IPL 2022 : കൊവിഡ് ഭീതിക്കിടെ ഡല്‍ഹി ക്യാപിറ്റല്‍സ് മൈതാനത്തേക്ക്; എതിരാളികള്‍ ആര്‍സിബി

By Web Team  |  First Published Apr 16, 2022, 11:25 AM IST

ക്വാറന്‍റീൻ പൂർത്തിയാക്കി ഹർഷൽ പട്ടേൽ തിരിച്ചെത്തിയാൽ കഴിഞ്ഞ മത്സരത്തിൽ തിളങ്ങിയ സുയാഷ് പ്രഭുദേശായ് പുറത്തിരിക്കും


മുംബൈ: ഐപിഎല്ലില്‍ (IPL 2022) ഇന്നത്തെ രണ്ടാമത്തെ മത്സരത്തിൽ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ (Royal Challengers Bangalore), ഡൽഹി ക്യാപിറ്റല്‍സിനെ (Delhi Capitals) നേരിടും. വൈകീട്ട് ഏഴരയ്ക്ക് മുംബൈ വാങ്കഡെ സ്റ്റേഡിയത്തിലാണ് (Wankhede Stadium Mumbai) മത്സരം. ആദ്യകിരീടം സ്വപ്‌നം കണ്ടിറങ്ങുന്ന രണ്ട് ടീമുകൾ മുഖാമുഖം വരുന്ന മത്സരമാണിത്. ഫിസിയോ പാട്രിക്ക് ഫർഹാര്‍ടിന് (Patrick Farhart) കൊവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെയാണ് ഡല്‍ഹി ക്യാപിറ്റല്‍സ് മൈതാനത്തെത്തുന്നത്. 

ചെന്നൈയോട് തോറ്റാണ് ബാംഗ്ലൂർ വരുന്നത്. ബൗളിംഗിലാണ് പ്രധാന ആശങ്ക. അവസാന മത്സരത്തിൽ വഴങ്ങിയത് സീസണിലെ ഏറ്റവുമുയർന്ന സ്കോർ. ക്വാറന്‍റീൻ പൂർത്തിയാക്കി ഹർഷൽ പട്ടേൽ തിരിച്ചെത്തിയാൽ കഴിഞ്ഞ മത്സരത്തിൽ തിളങ്ങിയ സുയാഷ് പ്രഭുദേശായ് പുറത്തിരിക്കും. ജോഷ് ഹേസൽവുഡ്, മുഹമ്മദ് സിറാജ്, വനിന്ദു ഹസരങ്ക, ഗ്ലെന്‍ മാക്സ്‍വെൽ, ഷഹബാസ് അഹമ്മദ് എന്നിങ്ങനെ ആറോ ഏഴോ പേരെ പന്തേൽപ്പിക്കാനാകും ഡുപ്ലസിക്ക്. എന്നാൽ റണ്ണൊഴുക്ക് തടയാനാകാത്തത് തിരിച്ചടിയാവുന്നു. ബാറ്റിംഗിൽ കാര്യമായ ആശങ്കയില്ല. തുടക്കം നന്നായാൽ മികച്ച സ്കോറിലെത്തിക്കാൻ കരുത്തുള്ള മധ്യനിരയുണ്ട് ബാംഗ്ലൂരിന്.

Latest Videos

undefined

കൊൽക്കത്തയെ തകർത്താണ് ഡൽഹിയെത്തുന്നത്. പൃഥ്വി ഷാ-ഡേവിഡ് വാർണർ ഓപ്പണിംഗ് സഖ്യം ഏത് ബൗളിംഗ് നിരയ്ക്കും വെല്ലുവിളിയാവും. നായകൻ റിഷഭ് പന്തും മികച്ച ഫോമിൽ. മത്സരം സ്വന്തമാക്കാൻ ശേഷിയുള്ള ഓൾറൗണ്ടർമാരുടെ ഒരു നിരയും ഡല്‍ഹിയിലുണ്ട്. ബൗളിംഗിൽ ആശങ്കയില്ല. കഴിഞ്ഞ മത്സരത്തിൽ പുറത്തിരുന്ന ആൻറിച് നോർക്കിയയെയും പരിഗണിച്ചേക്കും. അഞ്ചില്‍ 4 മത്സരങ്ങളും ചേസ് ചെയ്ത ടീമാണ് വാങ്കഡേയിൽ ജയിച്ചത് എന്നതിനാൽ ടോസും നിർണായകം.

ഇന്നത്തെ ആദ്യ മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സ്, ലഖ്‌നൗ സൂപ്പര്‍ ജയന്‍റ്‌സിനെ നേരിടും. വൈകീട്ട് 3.30ന് മുംബൈ ബ്രാബോൺ സ്റ്റേഡിയത്തിലാണ് മത്സരം. സീസണിലെ ആദ്യ ജയം തേടിയാണ് മുംബൈ ഇറങ്ങുന്നത്. നായകന്‍ രോഹിത് ശര്‍മ്മ ഉള്‍പ്പടെയുള്ള സൂപ്പര്‍താരങ്ങള്‍ വിസ്‌മയ പ്രകടനം പുറത്തെടുക്കാതെ ജയിക്കാനാവില്ല എന്ന അവസ്ഥയാണ് മുംബൈ ഇന്ത്യന്‍സിന്. തോറ്റുതുടങ്ങുക ശീലമെങ്കിലും ഇത്ര ദയനീയ പ്രകടനം മുംബൈ ഇന്ത്യന്‍സ് ആരാധകര്‍ ഒരിക്കലും പ്രതീക്ഷിച്ചിരുന്നതല്ല. 

IPL 2022 : ഐപിഎല്ലില്‍ കൊവിഡ്; ഡല്‍ഹി ക്യാപിറ്റല്‍സ് ടീം കനത്ത ജാഗ്രതയില്‍

click me!