27 പന്തില്‍ 41 റണ്‍സെടുത്ത ഷഹാബാസ് അഹമ്മദാണ് ബാംഗ്ലൂരിന്‍റെ ടോപ് സ്കോറര്‍. ചെന്നൈക്കായി മഹീഷ് തീക്ഷണ നാലും ക്യാപ്റ്റന്‍ രവീന്ദ്ര ജഡേജ മൂന്നും വിക്കറ്റെടുത്തു.
മുംബൈ: ഐപിഎല്ലില്‍ (IPL 2022) തുടര്‍ച്ചയായ നാലു തോല്‍വിക്കൊടുവില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സിന് വമ്പന്‍ ജയം. റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെ 23 റണ്‍സിന് കീഴടക്കി ചെന്നൈ ഐപിഎല്‍ പതിനഞ്ചാം സീസണിലെ ആദ്യ ജയം സ്വന്തമാക്കി. ശിവം ദുബെയുടെയും റോബിന്‍ ഉത്തപ്പയുടെയും വെടിക്കെട്ട് അര്‍ധസെഞ്ചുറികളുടെ മികവില്‍ 20 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 216 റണ്‍സെടുത്ത ചെന്നൈക്ക് മറുപടിയായി ബാംഗ്ലൂരിന് 20 ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 193 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളു.
27 പന്തില്‍ 41 റണ്‍സെടുത്ത ഷഹാബാസ് അഹമ്മദാണ് ബാംഗ്ലൂരിന്‍റെ ടോപ് സ്കോറര്‍. ചെന്നൈക്കായി മഹീഷ് തീക്ഷണ നാലും ക്യാപ്റ്റന്‍ രവീന്ദ്ര ജഡേജ മൂന്നും വിക്കറ്റെടുത്തു. സ്കോര്‍ ചെന്നൈ 20 ഓവറില്‍ 216-4, ബാംഗ്ലൂര്‍ 20 ഓവറില്‍ 193-9.
undefined
തുടക്കം മുതല്‍ അടിതെറ്റി ബാംഗ്ലൂര്‍
ചെന്നൈയുടെ വമ്പന്‍ സ്കോര്‍ മറികടക്കാന്‍ മികച്ച തുടക്കം അനിവാര്യമായ ബാംഗ്ലൂരിന് മൂന്നാം ഓവറില്‍ ആദ്യ വിക്കറ്റ് നഷ്ടമായി. ഒമ്പത് പന്തില്‍ എട്ട് റണ്‍സെടുത്ത ക്യാപ്റ്റന്‍ ഡൂപ്ലെസിയെ തീക്ഷണയുടെ പന്തില്‍ ക്രിസ് ജോര്‍ദാന്‍ പിടികൂടി. മുകേഷ് ചൗധരി എറിഞ്ഞ അഞ്ചാം ഓവറില്‍ ബാംഗ്ലൂര്‍ വീണ്ടും ഞെട്ടി. വിരാട് കോലിയെ(1) മുകേഷ് ചൗധരി ശിവം ദുബെയുടെ കൈകളിലെത്തിച്ചു. തുടക്കത്തിലെ രണ്ട് വിക്കറ്റ് നഷ്ടമായതോടെ പവര്‍ പ്ലേയില്‍ കരുത്തുകാട്ടാന്‍ ബാംഗ്ലൂരിനായില്ല.
പവര്‍ പ്ലേയിലെ അവസാന ഓവറില്‍ രണ്ട് സിക്സ് അടിച്ച് മാക്സ്‌വെല്‍ വെടിക്കെട്ടിന് തിരികൊളുത്തിയെങ്കിലും അതേ ഓവറില്‍ അനുജ് റാവത്തിന് വിക്കറ്റിന് മുന്നില്‍ കുടുക്കി തീക്ഷണ മൂന്നാം വിക്കറ്റുമെടുത്തതോടെ പവര്‍ പ്ലേയില്‍ ബാംഗ്ലൂര്‍ 42 റണ്‍സിലൊതുങ്ങി. പിന്നാലെ പ്രതീക്ഷയായ മാക്സ്‌വെല്ലിനെ(11 പന്തില്‍ 26) ജഡേജ ക്ലീന്‍ ബൗള്‍ഡാക്കി.
ഷഹബാസ് അഹമ്മദും സായുഷ് പ്രഭുദേശായിയും ചേര്‍ന്ന് ബാംഗ്സൂര്‍ സ്കോര്‍ 100 കടത്തിയെങ്കിലും ചെന്നൈയുടെ വമ്പന്‍ സ്കോര്‍ മറികടക്കാനുള്ള വേഗമില്ലായിരുന്നു. പതിമൂന്നാം ഓവറില്‍ പ്രഭുദേശായിയെ(18 പന്തില്‍ 34) വീഴ്ത്തി തീക്ഷണ ബാംഗ്ലൂരിന്‍റെ നടുവൊടിച്ചു.
ഇന്നിംഗ്സിനൊടുവില്‍ ദിനേശ് കാര്‍ത്തിക്കിന്‍റെ മിന്നലടികള്‍(14 പന്തില്‍ 34) ബാംഗ്ലൂരിന്‍റെ തോല്‍വിഭാരം കുറച്ചു. ചെന്നൈക്കായി തീക്ഷണ നാലോവറില്‍ 33 റണ്‍സിന് നാലു വിക്കറ്റെടുത്തപ്പോള്‍ ജഡേജ നാലോവറില്‍ 39 റണ്‍സിന് മൂന്ന് വിക്കറ്റെടുത്തു.
നേരത്തെ ടോസ് നഷ്ടമായി ക്രീസിലിറങ്ങിയ ചെന്നൈ 20 ഓവറില്‍ നാലു വിക്കറ്റ് നഷ്ടത്തിലാണ് 216 റണ്‍സെടുത്തത്. 46 പന്തില്‍ 95 റണ്‍സെടുത്ത് പുറത്താകാതെ നിന്ന ശിവം ദുബെ ആണ് ചെന്നൈയുടെ ടോപ് സ്കോറര്‍. റോബിന്‍ ഉത്തപ്പ 50 പന്തില്‍ 88 റണ്‍സടിച്ചു. നാലാം വിക്കറ്റില്‍ ഉത്തപ്പ-ദുബെ സഖ്യം 155 റണ്‍സടിച്ചതാണ് ചെന്നൈയ്ക്ക് വമ്പന്‍ സ്കോര്‍ സമ്മാനിച്ചത്.