കെ എല്‍ രാഹുലിനെ സ്പെഷലിസ്റ്റ് ബാറ്ററായി ടീമിലെടുക്കുമെന്ന് സൂചന.
മുംബൈ: ചാമ്പ്യൻസ് ട്രോഫിക്കുള്ള ഇന്ത്യൻ ടീം പ്രഖ്യാപനം അടുത്തിരിക്കെ ടീം സംബന്ധിച്ച് നിരവധി റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്. ടീമിലെ രണ്ടാം വിക്കറ്റ് കീപ്പറായി റിഷഭ് പന്തിന് പകരം മലയാളി താരം സഞ്ജു സാംസണെ പരിഗണിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. അതിനിടെ കെ എല്‍ രാഹുലിനെ ചാമ്പ്യൻസ് ട്രോഫിയില്‍ സ്പെഷലിസ്റ്റ് ബാറ്ററായിട്ടാവും കളിപ്പിക്കുകയെന്ന് ബിസിസിഐ വൃത്തങ്ങളെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായ പിടിഐ റിപ്പോര്‍ട്ട് ചെയ്തു.
ഗൗതം ഗംഭീറും സേഫല്ല, ചാമ്പ്യന്‍സ് ട്രോഫിക്കുശേഷം നിര്‍ണായക തീരുമാനമെടുക്കാന്‍ ബിസിസിഐ
കെ എല്‍ രാഹുല്‍ സ്പെഷലിസ്റ്റ് ബാറ്ററായി കളിച്ചാല്‍ വിക്കറ്റ് കീപ്പര്‍ സ്ഥാനത്തേക്ക് സഞ്ജു സാംസണിനൊപ്പം റിഷഭ് പന്തിനെയും സെലക്ടര്‍മാര്‍ പരിഗണിക്കാനിടയുണ്ട്. ഈ മാസം 19നാകും ടീം പ്രഖ്യാപിക്കുക എന്നാണ് കരുതുന്നത്. രോഹിത് ശര്‍മ ചാമ്പ്യൻസ് ട്രോഫിയിലും ക്യാപ്റ്റനായി തുടരുമെന്നും എന്നാല്‍ ഓസ്ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരക്കിടെ പരിക്കേറ്റ പേസര്‍ ജസ്പ്രീത് ബുമ്രക്ക് ചാമ്പ്യൻസ് ട്രോഫിയിലെ ഗ്രൂപ്പ് ഘട്ട് മത്സരങ്ങള്‍ നഷ്ടമാകുമെന്നും പിടിഐ റിപ്പോര്‍ട്ടില്‍ പറയുന്നു.
ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പരക്കുള്ള ടീമിനെ കഴിഞ്ഞ ദിവസം സെലക്ടര്‍മാര്‍ പ്രഖ്യാപിച്ചിരുന്നു. ഇതില്‍ സഞ്ജു ഓപ്പണറായി തുടരുമ്പോള്‍ ഏകദിന പരമ്പരക്കുള്ള ടീമിനെ സെലക്ടര്‍മാര്‍ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയില്‍ നിന്ന് കെ എല്‍ രാഹുല്‍ വിശ്രമം ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലും അനുവദിക്കാന്‍ സാധ്യതയില്ലെന്നാണ് സൂചന.
അടുത്തമാസം 19ന് പാകിസ്ഥാനിലാണ് ചാമ്പ്യൻസ് ട്രോഫിക്ക് തുടക്കമാകുക. ഇന്ത്യയുടെ മത്സരങ്ങളെല്ലാം ദുബായിലാണ് നടക്കുക. 20ന് ബംഗ്ലാദേശിനെതിരെ ആണ് ഇന്ത്യയുടെ ആദ്യ മത്സരം. 23നാണ് ആരാധകര്‍ കാത്തിരിക്കുന്ന ഇന്ത്യ-പാകിസ്ഥാന്‍ പോരാട്ടം. മാര്‍ച്ച് രണ്ടിന് നടക്കുന്ന അവസാന ഗ്രൂപ്പ് മത്സരത്തില്‍ ന്യൂസിലന്‍ഡാണ് ഇന്ത്യയുടെ എതിരാളികള്‍.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക