടൻ മക്കല്ലത്തിന്‍റെ വിലയിരുത്തൽ. ഐപിഎല്‍ ഇന്ത്യയിലേക്ക് തിരിച്ചെത്തുന്നത് മാത്രമല്ല, കാണികള്‍ സ്റ്റേഡിയത്തിലേക്ക് മടങ്ങിയെത്തുന്നതും ഇത്തവണത്തെ സവിശേഷതയാണ്. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് 25 ശതമാനം കാണികള്‍ക്കാണ് മുംബൈയിലെയും പുനെയിലേയും സ്റ്റേഡിയങ്ങളില്‍ പ്രവേശനം. 

പുതിയ നായകൻ ശ്രേയസ് അയ്യർക്ക് കീഴിലെത്തുന്ന കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിന് സീസണിലെ തുടക്കം പ്രതിസന്ധിയാണ്. ഓസീസ് താരങ്ങളായ ആരോൺ ഫിഞ്ചിനും പാറ്റ് കമ്മിൻസിനും ആദ്യ നാല് മത്സരങ്ങളിൽ കളിക്കാനാകില്ല. പാകിസ്ഥാനുമായുള്ള ഓസ്ട്രേലിയയുടെ പരമ്പര തീരുന്ന ഏപ്രിൽ 5 വരെയാണ് ക്രിക്കറ്റ് ഓസ്ട്രേലിയ താരങ്ങളെ ഐപിഎല്ലില്‍ കളിക്കുന്നതില്‍ നിന്ന് വിലക്കിയിരിക്കുന്നത്. 

ഐപിഎൽ പതിനഞ്ചാം സീസണിന് നാളെയാണ് മുംബൈയിൽ തുടക്കമാവും. നിലവിലെ ചാമ്പ്യൻമാരായ ചെന്നൈ സൂപ്പർ കിംഗ്‌സിനെ ഉദ്ഘാടന മത്സരത്തിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് നേരിടും. വാംഖഡേ സ്റ്റേഡിയത്തിൽ വൈകിട്ട് ഏഴരയ്ക്കാണ് കളി തുടങ്ങുക. കഴിഞ്ഞ സീസണിലെ ഫൈനലിന്‍റെ ആവർത്തനമാണ് ഇത്തവണത്തെ ആദ്യ മത്സരം. ഗുജറാത്ത് ടൈറ്റൻസും ലഖ്‌നൗ സൂപ്പർ ജയന്‍റ്‌സും വന്നതോടെ ഈ സീസൺ മുതൽ ഐപിഎല്ലിൽ പത്ത് ടീമുകളാണ് മത്സരിക്കുന്നത്. 

IPL 2022 : വിദേശ താരങ്ങള്‍ എത്താന്‍ വൈകും, ഐപിഎല്ലില്‍ ഈ ടീമുകള്‍ക്ക് കനത്ത തിരിച്ചടി

click me!