IPL 2022 : വരവറിയിച്ച് ആയുഷ് ബദോനി; അര്‍ധസെഞ്ചുറി ഇടംപിടിച്ചത് റെക്കോര്‍ഡ് ബുക്കില്‍

By Jomit Jose  |  First Published Mar 29, 2022, 9:57 AM IST

ശ്രീവത്സ് ഗോസ്വാമി, ദേവ്ദത്ത് പടിക്കൽ എന്നിവരാണ് ഇതിന് മുന്‍പ് ഐപിഎല്‍ അരങ്ങേറ്റത്തിൽ അര്‍ധസെഞ്ച്വറി നേടിയവര്‍


മുംബൈ: ഐപിഎല്‍ (IPL) അരങ്ങേറ്റത്തിൽ അര്‍ധസെഞ്ചുറി നേടുന്ന മൂന്നാമത്തെ താരമായി ലഖ്‌നൗ സൂപ്പര്‍ ജയന്‍റ്‌സിന്‍റെ (Lucknow Super Giants) ആയുഷ് ബദോനി (Ayush Badoni). പതിനഞ്ചാം സീസണില്‍ (IPL 2022) ടീമിന്‍റെ ആദ്യ മത്സരത്തില്‍ ഗുജറാത്തിനെതിരെ (Gujarat Titans) 41 പന്തില്‍ 54 റൺസാണ് ബദോനി നേടിയത്. ദില്ലി സ്വദേശിയായ ഇരുപത്തിരണ്ടുകാരന്‍ ആദ്യത്തെ 22 പന്തിൽ 13 റൺസ് മാത്രമായിരുന്നു സ്വന്തമാക്കിയത്. പിന്നീട് റാഷിദ് ഖാനെയും (Rashid Khan), ലോക്കി ഫെര്‍ഗ്യൂസനെയും (Lockie Ferguson) അടക്കം സിക്സര്‍ പറത്തി 50 കടക്കുകയായിരുന്നു. 

ശ്രീവത്സ് ഗോസ്വാമി, ദേവ്ദത്ത് പടിക്കൽ എന്നിവരാണ് ഇതിന് മുന്‍പ് ഐപിഎല്‍ അരങ്ങേറ്റത്തിൽ അര്‍ധസെഞ്ച്വറി നേടിയവര്‍. 2018ലെ അണ്ടര്‍ 19 ഏഷ്യ കപ്പില്‍ തിളങ്ങിയ ആയുഷിന് ലോകകപ്പ് ടീമിൽ എത്താന്‍ കഴിഞ്ഞിരുന്നില്ല. താരലേലത്തിൽ അടിസ്ഥാന വിലയായ 20 ലക്ഷം രൂപയ്ക്കാണ് ബദോനിയെ ലഖ്‌നൗ സ്വന്തമാക്കിയത്. സമ്മര്‍ദ്ദം കാരണം മത്സരത്തലേന്ന് രാത്രി ഉറങ്ങാന്‍ കഴിഞ്ഞില്ലെന്ന് ബദോനി പറഞ്ഞു. 

Latest Videos

undefined

ഐപിഎല്ലില്‍ ഇന്നലെ നടന്ന അരങ്ങേറ്റക്കാരുടെ പോരാട്ടത്തിൽ ഗുജറാത്ത് ടൈറ്റൻസ് വിജയിച്ചു. ലഖ്‌നൗ സൂപ്പർ ജയന്‍റ്‌സിനെ അഞ്ച് വിക്കറ്റിന് തോൽപിച്ചു. സൂപ്പർ ജയന്റ്സിന്‍റെ 158 റൺസ് രണ്ട് പന്ത് ശേഷിക്കേയാണ് ടൈറ്റൻസ് മറികടന്നത്. 24 പന്തില്‍ 40 റണ്‍സെടുത്ത് പുറത്താകാതെ നിന്ന രാഹുല്‍ തിവാട്ടിയയുടെയും ഏഴ് പന്തില്‍ 15 റണ്‍സുമായി പുറത്താകാതെ നിന്ന അഭിനവ് മനോഹറിന്‍റെയും പോരാട്ടമാണ് ഒരുഘട്ടത്തില്‍ കൈവിട്ടുവെന്ന് കരുതിയ കളി ഗുജറാത്തിന് അനുകൂലമാക്കിയത്. സ്കോര്‍ ലഖ്നൗ സൂപ്പര്‍ ജയന്‍റ്സ് 20 ഓവറില്‍ 158-6, ഗുജറാത്ത് ടൈറ്റന്‍സ് 19.4 ഓവറില്‍ 161-5.

ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത ലഖ്‌നൗ സൂപ്പര്‍ ജയന്‍റ്സ് തുടക്കത്തിലെ തകര്‍ച്ചക്കുശേഷം ദീപക് ഹൂഡയുടെയും ആയുഷ് ബദോനിയുടെയും ബാറ്റിംഗ് മികവിലാണ് 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 158 റണ്‍സെടുത്തത്.  41 പന്തില്‍ 55 റണ്‍സെടുത്ത ഹൂഡയാണ് ലഖ്‌നൗവിന്‍റെ ടോപ് സ്കോറര്‍. യുവതാരം ആയുഷ് ബദോനി 41 പന്തില്‍ 54 റണ്‍സെടുത്തു. പവര്‍ പ്ലേയില്‍ തന്നെ മൂന്ന് വിക്കറ്റുമായി ലഖ്‌നൗവിന്‍റെ മുന്‍നിര തകര്‍ത്ത മുഹമ്മദ് ഷമിയാണ് ഗുജറാത്തിനായി ബൗളിംഗില്‍ തിളങ്ങിയത്. പവര്‍ പ്ലേയില്‍ മൂന്നോവറില്‍ പത്ത് റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റെടുത്ത ഷമി നാലോവറില്‍ 25 റണ്‍സിന് മൂന്ന് വിക്കറ്റെടുത്തപ്പോള്‍ വരുണ്‍ ആരോണ്‍ 45 റണ്‍സിന് രണ്ട് വിക്കറ്റ് വീഴ്ത്തി.

 

click me!