ഇന്ത്യൻ ടീമിന്‍റെ ഡ്രസ്സിംഗ് റൂം രഹസ്യങ്ങള്‍ ചോര്‍ത്തിയത് ആ യുവതാരം, ഗുരുതര ആരോപണവുമായി ഗൗതം ഗംഭീര്‍

By Web Desk  |  First Published Jan 15, 2025, 7:58 PM IST

ബിസിസിഐയുടെ അവലോകന യോഗത്തിലാണ് ഗംഭീര്‍ സര്‍ഫറാസിനെതിരെ ഗുരുതരമായ ആരോപണം ഉന്നയിച്ചത്.

Gautam Gambhir Accused Sarfaraz Khan for Leaking Dressing Room Secrets to Media In Australia, Report

മുംബൈ: ഓസ്ട്രേലിയന്‍ പര്യടനത്തിനിടെ ഇന്ത്യയുടെ ഡ്രസ്സിംഗ് റൂം രഹസ്യങ്ങള്‍ ചോര്‍ത്തിയത് യുവതാരം സര്‍ഫറാസ് ഖാനെന്ന് കോച്ച് ഗൗതം ഗംഭീര്‍. ബിസിസിഐയുടെ അവലോകന യോഗത്തിലാണ് ഗംഭീര്‍ സര്‍ഫറാസിനെതിരെ ഗുരുതരമായ ആരോപണം ഉന്നയിച്ചതെന്ന് ന്യൂസ് 24 റിപ്പോര്‍ട്ട് ചെയ്തു.

മെല്‍ബണ്‍ ടെസ്റ്റിലെ കനത്ത തോല്‍വിക്ക് ശേഷം ഗൗതം ഗംഭീര്‍ ഡ്രസ്സിംഗ് റൂമിലെത്തി താരങ്ങളോട് കടുത്ത ഭാഷയില്‍ സംസാരിച്ചതായി വാര്‍ത്തകള്‍ വന്നിരുന്നു. എന്നാല്‍ ഇത് മാധ്യമങ്ങളില്‍ വരാന്‍ കാരണം സര്‍ഫറാസ് ഖാന്‍ ആണെന്നാണ് ഗംഭീര്‍ ബിസിസിഐ അവലോകന യോഗത്തില്‍ അരോപിച്ചത്. സര്‍ഫറാസിന്‍റെ നടപടി ഗംഭീറിനെ ചൊടിപ്പിച്ചുവെന്നും ഇത് സര്‍ഫറാസിന്‍റെ കരിയറിന് തന്നെ പ്രതികൂലമാകാനിടയുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഗംഭീര്‍ പരിശീലകനായി ഇരിക്കുന്നിടത്തോളം കാലം സര്‍ഫറാസ് ഇന്ത്യക്കായി കളിക്കാന്‍ സാധ്യതയില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

Latest Videos

ചാമ്പ്യൻസ് ട്രോഫിക്ക് മുമ്പ് ഇന്ത്യക്ക് തിരിച്ചടി, പരിക്കേറ്റ ബുമ്രക്ക് ബെഡ് റെസ്റ്റ് നിര്‍ദേശിച്ച് ഡോക്ടർമാർ

എന്നാല്‍ ഡ്രസ്സിംഗ് റൂം രഹസ്യങ്ങള്‍ മാധ്യമങ്ങള്‍ക്ക് ചോര്‍ത്തി നല്‍കിയക് സര്‍ഫറാസ് ആണെന്ന് തെളിയിക്കാന്‍ ഗൗതം ഗംഭീര്‍ എന്തെങ്കിലും തെളിവുകള്‍ ബിസിസിഐക്ക് മുമ്പാകെ സമര്‍പ്പിച്ചിരുന്നോ എന്ന കാര്യത്തില്‍ ഇതുവരെ വ്യക്തതയില്ല. ഓസ്ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയില്‍ ഇന്ത്യൻ ബാറ്റിംഗ് നിര നിറം മങ്ങിയിട്ടും ഒരു ടെസ്റ്റില്‍ പോലും സര്‍ഫറാസിന് പ്ലേയിംഗ് ഇലിവനില്‍ അവസരം ലഭിച്ചില്ലെന്നതും ഇതോട് കൂടി ചേര്‍ത്ത് വായിക്കേണ്ടതുണ്ട്. ഓസ്ട്രേലിയക്കെതിരായ സിഡ്നി ടെസ്റ്റിന് മുമ്പ് നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ ഡ്രസ്സിംഗ് റൂമില്‍ കളിക്കാരും പരിശീലകനും തമ്മില്‍ നടത്തുന്ന ചര്‍ച്ചകള്‍ ഡ്രസ്സിംഗ് റൂമില്‍ മാത്രം ഒതുങ്ങി നില്‍ക്കണമെന്ന് ഗംഭീര്‍ കളിക്കാര്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നു.

ടി20 ലോകകപ്പ് നേട്ടത്തിന് പിന്നാലെ രാഹുല്‍ ദ്രാവിഡ് സ്ഥാനമൊഴിഞ്ഞപ്പോഴാണ് ഗംഭീര്‍ ഇന്ത്യൻ പരിശീലകനായത്. 2027 ഏകദിന ലോകകപ്പ് വരെയാണ് ഗംഭീറിനെ ഇന്ത്യൻ പരിശീലകനായി ബിസിസിഐ തെരഞ്ഞെടുത്തത്. എന്നാല്‍ ഗംഭീറിന് കീഴില്‍ കാര്യമായ നേട്ടങ്ങളൊന്നും സ്വന്തമാക്കാന്‍ ഇന്ത്യക്ക് ഇതുവരെ കഴിഞ്ഞിട്ടില്ല. ഗംഭീറിന് കീഴില്‍ കളിച്ച 10 ടെസ്റ്റില്‍ ആറിലും ഇന്ത്യ തോറ്റിരുന്നു. ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിലേക്ക് യോഗ്യത നേടാനും കഴിഞ്ഞിരുന്നില്ല. ഇതോടെ ഗംഭീറിന്‍റെ പരിശീലക സ്ഥാനവും ഭീഷണിയിലാണ്.

അയര്‍ലന്‍ഡിനെ നാണംകെടുത്തി ഇന്ത്യൻ വനിതകള്‍, റെക്കോര്‍ഡ് ജയവുമായി പരമ്പര തൂത്തുവാരി

ശ്രീലങ്കക്കെതിരായ ടി20 പരമ്പര തൂത്തുവാരി തുടങ്ങിയ ഗംഭീര്‍ പക്ഷെ പിന്നാലെ നടന്ന ഏകദിന പരമ്പരയില്‍ സമ്പൂര്‍ണ തോല്‍വി വഴങ്ങി. 27 വര്‍ഷത്തിനുശേഷമായിരുന്നു ഇന്ത്യക്കെതിരെ ശ്രീലങ്ക ഏകദിന പരമ്പര ജയിച്ചത്. പിന്നാലെ നാട്ടില്‍ ന്യൂസിലന്‍ഡിനെതിരെ നടന്ന ടെസ്റ്റ് പരമ്പരയിലും സമ്പൂര്‍ണ തോല്‍വി വഴങ്ങി. ഇതാദ്യമായാണ് നാട്ടില്‍ ഇന്ത്യ ഒരു ടെസ്റ്റ് പരമ്പരയില്‍ 0-3ന് തോല്‍ക്കുന്നത്.ഇതിനുശേഷം നടന്ന ഓസ്ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ ടെസ്റ്റില്‍ ജയിച്ച് പ്രതീക്ഷ നല്‍കിയെങ്കിലും പിന്നീട് മൂന്ന് ടെസ്റ്റുകള്‍ തോറ്റ് 1-3ന് പരമ്പരയും ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനല്‍ സ്ഥാനവും കൈവിട്ടു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

vuukle one pixel image
click me!
vuukle one pixel image vuukle one pixel image