ആദ്യം കളിക്കാരനായി, ഇപ്പോള്‍ കോച്ചായും, ഇന്ത്യൻ ക്രിക്കറ്റില്‍ ആ നാണക്കേടിന്‍റെ ഒരേയൊരു അവകാശിയായി ഗംഭീര്‍

By Web TeamFirst Published Oct 27, 2024, 12:51 PM IST
Highlights

ഇന്ത്യൻ ക്രിക്കറ്റിലെ വിരാട് കോലി-രവി ശാസ്ത്രി യുഗത്തില്‍ നാട്ടില്‍ ഒരു പരമ്പര പോലും ഇന്ത്യ തോറ്റിരുന്നില്ല.

പൂനെ: ന്യൂസിലന്‍ഡിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റും തോറ്റ് ഇന്ത്യ 12 വര്‍ഷത്തിനുശേഷം നാട്ടിലൊരു ടെസ്റ്റ് പരമ്പര കൈവിട്ടതോടെ കോച്ച് ഗൗതം ഗഭീറിന്‍റെ തലയിലായത് വലിയൊരു നാണക്കേട്. കളിക്കാരനായും കോച്ചായും നാട്ടില്‍ ഇന്ത്യയുടെ പരമ്പര നഷ്ടത്തില്‍ പങ്കാളിയാവുന്ന ആദ്യ താരമാണ് ഗംഭീര്‍.

2012ല്‍ ഇംഗ്ലണ്ടാണ് ഇന്ത്യയെ ഇന്ത്യയില്‍ അവസാനമായി തോല്‍പ്പിച്ചത്. അലിസ്റ്റര്‍ കുക്കിന്‍റെ നേതൃത്വത്തിലിറങ്ങിയ ഇംഗ്ലണ്ട് സ്വന്തം നാട്ടില്‍ ഇന്ത്യയെ തോല്‍പ്പിച്ചത് എട്ട് വര്‍ഷങ്ങള്‍ക്ക് ശേഷമായിരുന്നു. 2004ല്‍ ആദ്യം ഗില്‍ക്രിസ്റ്റിന്‍റെ ഓസ്ട്രേലിയായിരുന്നു അതിന് മുമ്പ് അവസാനമായി ഇന്ത്യയില്‍ ടെസ്റ്റ് പരമ്പരയില്‍ തോല്‍പ്പിച്ച ടീം. 2012ല്‍ അലിസ്റ്റര്‍ കുക്കിന്‍റെ നേതൃത്വത്തില്‍ ഇംഗ്ലണ്ട് ടീം നാലു മത്സര പരമ്പര 2-1ന് ജയിച്ച് ഇന്ത്യയില്‍ ചരിത്രനേട്ടം കൈവരിച്ചപ്പോള്‍ അന്ന് പരമ്പര തോറ്റ ടീമിന്‍റെ ഓപ്പണറായിരുന്നു ഗംഭീര്‍. അന്ന് നാലു ടെസ്റ്റിലും ഓപ്പണറായിരുന്ന ഗംഭീര്‍ രണ്ട് അര്‍ധസെഞ്ചുറി അടക്കം 251 റണ്‍സായിരുന്നു പരമ്പരയില്‍ നേടിയത്. എം എസ് ധോണിയായിരുന്നു അന്ന് ഇന്ത്യൻ നായകന്‍.

Latest Videos

രോഹിത്തിനും കോലിക്കും ഇനി പ്രത്യേക പരിഗണനയില്ല, നിലപാട് കടുപ്പിച്ച് ഗംഭീർ; നിർബന്ധമായും പരിശീലനത്തിനെത്തണം

പിന്നീട് ഇന്ത്യൻ ക്രിക്കറ്റിലെ വിരാട് കോലി-രവി ശാസ്ത്രി യുഗത്തില്‍ നാട്ടില്‍ ഒരു പരമ്പര പോലും ഇന്ത്യ തോറ്റിരുന്നില്ല. കോലി-ദ്രാവിഡ് യുഗത്തിനുശേഷം രോഹിത്-ദ്രാവിഡ് യുഗത്തിലും കരുത്തരായ ഇംഗ്ലണ്ടിനെയും ഓസ്ട്രേലിയയും വരെ ഇന്ത്യ സ്പിന്‍ കെണിയില്‍ വീഴ്ത്തി പരമ്പര സ്വന്തമാക്കുകയും ചെയ്തു. എന്നാല്‍ ഇന്ത്യക്കെതിരായ പരമ്പരക്ക് മുമ്പ് ശ്രീലങ്കയില്‍ പോലും രണ്ട് മത്സര പരമ്പര 0-2ന് തോറ്റെത്തിയ ന്യൂസിലന്‍ഡ് ഇന്ത്യയെ ആദ്യ രണ്ട് ടെസ്റ്റുകളില്‍ തന്നെ മലര്‍ത്തിയടിച്ച് പരമ്പര നേടിയെന്നത് ആരാധകര്‍ക്ക് ഇപ്പോഴും വിശ്വസിക്കാനായിട്ടില്ല.

ദ്രാവിഡിന്‍റെ പിന്‍ഗാമിയായി ഗംഭീര്‍ പരിശീലക ചുമതലയേറ്റെടുത്തശേഷം ഇന്ത്യ കൈവിടുന്ന രണ്ടാമത്തെ പരമ്പരയാണിത്. ന്യൂിസലന്‍ഡിനെതിരായ ടെസ്റ്റ് പരമ്പരക്ക് മുമ്പ് ശ്രീലങ്കയില്‍ നടന്ന ഏകദിന പരമ്പര ഇന്ത്യ തോറ്റതും ഗംഭീറിന്‍റെ കീഴിലായിരുന്നു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

click me!