നായകന്‍ രോഹിത്തിന്റെ തന്ത്രങ്ങളായിരുന്നു ഇന്ത്യയുടെ കരുത്തെന്ന് റാത്തോര്‍ സമ്മതിച്ചു.
ദില്ലി: ട്വന്റി 20 ലോകകപ്പ് നേടിയ ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മയെ പുകഴ്ത്തി മുന്‍ ബാറ്റിങ് പരിശീലകന്‍ വിക്രം റാത്തോര്‍. ഇത്ര മികച്ച നായകനെ താന്‍ കണ്ടിട്ടില്ലെന്നാണ് റാത്തോറിന്റെ പ്രതികരണം. ഈ കിരീടം വെറുതേ കിട്ടിയതല്ലെന്ന് ഉറപ്പിച്ച് പറയുകയാണ് ഇന്ത്യയുടെ മുന്‍ ബാറ്റിങ് പരിശീലകന്‍ വിക്രം. ഫൈനലില്‍ ദക്ഷിണാഫ്രിക്കയെ തോല്‍പ്പിച്ചാണ് ഇന്ത്യ ലോകകിരീടം ഉയര്‍ത്തുന്നത്. രോഹത്തിന് കീവില്‍ ഇന്ത്യ നേടുന്ന ആദ്യ ഐസിസി കിരീടമാണിത്. 11 വര്‍ഷങ്ങള്‍ക്ക് ശേഷം ഇന്ത്യയുടെ ഐസിസി കിരീടം കൂടിയാണിത്.
നായകന്‍ രോഹിത്തിന്റെ തന്ത്രങ്ങളായിരുന്നു ഇന്ത്യയുടെ കരുത്തെന്ന് റാത്തോര്‍ സമ്മതിച്ചു. അദ്ദേഹത്തിന്റെ വാക്കുകള്‍... ''നായകന്‍ രോഹിത് ശര്‍മയുടെ പിഴയ്ക്കാത്ത തന്ത്രങ്ങളായിരുന്നു ലോകകപ്പില്‍ ടീമിന്റെ കരുത്ത്. ടീമിന്റെ തന്ത്രങ്ങള്‍ രൂപീകരിക്കാന്‍ ഏറെ സമയം രോഹിത് മാറ്റിവെക്കും. ബാറ്റര്‍മാരുടേയും ബോളര്‍മാരുടേയും യോഗങ്ങളില്‍ കൃത്യമായി പങ്കെടുത്താണ് രോഹിത് ഗെയിം പ്ലാന്‍ തയാറാക്കുക. കളിക്കിടയില്‍ സാഹചര്യമനുസരിച്ച് പ്ലാന്‍ മാറ്റുന്നതിലും രോഹിത് മിടുക്കന്‍.'' റാത്തോര്‍ പറഞ്ഞു.
രോഹിതിന്റെ മറവിയെ പറ്റി റത്തോഡിന്റെ കമന്റാണ് വളരെ രസകരം. ''ടോസ് കിട്ടിയാല്‍ ബാറ്റിങ്ങാണോ ബോളിങ്ങാണോ എടുക്കേണ്ടതെന്ന് ചിലപ്പോള്‍ രോഹിത് മറന്നേക്കാം. അദ്ദേഹത്തിന്റെ ഐപാഡും ഫോണും ടീം ബസില്‍വച്ച് മറക്കാനും ഇടയുണ്ട്. പക്ഷേ, തന്റെ ഗെയിം പ്ലാന്‍ ഒരു സാഹചര്യത്തിലും രോഹിത് മറക്കില്ല.'' റാത്തോര്‍ വ്യക്തമാക്കി.
ലോകകപ്പ് ഫൈനലില്‍ ജസ്പ്രീത് ബുമ്രയുടെ ഓവറുകള്‍ നേരത്തെ തീര്‍ത്തത് രോഹിതിന്റെ ക്ലാസിക് തീരുമാനങ്ങള്‍ക്ക് ഉദാഹരണമാണെന്നും അദ്ദേഹം പറഞ്ഞു. ''ഫൈനലില്‍ ജസ്പ്രീത് ബുമ്രയുടെ ഓവറുകള്‍ രോഹിത് പതിവിലും നേരത്തേ എറിഞ്ഞുതീര്‍ത്തു. അവസാന രണ്ട് ഓവര്‍ ബാക്കിനില്‍ക്കെ രോഹിത് അപ്രകാരം ചെയ്തത് ഒരുപക്ഷേ പലരുടെയും നെറ്റി ചുളിപ്പിച്ചിട്ടുണ്ടാകും. രോഹിത് അങ്ങനെ ചെയ്തതുകൊണ്ട് എന്താണ് സംഭവിച്ചത്? അവസാന ഓവറില്‍ ദക്ഷിണാഫ്രിക്കയ്ക്ക് ജയിക്കാന്‍ 16 റണ്‍സ് വേണമെന്ന അവസ്ഥയായി.'' റാത്തോഡ് ചൂണ്ടിക്കാട്ടി. ക്രിക്കറ്റിന്റെ ചരിത്രത്തില്‍ അപൂര്‍വം താരങ്ങള്‍ക്കു മാത്രം ലഭിച്ചിട്ടുള്ള പിന്തുണയാണ് ടീമംഗങ്ങളില്‍നിന്ന് രോഹിത്തിന് ലഭിക്കുന്നതെന്നും അദ്ദഹം വെളിപ്പെടുത്തി.