വാംഖഡെയില്‍ നടക്കുന്ന മൂന്നാം ടെസ്റ്റിന് രണ്ട് ദിവസം ശേഷിക്കെ ഇന്ത്യന്‍ ടീം മാനേജ്മെന്റ് 35 നെറ്റ് ബൗളര്‍മാരെയാണ് പന്തെറിയാന്‍ വിളിപ്പിച്ചത്.
മുംബൈ: ന്യൂസിലന്‍ഡിനെതിരെ ഇന്ത്യ അവസാന ടെസ്റ്റിന് ഇറങ്ങുന്നത് സര്‍വ സന്നാഹങ്ങളോടെ. മൂന്ന് മത്സരങ്ങളുടെ പരമ്പരയില്‍ ആദ്യ രണ്ട് ടെസ്റ്റും ജയിച്ച് ന്യൂസിലന്‍ഡ് പരമ്പര സ്വന്തമാക്കി കഴിഞ്ഞു. സമ്പൂര്‍ണജയം തടയാനാണ് ഇന്ത്യ വെള്ളിയാഴ്ച്ച ഇറങ്ങുന്നത്. മാത്രമല്ല, ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പിന് നാല് വിജയം ഇനിയും വേണമെന്നിരിക്കെ ഒരു ജയം സ്വന്തമാക്കുകയാണ് ഇന്ത്യയുടെ ലക്ഷ്യം. ബോര്‍ഡര്‍ - ഗവാസ്‌കര്‍ ട്രോഫിക്ക് മുമ്പ് ആത്മവിശ്വാസം വീണ്ടെടുക്കുകയും ചെയ്യാം.
വാംഖഡെയില്‍ നടക്കുന്ന മൂന്നാം ടെസ്റ്റിന് രണ്ട് ദിവസം ശേഷിക്കെ ഇന്ത്യന്‍ ടീം മാനേജ്മെന്റ് 35 നെറ്റ് ബൗളര്‍മാരെയാണ് പന്തെറിയാന്‍ വിളിപ്പിച്ചത്. ഇതില്‍ ഭൂരിഭാഗം പേരും സ്പിന്നര്‍മാരായിരുന്നു. ഒന്നാം ദിനം മുതല്‍ കുത്തിത്തിയിരുന്ന പിച്ചാണ് വാംഖഡെയില്‍ ഒരുക്കുക. ടീം മാനേജ്‌മെന്റ് ഇക്കാര്യം മുംബൈ ക്രിക്കറ്റ് അസോസിയേഷനെ അറിയിക്കുകയും ചെയ്തു. അതുകൊണ്ടുതന്നെ പരിശീലിക്കാന്‍ സ്പിന്നര്‍മാരുടെ ഒരു സംഘത്തെ തന്നെ നിയമിച്ചത്. ടെസ്റ്റിന് മുമ്പ് ഓപ്ഷണല്‍ പരിശീലനമൊന്നും ഉണ്ടാകില്ലെന്നും അത് എല്ലാവര്‍ക്കും നിര്‍ബന്ധമാണെന്നും ടീം മാനേജ്മെന്റ് നേരത്തെ എല്ലാ കളിക്കാരെയും അറിയിച്ചിരുന്നു.
ശ്രേയസ് അയ്യര്‍ പ്രതിഫലം കൂട്ടി ചോദിച്ചു! കിരീടം സമ്മാനിച്ച നായകനെ കൈവിടാനൊരുങ്ങി കൊല്‍ക്കത്ത
രണ്ടാം ടെസ്റ്റില്‍ ന്യൂസിലന്‍ഡിന്റെ മിച്ചല്‍ സാന്റ്നര്‍ തുടര്‍ച്ചയായി ഇന്ത്യന്‍ ബാറ്റ്സ്മാന്‍മാരെ ബുദ്ധിമുട്ടിച്ചതിനെ തുടര്‍ന്നാണ് ടീം മാനേജ്‌മെിന്റെ നീക്കം. പൂനെയില്‍ സാന്റ്‌നര്‍ 157 റണ്‍സിന് 13 വിക്കറ്റുകല്‍ വീഴ്ത്തിയിരുന്നു. ഇന്ത്യയിലെ ഒരു സന്ദര്‍ശക ബൗളറുടെ മൂന്നാമത്തെ മികച്ച പ്രകടനമായിരുന്നു അത്. പരമ്പരാഗതമായി സ്പിന്നര്‍മാരെ പിന്തുണയ്ക്കുന്ന പിച്ചാണ് വാംഖഡെയില്‍. കിവീസ് സ്പിന്നര്‍ മുമ്പ് 10 വിക്കറ്റ് വീഴ്ത്തിയതും വാംഖഡെയിലാണ്.
ഇവിടെ അഞ്ച് മത്സരങ്ങളില്‍ നിന്ന്, ആര്‍ അശ്വിന്‍ 18.42 ശരാശരിയില്‍ 38 വിക്കറ്റ് വീഴ്ത്തി. ഈ വേദിയിലെ ഏതൊരു ബൗളറുടെയും ഏറ്റവും ഉയര്‍ന്ന നേട്ടമാണിത്. ഇവിടെ കളിച്ച ഒരേയൊരു മത്സരത്തില്‍ രവീന്ദ്ര ജഡേജയ്ക്കും ആറ് വിക്കറ്റും വീഴ്ത്താനായി.
ഇന്ത്യന്‍ ടീം: യശസ്വി ജയ്‌സ്വാള്‍, രോഹിത് ശര്‍മ്മ (ക്യാപ്റ്റന്‍), ശുഭ്മാന്‍ ഗില്‍, വിരാട് കോഹ്ലി, റിഷഭ് പന്ത് (വിക്കറ്റ് കീപ്പര്‍), സര്‍ഫറാസ് ഖാന്‍, രവീന്ദ്ര ജഡേജ, വാഷിംഗ്ടണ്‍ സുന്ദര്‍, രവിചന്ദ്രന്‍ അശ്വിന്‍, ആകാശ് ദീപ്, ജസ്പ്രിത് ബുമ്ര, അക്‌സര്‍ പട്ടേല്‍, ധ്രുവ് ജുറെല്‍, കെ എല്‍ രാഹുല്‍, കുല്‍ദീപ് യാദവ്, മുഹമ്മദ് സിറാജ്.