ഡല്‍ഹി ക്യാപിറ്റല്‍സിനെതിരെ മൂന്ന് പന്ത് മാത്രം നേരിട്ട താരം ഒരു ഫോറും സിക്‌സറും സഹിതം പുറത്താകാതെ 10 റണ്‍സെടുത്തിരുന്നു
മുംബൈ: ഐപിഎല്‍ പതിനഞ്ചാം സീസണിലെ (IPL 2022) കണ്ടെത്തലുകളിലൊന്നായി മാറുമെന്ന് വിലയിരുത്തപ്പെടുന്ന താരമാണ് ലഖ്‌നൗ സൂപ്പര്‍ ജയന്‍റ്‌സിന്‍റെ (Lucknow Super Giants) ആയുഷ് ബദോനി (Ayush Badoni). അവസാന മത്സരത്തില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനെതിരെയും (Delhi Capitals) മത്സരം ഫിനിഷ് ചെയ്‌ത് യുവതാരമായ ബദോനി കഴിവ് തെളിയിച്ചു. ഇതിന് പിന്നാലെ 24കാരനായ താരത്തെ പ്രശംസിച്ച് ലഖ്‌നൗ ക്യാപ്റ്റന്‍ കെ എല്‍ രാഹുല്‍ രംഗത്തെത്തി.
'ബാറ്റ് ചെയ്യാനിറങ്ങുമ്പോള്‍ എപ്പോഴും പേടി മാറ്റിവച്ച് സമ്മര്‍ദത്തിനിടയിലും ഞങ്ങള്‍ക്കായി മികച്ച പ്രകടനം ആയുഷ് ബദോനി പുറത്തെടുത്തിട്ടുണ്ട്. അദേഹത്തിന് മികച്ച പഠനമാണിത്. ബദോനി കഠിന പ്രയത്‌നവും ശാന്തനായി സാഹചര്യങ്ങളെ നേരിടുന്നതും തുടരേണ്ടതാണ്' എന്നും കെ എല്‍ രാഹുല്‍ പറഞ്ഞു.
undefined
ഡല്‍ഹി ക്യാപിറ്റല്‍സിനെതിരെ മൂന്ന് പന്ത് മാത്രം നേരിട്ട താരം ഒരു ഫോറും സിക്‌സറും സഹിതം പുറത്താകാതെ 10 റണ്‍സെടുത്തു. കഴിഞ്ഞ മത്സരങ്ങളിലും മികച്ച പ്രകടനമാണ് ബദോനി പുറത്തെടുത്തത്. അരങ്ങേറ്റ മത്സരത്തില്‍ ഗുജറാത്ത് ടൈറ്റന്‍സിനെതിരെ 41 പന്തില്‍ 54 റണ്‍സെടുത്ത ബദോനി ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെതിരെ 9 പന്തില്‍ പുറത്താകാതെ 19 റണ്‍സും സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരെ 12 ബോളില്‍ 19 റണ്‍സും നേടി.
ഇന്നലെ ഡല്‍ഹി കാപ്റ്റില്‍സിനെതിരെ ജയിക്കാന്‍ അവസാന ഓവറില്‍ അഞ്ച് റണ്‍സ് വേണ്ടപ്പോള്‍ ഒരു ഫോറും സിക്‌സും നേടി അനായാസം ലക്ഷ്യം നിറവേറ്റുകയായിരുന്നു. അതും ഷാര്‍ദുല്‍ ഠാക്കൂറിനെതിരെ നേരിട്ട രണ്ടാം പന്ത് അതിര്‍ത്തി കടത്തി. മൂന്നാം പന്തില്‍ സിക്‌സും. ഇന്ത്യയുടെ അണ്ടര്‍ 19 താരമായിരുന്ന ബദോനിയെ മെഗാതാരലേലത്തിലൂടെയാണ് ലഖ്‌നൗ സ്വന്തമാക്കിയത്. അരങ്ങേറ്റ മത്സരത്തില്‍ അര്‍ധസെഞ്ചുറി നേടിയ ബദോനി പിന്നീടും മികച്ച പ്രകടനം പുറത്തെടുക്കുകയായിരുന്നു.