പാകിസ്ഥാനെ തകര്‍ത്ത ഹാരി ബ്രൂക്കിന്റെ ട്രിപ്പിള്‍, സെവാഗിന്റെ 20 വര്‍ഷം മുമ്പുള്ള റെക്കോര്‍ഡ് വീണു

By Web TeamFirst Published Oct 10, 2024, 8:07 PM IST
Highlights

മുള്‍ട്ടാനില്‍ വീരേന്ദര്‍ സെവാഗിന്റെ 20 വര്‍ഷം പഴക്കമുള്ള റെക്കോര്‍ഡാണ് ബ്രൂക്ക് മറികടന്നത്.

മുള്‍ട്ടാന്‍: പാകിസ്ഥാനെതിരെ ഒന്നാം ടെസ്റ്റില്‍ ഇംഗ്ലണ്ട് താരം ഹാരി ബ്രൂക്ക് (317) ട്രിപ്പിള്‍ സെഞ്ചുറി നേടിയിരുന്നു. ബ്രൂക്കിനൊപ്പം ജോ റൂട്ട് (262) ഇരട്ട സെഞ്ചുറിയും നേടി. ഇരുവരുടേയും കരുത്തില്‍ ഇംഗ്ലണ്ട് ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 823 റണ്‍സാണ് ഇംഗ്ലണ്ട് ഒന്നാം ഇന്നിംഗ്‌സില്‍ നേടിയത്. ട്രിപ്പിള്‍ സെഞ്ചുറി നേടിയതോടെ ഒരു റെക്കോര്‍ഡ് സ്വന്തം പേരില്‍ ചേര്‍ത്തിട്ടുണ്ട് ബ്രൂക്ക്. ടെസ്റ്റ് ക്രിക്കറ്റില്‍ ഈ നേട്ടം കൈവരിക്കുന്ന ആറാമത്തെ ഇംഗ്ലീഷ് താരമാണ് ബ്രൂക്ക്. വെറും 322 പന്തില്‍ 29 ഫോറും മൂന്ന് സിക്സും ഉള്‍പ്പെടുന്നതായിരുന്നു ബ്രൂക്കിന്റെ ഇന്നിംഗ്‌സ്. 

മുള്‍ട്ടാനില്‍ വീരേന്ദര്‍ സെവാഗിന്റെ 20 വര്‍ഷം പഴക്കമുള്ള റെക്കോര്‍ഡാണ് ബ്രൂക്ക് മറികടന്നത്. മുള്‍ട്ടാനിലെ ഏറ്റവും ഉയര്‍ന്ന വ്യക്തിഗത സ്‌കോറാണ് ബ്രൂക്ക് നേടിയത്. മുന്‍ ഇന്ത്യന്‍ താരം വിരേന്ദര്‍ സെവാഗ് നേടിയ 309 റണ്‍സാണ് ബ്രൂക്ക് മറികടന്നത്. പാക്കിസ്ഥാനില്‍ ഇതിനകം മൂന്ന് സെഞ്ചുറികള്‍ നേടാന്‍ ബ്രൂക്കിന് സാധിച്ചിട്ടുണ്ട്. ആന്‍ഡി സാന്ദം, ലെന്‍ ഹട്ടണ്‍, വാലി ഹാമണ്ട്, ഗ്രഹാം ഗൂച്ച്, ബില്‍ എഡ്രിച്ച് എന്നിവരാണ് മുമ്പ് ഇംഗ്ലണ്ടിനായി മുമ്പ് ട്രിപ്പിള്‍ സെഞ്ചുറി നേടിയ താരങ്ങള്‍. 

Latest Videos

ബ്രൂക്കിന് മുമ്പ് ഗൂച്ചാണ് ഇംഗ്ലണ്ടിന് വേണ്ടി ട്രിപ്പിള്‍ സെഞ്ചുറിയ നേടിയ താരം. ലോര്‍ഡ്‌സില്‍ ഇന്ത്യക്കെതിരെ 333 റണ്‍സാണ് ഗൂച്ച് നേടിയത്. മുള്‍ട്ടാനില്‍ റൂട്ടിനൊപ്പം ബ്രൂക്ക് നാലാം വിക്കറ്റില്‍ 454 റണ്‍സ് കൂട്ടിചേര്‍ത്തിരുന്നു. അതേസമയം, മുള്‍ട്ടാനില്‍ ഇംഗ്ലണ്ട് വിജയത്തിലേക്ക് നീങ്ങുകയാണ്. ഇംഗ്ലണ്ടിനെതിരെ 267 റണ്‍സിന്റെ ലീഡ് വഴങ്ങിയ പാകിസ്ഥാന്‍ നാലാം ദിനം അവസാനിക്കുമ്പോള്‍ രണ്ടാം ഇന്നിംഗ്‌സില്‍ ആറിന് 152 എന്ന നിലയിലാണ്. ഒരുദിനം മാത്രം ശേഷിക്കെ സന്ദര്‍ശകരെ ഇനിയും ബാറ്റിംഗിന് അയക്കണമെങ്കില്‍ പാകിസ്ഥാന് 115 റണ്‍സ് കൂടി വേണം. 

അഗ സല്‍മാന്‍ (41), അമേര്‍ ജമാല്‍ (27) എന്നിവരാണ് ക്രീസില്‍. രണ്ട് വിക്കറ്റ് വീതം വീഴ്ത്തിയ ഗുസ് ആറ്റ്കിന്‍സണ്‍, ബ്രൈഡണ്‍ കാര്‍സെ എന്നിവരാണ് രണ്ടാം ഇന്നിംഗ്‌സില്‍ പാകിസ്ഥാനെ തകര്‍ത്തത്.
 

click me!