Kohli on Bumrah : 'ബുമ്ര-വുമ്ര ഒക്കെ എന്തു ചെയ്യാനാണ്?'; ബുമ്രയെ കുറിച്ച് ആദ്യം പറഞ്ഞപ്പോള്‍ കോലി പരിഹസിച്ചു

By Web Team  |  First Published Mar 28, 2022, 3:07 PM IST

ഇന്ത്യയുടെ ക്യാപ്റ്റന്‍ രോഹിത് ശര്‍മ (Rohit Sharma), മുന്‍ നായകന്‍ വിരാട് കോലി (Virat Kohli) എന്നിവരാണ് കാറ്റഗറിയിലുള്ള മറ്റു രണ്ട് താരങ്ങള്‍. നിലവില്‍ ബുമ്ര മൂന്ന് ഫോര്‍മാറ്റിലും കളിക്കുന്നുണ്ട്. ദക്ഷിണാഫ്രിക്ക, ശ്രീലങ്ക എന്നിവര്‍ക്കെതിരായ പരമ്പരയില്‍ ടീമിന്റെ വൈസ് ക്യാപ്റ്റനുമാക്കിയിരുന്നു. 


മുംബൈ: ബിസിസിഐയുടെ (BCCI) വാര്‍ഷിക കരാറില്‍ എ പ്ലസ് കാറ്റഗറിയിലുള്ള ഏക ബൗളര്‍ ജസ്പ്രിത് ബുമ്രയാണ് (Jasprit Bumrah). അടുത്തകാലത്ത് ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനായി അദ്ദേഹം നടത്തിയ മികച്ച പ്രകടനമാണ് ബുമ്രയെ എ പ്ലസ് കാറ്റഗറിയിലെത്തിച്ചത്. ഇന്ത്യയുടെ ക്യാപ്റ്റന്‍ രോഹിത് ശര്‍മ (Rohit Sharma), മുന്‍ നായകന്‍ വിരാട് കോലി (Virat Kohli) എന്നിവരാണ് കാറ്റഗറിയിലുള്ള മറ്റു രണ്ട് താരങ്ങള്‍. നിലവില്‍ ബുമ്ര മൂന്ന് ഫോര്‍മാറ്റിലും കളിക്കുന്നുണ്ട്. ദക്ഷിണാഫ്രിക്ക, ശ്രീലങ്ക എന്നിവര്‍ക്കെതിരായ പരമ്പരയില്‍ ടീമിന്റെ വൈസ് ക്യാപ്റ്റനുമാക്കിയിരുന്നു. 

ആഭ്യന്തര സീസണില്‍ ഗുജറാത്തിനായിട്ടാണ് ബുമ്ര കളിച്ചിരുന്നത്. മുന്‍ ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ പാര്‍ത്ഥിവ് പട്ടേലിന് കീഴില്‍ കളിച്ച അദ്ദേഹത്തിന് മികച്ച പ്രകടനമൊന്നും നടത്താന്‍ സാധിച്ചിരുന്നില്ല. എന്നാല്‍ ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിനായി കളിച്ചതോടെ താരത്തിന്റെ തലവര മാറി. 2013ലാണ് ബുമ്ര മുംബൈക്ക് വേണ്ടി ആദ്യമായി കളിക്കുന്നത്. 2015 സീസണില്‍ ഗംഭീര പ്രകടനം പുറത്തെടുത്ത താരം തൊട്ടടുത്ത വര്‍ഷം ഇന്ത്യന്‍ ടീമിലുമെത്തി. പിന്നീട് അദ്ദേഹത്തിന് തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല.

Latest Videos

undefined

എന്നാല്‍ 2015ന് മുമ്പ് തന്നെ താന്‍ ബുമ്രയെ കുറിച്ച് അന്നത്തെ ഇന്ത്യന്‍ ക്യാപറ്റന്‍ കോലിയോട് സംസാരിച്ചുന്നുവെന്നും അന്ന് അദ്ദേഹം തള്ളികളയുകയാണ് ചെയ്‌തെന്നും പാര്‍ത്ഥിവ് അവകാശപ്പെട്ടു. പാര്‍ത്ഥിവ് വിശദീകരിക്കുന്നതിങ്ങനെ... ''2014 ഐപിഎല്‍ സീസണില്‍ ഞാന്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന്റെ ഭാഗമായിരുന്നു. കോലി ക്യാപ്റ്റനും. അന്ന് ഞാന്‍ ബുമ്രയെ കുറിച്ച് കോലിയോട് സംസാരിച്ചു. ബുമ്രയെന്ന് പേരുള്ള ഒരു ബൗളറുണ്ടെന്നും ഒരവസരം നല്‍കാനാവുന്നതാണെന്നും ഞാന്‍ കോലിയോട് പറഞ്ഞു. എന്നാല്‍ അന്ന് കോലി പരിഹാസ രൂപത്തിലാണ് മറുപടി പറഞ്ഞത്. ബുംറ- വുംറയൊക്കെ എന്തു കാണിക്കാനാണെന്നായിരുന്നു കോലിയുടെ മറു ചോദ്യം.'' പാര്‍ത്ഥിവ് പറഞ്ഞു. 

ബുമ്ര കളിച്ചുതുടങ്ങിയ കാലത്തെ കുറിച്ചും പാര്‍ത്ഥിവ് സംസാരിച്ചു. ''തുടക്കകാലത്ത് ബുമ്ര നന്നായി ബുദ്ധിമുട്ടി. എന്നാല്‍ കഠിനാധ്വാനത്തിലൂടെ അവന്‍  എല്ലാ പ്രതിസന്ധികളും മറികടന്നു. മുംബൈ ഇന്ത്യന്‍സ് നല്‍കിയ പിന്തുണയാണ് അവന് തുണയായത്. അതിന് മുമ്പ് രണ്ടോ മൂന്നോ സീസണില്‍ രഞ്ജി ട്രോഫി കളിക്കുകയുണ്ടായി. 2013ലാണ് ആദ്യം കളിച്ചത്. പിന്നീടുള്ള രണ്ട് സീസണും അവന്റേത് മോശം പ്രകടനമായിരുന്നു. ഒഴിവാക്കാന്‍ പോലും ഞങ്ങള്‍ ആലോചിച്ചു. എന്നാല്‍ മുംബൈക്കൊപ്പമുള്ള പരിശീലനം അവന്റെ ആത്മവിശ്വാസമുയര്‍ത്തി.'' പാര്‍ത്ഥിവ് പറഞ്ഞുനിര്‍ത്തി.

മുന്‍ ക്യാപ്റ്റന്‍ എം എസ് ധോണിക്ക് കീഴിലാണ് താരം കളിച്ചുതുടങ്ങിയതെങ്കിലും ലോകോത്തര ബൗളറായത് കോലിക്ക് കീഴിലാണ്. 2018ന്റെ അവസാനം ബുമ്ര ടെസ്റ്റില്‍ അരങ്ങേറുകയും ചെയ്തു. അതിവേഗം 50 വിക്കറ്റുകളെടുത്ത ഇന്ത്യന്‍ ബൗളറെന്ന നേട്ടവും കുറിച്ചിരുന്നു.

click me!