നേരിട്ട ആറാം പന്തില്‍ ഹസരങ്കയെ സിക്‌സര്‍ പറത്തി തുടങ്ങിയ സഞ്ജു ഒരു പന്തിന്‍റെ ഇടവേളയില്‍ റിട്ടേണ്‍ ക്യാച്ചില്‍ മടങ്ങി
മുംബൈ: ഐപിഎല്ലില്‍ (IPL 2022) തുടര്‍ച്ചയായ മൂന്നാം ജയം തേടിയിറങ്ങിയ രാജസ്ഥാന്‍ റോയല്‍സിന് (Rajasthan Royals) റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെതിരെ (Royal Challengers Bangalore) മികച്ച സ്‌കോര്‍. ജോസ് ബട്‌ലറും (Jos Buttler) ഷിമ്രോന്‍ ഹെറ്റ്‌മെയറും (Shimron Hetmyer) ഇന്നിംഗ്‌സിലെ അവസാന പന്ത് വരെ ആവേശത്തോടെ ബാറ്റ് പിടിച്ചപ്പോള്‍ രാജസ്ഥാന്‍ തുടക്കത്തിലെ തിരിച്ചടിക്ക് ശേഷം 20 ഓവറില്‍ മൂന്ന് വിക്കറ്റിന് 169 റണ്‍സെടുത്തു.
പതര്‍ച്ചയോടെയാണ് രാജസ്ഥാന്‍ റോയല്‍സ് ബാറ്റിംഗ് തുടങ്ങിയത്. ഡേവിഡ് വില്ലി എറിഞ്ഞ രണ്ടാം ഓവറില്‍ തന്നെ ഓപ്പണര്‍ യശസ്വീ ജയ്സ്വാള്‍ കൂടാരം കയറി. ആറ് പന്തില്‍ നാല് റണ്‍സെടുത്ത ജയ്‌സ്വാളിനെ വില്ലി രണ്ടാം ഓവറിലെ അഞ്ചാം പന്തില്‍ ബൗള്‍ഡാക്കുകയായിരുന്നു. ജോസ് ബട്‌ലറും ദേവ്‌ദത്ത് പടിക്കലും 35-1 എന്ന സ്‌കോറില്‍ പവര്‍പ്ലേ വരെ സുരക്ഷിതമായി രാജസ്ഥാന്‍ ബാറ്റിംഗ് നയിച്ചു. ഇതിന് ശേഷം ബട്‌ലര്‍ കരുത്താര്‍ജിച്ചതോടെ രാജസ്ഥാന്‍ തിരിച്ചുവന്നു.
undefined
എങ്കിലും 29 പന്തില്‍ രണ്ട് വീതം ഫോറും സിക്‌സറും സഹിതം 37 റണ്‍സെടുത്ത പടിക്കലിനെ 10-ാം ഓവറിലെ അവസാന പന്തില്‍ ഹര്‍ഷല്‍ പട്ടേല്‍, കോലിയുടെ കൈകളിലെത്തിച്ചു. 70 റണ്‍സാണ് ഇരുവരും സ്‌കോര്‍ ബോര്‍ഡില്‍ ചേര്‍ത്തത്. 10 ഓവറില്‍ രാജസ്ഥാന്‍ 76-2. വെടിക്കെട്ട് ബാറ്റിംഗിന് പേരുകേട്ട ബട്‌ലര്‍-സഞ്ജു കൂട്ടുകെട്ടിലായി രാജസ്ഥാന്‍റെ പ്രതീക്ഷകള്‍. എന്നാല്‍ നേരിട്ട ആറാം പന്തില്‍ ഹസരങ്കയെ സിക്‌സര്‍ പറത്തി തുടങ്ങിയ സഞ്ജു ഒരു പന്തിന്‍റെ ഇടവേളയില്‍ റിട്ടേണ്‍ ക്യാച്ചില്‍ മടങ്ങി. എട്ട് പന്തില്‍ അത്രതന്നെ റണ്‍സേ സഞ്ജു നേടിയുള്ളൂ.
ജോസ് ബട്‌ലറും ഷിമ്രോന്‍ ഹെറ്റ്‌മെയറും ക്രീസില്‍ നില്‍ക്കേ 15-ാം ഓവറിലാണ് രാജസ്ഥാന്‍ 100 കടക്കുന്നത്. ഓവര്‍ പൂര്‍ത്തിയാകുമ്പോള്‍ രാജസ്ഥാന്‍ സ്‌കോര്‍ 103-3. ബട്‌ലര്‍ക്ക് 33 പന്തില്‍ 37 ഉം ഹെറ്റ്മെയര്‍ക്ക് 14 പന്തില്‍ 11 ഉം റണ്‍സ് മാത്രമായിരുന്നു ഈ സമയമുണ്ടായിരുന്നത്. എങ്കിലും അവസാന രണ്ട് ഓവറുകള്‍ ബട്‌ലര്‍ ആളിക്കത്തിയപ്പോള്‍ രാജസ്ഥാന്‍ മികച്ച സ്‌കോറിലെത്തി. അവസാന രണ്ട് ഓവറില്‍ 42 റണ്‍സ് പിറന്നു. ഓപ്പണറായി ഇറങ്ങിയിട്ടും 19-ാം ഓവറിലാണ് ബട്‌ലര്‍ ഫിഫ്റ്റി തികച്ചത്. ബട്‌ലര്‍ 47 പന്തില്‍ 70 ഉം ഹെറ്റ്‌മെയര്‍ 31 പന്തില്‍ 42 ഉം റണ്‍സുമായി പുറത്താകാതെ നിന്നു.