എന്താണ് സംഭവിച്ചതെന്ന് പോലും മനസിലായില്ല, എല്ലാം ഒരു ദു:സ്വപ്നം പോലെ; ലോകകപ്പ് ഫൈനൽ തോൽവിയെക്കുറിച്ച് രോഹിത്

By Web TeamFirst Published Jun 6, 2024, 10:16 PM IST
Highlights

കാരണം ലോകകപ്പ് അത്രമേല്‍ ഞാനാഗ്രഹിച്ചിരുന്നു. അത്രമേല്‍ ആഗ്രഹിച്ചിട്ടും കൈയകലത്തില്‍ നഷ്ടമാകുമ്പോള്‍ തോന്നുന്ന ദേഷ്യവും സങ്കടവും നിരാശയുമെല്ലാം ആയിരുന്നു അപ്പോള്‍ മനസില്‍.

ന്യൂയോര്‍ക്ക്: കഴിഞ്ഞ വര്‍ഷം നടന്ന ഏകദിന ലോകകപ്പ് ഫൈനലില്‍ ഓസ്ട്രേലിയയോട് തോറ്റത് ഒരു ദു:സ്വപ്നം പോലെയാണ് തോന്നിയതെന്നും അതിന്‍റെ ആഘാതത്തില്‍ നിന്ന് കരകയറാന്‍ തന്നെ ദിവസങ്ങളെടുത്തുവെന്നും തുറന്നു പറഞ്ഞ് ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ. കഴിഞ്ഞ വര്‍ഷം നവംബറില്‍ അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ നടന്ന ഫൈനലില്‍ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 240 റണ്‍സെടുത്തപ്പോള്‍ ഓസീസ് നാലു വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യത്തിലെത്തി കിരീടം നേടിയിരുന്നു. അതുവരെ ഒറു മത്സരത്തില്‍ പോലും തോല്‍ക്കാതിരുന്ന ഇന്ത്യ ഫൈനലില്‍ തോറ്റതിന്‍റെ നിരാശയാണ് അഡിഡാസ് ഇന്ത്യ പോസ്റ്റ് ചെയ്ത വീഡിയോയില്‍ രോഹിത് തുറന്നു പറയുന്നത്.

ഫൈനലിലെത്തുന്നതുവരെ തോല്‍വിയെന്നത് ഞങ്ങളറിഞ്ഞിട്ടില്ല.അതുകൊണ്ട് തന്നെ തോല്‍വിയുടെ സമ്മര്‍ദ്ദവും ഞങ്ങള്‍ അനുഭവിച്ചിട്ടില്ല. അതുകൊണ്ട് തന്നെ തോല്‍ക്കുമെന്ന് ഒരിക്കല്‍ പോലും കരുതിയില്ല. പക്ഷെ ഫൈനലില്‍ തോറ്റു കഴിഞ്ഞപ്പോള്‍ എനിക്ക് ഗ്രൗണ്ടില്‍ അധികനേരം നില്‍ക്കാന്‍ പോലും തോന്നിയില്ല. കാരണം ലോകകപ്പ് അത്രമേല്‍ ഞാനാഗ്രഹിച്ചിരുന്നു. അത്രമേല്‍ ആഗ്രഹിച്ചിട്ടും കൈയകലത്തില്‍ നഷ്ടമാകുമ്പോള്‍ തോന്നുന്ന ദേഷ്യവും സങ്കടവും നിരാശയുമെല്ലാം ആയിരുന്നു അപ്പോള്‍ മനസില്‍. ജീവിതത്തില്‍ എന്താണ് സംഭവിച്ചത് എന്നുപോലും ആ നിമിഷം തിരിച്ചറിയാനാവുന്നുണ്ടായിരുന്നില്ല. എത്രയും പെട്ടെന്ന് വീട്ടിലെത്താനായിരുന്നു അപ്പോള്‍ ആഗ്രഹിച്ചത്.

Latest Videos

സര്‍പ്രൈസുമായി വീണ്ടും ഇന്ത്യയുടെ ബെസ്റ്റ് ഫീല്‍ഡർ പ്രഖ്യാപനം; അയർലൻഡിനെതിരെ മികച്ച ഫീൽഡറായത് മുഹമ്മദ് സിറാജ്

അതിനുശേഷം രണ്ടോ മൂന്നോ ദിവസമെടുത്തു ഫൈനലില്‍ നമ്മള്‍ തോറ്റുവെന്ന് മനസിലാവാന്‍. കാരണം അഹമ്മദാബാദിലെ ഫൈനല്‍ പോരാട്ടംഒറു ദു: സ്വപ്നമാണെന്ന് വിശ്വസിക്കാനായിരുന്നു എനിക്കിഷ്ടം. അടുത്ത ദിവസം ഉണര്‍ന്നപ്പോള്‍ തലേന്ന് രാത്രി എന്താണ് സംഭവിച്ചത് എന്ന് എനിക്ക് ഓര്‍ത്തെടുക്കാന്‍ പോലും കഴിഞ്ഞില്ല. ഞാന്‍ ഭാര്യ റിതികയോട് പറയുകയായിരുന്നു, എന്താണ് സംഭവിച്ചത് അതെല്ലാം ഒരു ദു: സ്വപ്നം മാത്രമാണ്. നാളെയല്ലെ ഫൈനല്‍ എന്നാണ് ഞാന്‍ പറഞ്ഞത്. രണ്ട് മൂന്ന് ദിവസം കഴിഞ്ഞാണ് നമ്മള്‍ തോറ്റുവെന്ന യാഥാര്‍ത്ഥ്യം എനിക്ക് ഉള്‍ക്കൊള്ളാനായതെന്നും രോഹിത് പറഞ്ഞു.

ഏകദിന ലോകകപ്പില്‍ ഗ്രൂപ്പ് ഘട്ടത്തിലെ ഒമ്പത് മത്സരങ്ങളും സെമി ഫൈനലും അടക്കം 10 മത്സരങ്ങള്‍ തുടര്‍ച്ചയായി ജയിച്ചെത്തിയ ഇന്ത്യയെ ഫൈനലില്‍ ഓസ്ട്രേലിയ തോല്‍പ്പിച്ച് ആറാം ലോകകപ്പ് നേടുകയായിരുന്നു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

click me!