IPL 2022: മെഗാ താരലേലത്തിന് മുമ്പ് ടീം ലോഗോ പുറത്തുവിട്ട് ലഖ്നൗ

By Web Team  |  First Published Jan 31, 2022, 6:09 PM IST

 മെഗാ താരലേലത്തിന് മുന്നോടിയായി മൂന്ന് കളിക്കാരെ പൂളില്‍ നിന്ന് തെരഞ്ഞെടുക്കാനുള്ള സൗകര്യമുപയോഗിച്ച് കെ എല്‍ രാഹുല്‍, മാര്‍ക്കസ് സ്റ്റോയിനിസ്, രവി ബിഷ്ണോയ് എന്നിവരെ ലഖ്നൗ ടീം സ്വന്തമാക്കിയിരുന്നു.


ലഖ്നൗ: അടുത്തമാസം നടക്കുന്ന ഐപിഎല്‍ മെഗാ താരലേലത്തിന് മുമ്പ് ടീം ലോഗോ പുറത്തുവിട്ട് ലഖ്നൗ ടീം. ലഖ്നൗ സൂപ്പര്‍ ജയന്‍റ്സ് എന്നാണ് ടീമിന്‍റെ പേര്. ഗരുഡന്‍റെ രൂപസാദൃശ്യമുള്ള ടീം ലോഗോ ഇന്ത്യന്‍ പുരാണങ്ങളില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് രൂപകല്‍പന ചെയ്തതെന്ന് ടീം വക്താവ് പറഞ്ഞു. അടുത്ത മാസം 12, 13 തീയതികളില്‍ ബെംഗലൂരുവിലാണ് മെഗാ താരലേലം.

കരുത്തോടെ അതിവേഗം ഉയരത്തില്‍ പറക്കുന്ന, അതുപോലെ സംരക്ഷകനാകുന്ന ഗരുഡനെ പുരണങ്ങളില്‍ നമുക്ക് കാണാം. ചിറക് വിരിച്ചു പറക്കുന്ന ഗരുഡന്‍റെ ചിത്രത്തിന് നടുവിലായി ക്രിക്കറ്റ് ബാറ്റും ചുവന്ന ബോളും ഉള്ളതാണ് ഐപിഎല്ലിലെ പുതിയ ടീമായ ലഖ്നോ പുറത്തുവിട്ട ലോഗോ. ലോഗോയിലെ ത്രിവര്‍ണനിറം ടീമിനെ ഇന്ത്യ മുഴുവന്‍ സ്വീകാര്യത നല്‍കുമെന്നും ലോഗോക്ക് നടുവിലുള്ള ചുവന്ന പന്ത് വിജയതിലകം പോലെയാകുമെന്നും ടീം ഉടമകള്‍ ആത്മവിശ്വാസം പ്രകടിപ്പിച്ചു.

Latest Videos

undefined

ഉയര്‍ന്നു പറക്കുക എന്നതാണ് ഗരുഡന്‍റെ ചിത്രമുള്ള ലോഗോ കൊണ്ട് ഉദ്ദേശിക്കുന്നതെന്നും ടീം ഉടമകള്‍ വ്യക്തമാക്കി. മെഗാ താരലേലത്തിന് മുന്നോടിയായി മൂന്ന് കളിക്കാരെ പൂളില്‍ നിന്ന് തെരഞ്ഞെടുക്കാനുള്ള സൗകര്യമുപയോഗിച്ച് കെ എല്‍ രാഹുല്‍, മാര്‍ക്കസ് സ്റ്റോയിനിസ്, രവി ബിഷ്ണോയ് എന്നിവരെ ലഖ്നൗ ടീം സ്വന്തമാക്കിയിരുന്നു.

Soaring towards greatness. 💪🏼

Lucknow Super Giants is all set to stretch its wings. 🔥
Prepare for greatness! 👊🏼 pic.twitter.com/kqmkyZX6Yi

— Lucknow Super Giants (@LucknowIPL)

രാഹുലിനെ 17 കോടിക്കും സ്റ്റോയ്നിസിനെ 9.2 കോടിക്കും രവി ബിഷ്ണോയിയെ നാലു കോടിക്കുമാണ് ലഖ്നൗ സ്വന്തമാക്കിയത്. കെ എല്‍ രാഹുലിനെ ടീമിന്‍റെ നായകനായും തെരഞ്ഞെടുത്തിട്ടുണ്ട്. ആന്‍ഡി ഫ്ലവറാണ് ടീമിന്‍റെ പരിശീലകന്‍. മുന്‍ ഇന്ത്യന്‍ താരം ഗൗതം ഗംഭീറാണ് ടീമിന്‍റെ മെന്‍റര്‍.

പുതിയ രണ്ട് ഐപിഎല്‍ ടീമുകള്‍ക്കായുള്ള ലേലത്തില്‍ സഞ്ജീവ് ഗോയങ്കയുടെ ഉടമസ്ഥതയിലുള്ള ആര്‍പിഎസ്‌ജി(RPSG) ഗ്രൂപ്പ് 7090 കോടി രൂപ മുടക്കിയാണ് ലഖ്നൗ ടീമിനെ സ്വന്തമാക്കിയത്. ലഖ്നൗവിന് പുറമെ 5624 കോടി രൂപക്ക് അഹമ്മദാബാദ് ആസ്ഥാനമായി ടീമിനെ സിവിസി ക്യാപിറ്റലും(CVC Capital) സ്വന്തമാക്കിയിട്ടുണ്ട്.

click me!