സഞ്ജുവിനും സൂര്യക്കും നിരാശ; നിതീഷ്-റിങ്കു വെടിക്കെട്ടില്‍ ബംഗ്ലാദേശിനെതിരെ ഇന്ത്യക്ക് കൂറ്റന്‍ സ്കോര്‍

By Asianet MalayalamFirst Published Oct 9, 2024, 8:51 PM IST
Highlights

പവര്‍ പ്ലേയില്‍ തകര്‍ന്നടിഞ്ഞെങ്കിലും മധ്യ ഓവറുകളില്‍ തകര്‍ത്തടിച്ച് ഇന്ത്യ.

ദില്ലി: ഇന്ത്യക്കെതിരായ രണ്ടാം ടി20 മത്സരത്തില്‍ ബംഗ്ലാദേശിന് 222 റണ്‍സ് വിജയലക്ഷ്യം. ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത ഇന്ത്യയുടെ മുന്‍നിര തകര്‍ന്നടിഞ്ഞെങ്കിലും വെടിക്കെട്ട് അര്‍ധസെഞ്ചുറികളുമായി തകര്‍ത്തടിച്ച നിതീഷ് കുമാര്‍ റെഡ്ഡിയുടെയും റിങ്കു സിംഗിന്‍റെയും ബാറ്റിംഗ് മികവിൽ 20 ഓവറില്‍ 9 വിക്കറ്റ് നഷ്ടത്തില്‍ 221 റണ്‍സെടുത്തു. 34 പന്തില്‍ 74 റണ്‍സടിച്ച നിതീഷ് കുമാര്‍ റെഡ്ഡിയാണ് ഇന്ത്യയുടെ ടോപ് സ്കോറര്‍. റിങ്കു സിംഗ് 29 പന്തില്‍ 53 റണ്‍സെടുത്തപ്പോള്‍ ഹാര്‍ദ്ദിക് പാണ്ഡ്യ 19 പന്തില്‍ 32 റണ്‍സെടുത്തു.

തുടക്കത്തില്‍ തകര്‍ച്ച, പിന്നെ തകര്‍ത്തടിച്ചു

Latest Videos

ടോസ് നഷ്ടമായി ക്രീസിലിറങ്ങിയ ഇന്ത്യക്കായി സഞ്ജു സാംസണും അഭിഷേക് ശര്‍മയും ചേര്‍ന്ന് ആദ്യ ഓവറില്‍ തന്നെ 15 റണ്‍സടിച്ച് നല്ല തുടക്കമാണ് നല്‍കിയത്. എന്നാല്‍ ടസ്കില്‍ അഹമ്മദ് എറിഞ്ഞ രണ്ടാം ഓവറിലെ അവസാന പന്തില്‍  സഞ്ജു നജ്മുള്‍ ഹൊസൈന്‍ ഷാന്‍റോക്ക് ക്യാച്ച് നല്‍കി മടങ്ങിയതോടെ ഇന്ത്യ തകര്‍ന്നു തുടങ്ങി. ഏഴ് പന്തില്‍ രണ്ട് ബൗണ്ടറിയടക്കം 10 റണ്‍സാണ് സഞ്ജു നേടിയത്.  മൂന്നാം ഓവറിലെ അവസാന പന്തില്‍ മൂന്ന് ബൗണ്ടറിയടക്കം 11 പന്തില്‍ 15 റണ്‍സടിച്ച അഭിഷേക് ശര്‍മയെ തന്‍സിം ഹസന്‍ സാക്കിബ് ക്ലീന്‍ ബൗള്‍ഡാക്കി. പവര്‍ പ്ലേയിലെ അവസാന ഓവറില്‍ ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവും(10 പന്തില്‍ 8) മുസ്തഫിസുറിന് മുന്നില്‍ വീണതോടെ ഇന്ത്യ ആറോവറില്‍ 45-3 എന്ന നിലയില്‍ തകര്‍ച്ചയിലായി.

ആദ്യം മടങ്ങിയത് സഞ്ജു, പിന്നാലെ അഭിഷേകും സൂര്യകുമാറും, ബംഗ്ലാദേശിനെതിരെ പവര്‍ പ്ലേയില്‍ ഇന്ത്യക്ക് തകര്‍ച്ച

രക്ഷകരായി നിതീഷും റിങ്കുവും

നാലാം വിക്കറ്റില്‍ തകര്‍ത്തടിച്ച് 108 റണ്‍സിന്‍റെ കൂട്ടുകെട്ടുണ്ടാക്കിയ നിതീഷ് കുമാര്‍ റെഡ്ഡിയും റിങ്കു സിംഗുമാണ് പിന്നീട് ഇന്ത്യയെ കരകയറ്റിയത്. 27 പന്തില്‍ അര്‍ധസെഞ്ചുറി തികച്ച നിതീഷ് മെഹ്ദി ഹസന്‍ മിറാസ് എറിഞ്ഞ പതിമൂന്നാം ഓവറില്‍ 26 റണ്‍സടിച്ച് ഇന്ത്യയെ 150ന് അടുത്തെത്തിച്ചു. മറുവശത്ത് റിങ്കുവും മോശമാക്കിയില്ല. 34 പന്തില്‍ 74 റണ്‍സടിച്ച നിതീഷ് കുമാര്‍ റെഡ്ഡി നാലു ഫോറും ഏഴ് സിക്സും പറത്തി പതിനാാലം ഓവറില്‍ വീണു. നാലാം വിക്കറ്റില്‍ റിങ്കും-നിതീഷ് സഖ്യം  ഏഴോവറില്‍ 108 റണ്‍സടിച്ചു കൂട്ടി.

വനിതാ ടി20 ലോകകപ്പ്: ജീവന്‍മരണപ്പോരില്‍ ശ്രീലങ്കക്കെതിരെ ഇന്ത്യക്ക് ടോസ്; രണ്ട് മലയാളി താരങ്ങള്‍ ടീമില്‍

പിന്നാലെ തന്‍സിം ഹസനെതിരെ തുടര്‍ച്ചയായി ബൗണ്ടറികളും സിക്സും പറത്തി റിങ്കും 26 പന്തില്‍ റിങ്കു അര്‍ധ സെഞ്ചുറിയിലെത്തി. പതിനേഴാം ഓവറില്‍ റിങ്കു(53) വീണെങ്കിലും ഹാര്‍ദ്ദിക് പാണ്ഡ്യയും(19 പന്തില്‍ 32), റിയാന്‍ പരാഗും (6 പന്തില്‍ 15),അര്‍ഷ്ദീപ് സിംഗലും(2 പന്തില്‍ 6) തകര്‍ത്തടിച്ച് ഇന്ത്യയെ 221ല്‍ എത്തിച്ചു. റീഷാദ് ഹൊസൈന്‍ എറിഞ്ഞ അവസാന ഓവറില്‍ ഇന്ത്യക്ക് മൂന്ന് വികറ്റുകള്‍ നഷ്ടമായി.ബംഗ്ലാദേശിനായി റിഷാദ് ഹൊസൈന്‍ 55 റണ്‍സിന് മൂന്ന് വിക്കറ്റെടുത്തപ്പോള്‍ മുസ്തഫിസുര്‍ റഹ്മാനും തന്‍സിം ഹസന്‍ സാക്കിബും നാലോവറില്‍ 16 റണ്‍സിന് രണ്ട് വിക്കറ്റുമായി ടസ്കിന്‍ അഹമ്മദും തിളങ്ങി.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

click me!