വിശാഖപട്ടണത്ത് ടീം ഇന്ത്യയെ ജയിപ്പിച്ചത് ഡിആര്‍എസ്സോ? കടുത്ത ആരോപണവുമായി ബെന്‍ സ്റ്റോക്സ്, വിവാദം

By Web TeamFirst Published Feb 5, 2024, 5:37 PM IST
Highlights

സാക് ക്രോളിയെ ഇന്നിംഗ്സിലെ 42-ാം ഓവറിലെ അവസാന പന്തില്‍ കുല്‍ദീപ് എല്‍ബിയില്‍ പുറത്താക്കുകയായിരുന്നു

വിശാഖപട്ടണം: രണ്ടാം ടെസ്റ്റില്‍ 106 റണ്‍സിന് ഇംഗ്ലണ്ടിനെ ടീം ഇന്ത്യ പരാജയപ്പെടുത്തിയപ്പോള്‍ വിവാദമായി ബെന്‍ സ്റ്റോക്സിന്‍റെ വാക്കുകള്‍. രണ്ടാം ഇന്നിംഗ്സില്‍ ഇംഗ്ലണ്ട് ബാറ്റര്‍ സാക് ക്രോളിയെ ഇന്ത്യന്‍ സ്പിന്നര്‍ കുല്‍ദീപ് യാദവ് പുറത്താക്കിയതില്‍ ഡിആര്‍എസിന് പിഴച്ചു എന്നാണ് ഇംഗ്ലീഷ് ക്യാപ്റ്റന്‍റെ ആരോപണം. ചിലപ്പോഴൊക്കെ സാങ്കേതികവിദ്യക്ക് വീഴ്ച സംഭവിക്കും എന്ന് സ്റ്റോക്സ് വിശാഖപട്ടണം ടെസ്റ്റിന് ശേഷം പറഞ്ഞു. ഇംഗ്ലണ്ടിന്‍റെ രണ്ടാം ഇന്നിംഗ്സിലെ ടോപ് സ്കോററായ സാക് ക്രോളിയെ 42-ാം ഓവറിലെ അവസാന പന്തില്‍ കുല്‍ദീപ് എല്‍ബിയില്‍ പുറത്താക്കുകയായിരുന്നു. 

സാക് ക്രോളി പുറത്തായി തൊട്ടടുത്ത ഓവറില്‍ ജോണി ബെയ്ര്‍സ്റ്റോയെ (26 റണ്‍സ്) ജസ്പ്രീത് ബുമ്ര എല്‍ബിയിലും പുറത്താക്കിയതോടെയാണ് ഇന്ത്യ മത്സരത്തില്‍ പിടിമുറുക്കിയത്. ഇതിന് ശേഷം ബെന്‍ സ്റ്റോക്സ് 11 റണ്‍സില്‍ റണ്ണൗട്ടായപ്പോള്‍ 36 റണ്‍സ് വീതമെടുത്ത ബെന്‍ ഫോക്സ് ടോം ഹാര്‍ട്‌ലി എന്നിവരാണ് ഇംഗ്ലണ്ടിന്‍റെ തോല്‍വി ഭാരം കുറച്ചത്. നേരത്തെ ബെന്‍ ഡക്കെറ്റ് 28നും റെഹാന്‍ അഹമ്മദും ഓലീ പോപും 23 വീതം എടുത്തും മുന്‍ നായകന്‍ ജോ റൂട്ട് 16നും പുറത്തായിരുന്നു. 

Latest Videos

ഇന്ത്യ- ഇംഗ്ലണ്ട് അഞ്ച് മത്സരങ്ങളുടെ ടെസ്റ്റ് പരമ്പര ആവേശത്തിന്‍റെ കൊടുമുടിയില്‍ എത്തിക്കഴിഞ്ഞു. ആദ്യ ടെസ്റ്റില്‍ ഇംഗ്ലണ്ട് 28 റണ്‍സിനും രണ്ടാം മത്സരത്തില്‍ ഇന്ത്യ 106 റണ്‍സിനും വിജയിച്ച് പരമ്പര 1-1ന് തുല്യതയിലാണ്. രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ 399 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇംഗ്ലണ്ട് നാലാം ദിനം ലഞ്ചിന് ശേഷം 292 റണ്‍സില്‍ നില്‍ക്കേ ഓള്‍ഔട്ടായതോടെയാണ് ഇന്ത്യ ത്രില്ലര്‍ ജയം സ്വന്തമാക്കിയത്. 132 പന്തില്‍ 73 റണ്‍സെടുത്ത സാക്ക് ക്രോളിയാണ് ഇംഗ്ലണ്ടിന്‍റെ ടോപ് സ്കോറര്‍. ആദ്യ ഇന്നിംഗ്സില്‍ 76 റണ്‍സും ക്രോളി നേടിയിരുന്നു. ഇന്ത്യക്കായി ജസ്പ്രീത് ബുമ്രയും ആര്‍ അശ്വിനും മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി. രണ്ട് ഇന്നിംഗ്സിലുമായി 9 വിക്കറ്റ് നേടിയ ബുമ്ര കളിയിലെ താരമായി തെരഞ്ഞെടുക്കപ്പെട്ടു. പരമ്പരയിലെ മൂന്നാം ടെസ്റ്റ് 15ന് രാജ്കോട്ടില്‍ തുടങ്ങും.

Read more: ബാസ്ബോള്‍ തോറ്റമ്പി; എന്നിട്ടും 37 വര്‍ഷം പഴക്കമുള്ള റെക്കോര്‍ഡ് തകര്‍ത്ത് ഇംഗ്ലണ്ട്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

click me!