ഇഷാന്‍ കിഷനെ പാടെ തഴഞ്ഞു, ശ്രേയസുമില്ല! സിംബാബ്‌വെ പര്യടനത്തില്‍ നിന്ന് തഴയപ്പെട്ട പ്രമുഖരെ അറിയാം

By Web TeamFirst Published Jul 3, 2024, 2:31 PM IST
Highlights

ഇഷാന്‍ കിഷനെ ടീമിലേക്ക് പരിഗണിച്ചതേയില്ല. റിഷഭ് പന്തിന്റെ തിരിച്ചുവരവിനെക്കുറിച്ചുള്ള അനിശ്ചിതത്വങ്ങള്‍ക്കിടെ 2023 പകുതി വരെ ഇന്ത്യയുടെ പ്രധാന പരിഗണന കിഷനായിരുന്നു.

മുംബൈ: സിംബാബ്‌ബെ പര്യടനത്തിനുള്ള ഇന്ത്യന്‍ ടീമില്‍ രണ്ട് തവണയാണ് ബിസിസിഐ മാറ്റം വരുത്തിയത്. ആദ്യം പരിക്കേറ്റ നിതീഷ് കുമാര്‍ റെഡ്ഡിക്ക് പകരം ശിവം ദുബെയെ ഉള്‍പ്പെടുത്തി. പിന്നീട് മൂന്ന് മാറ്റങ്ങള്‍ കൂടി കൊണ്ടുവന്നു. സഞ്ജു സാംസണ്‍, ശിവം ദുബെ, യശസ്വി ജയ്സ്വാള്‍ എന്നിവര്‍ക്ക് പകരക്കാരായി സായ് സുദര്‍ശന്‍, ജിതേഷ് ശര്‍മ്മ, ഹര്‍ഷിത് റാണ എന്നിവരെ ആദ്യ രണ്ട് ടി20 മത്സരങ്ങള്‍ക്കുള്ള സ്‌ക്വാഡില്‍ ഉള്‍പ്പെടുത്തി. 

ഈ മാറ്റമൊക്കെ വരുത്തിയപ്പോഴും ഇഷാന്‍ കിഷനെ ടീമിലേക്ക് പരിഗണിച്ചതേയില്ല. റിഷഭ് പന്തിന്റെ തിരിച്ചുവരവിനെക്കുറിച്ചുള്ള അനിശ്ചിതത്വങ്ങള്‍ക്കിടെ 2023 പകുതി വരെ ഇന്ത്യയുടെ പ്രധാന പരിഗണന കിഷനായിരുന്നു. എവിടെയും ബാറ്റ് ചെയ്യാനും കിഷന് സാധിക്കുമെന്നുള്ള വിലയിരുത്തലുണ്ടായിരുന്നു. 2023 ഏകദിന ലോകകപ്പിന് ശേഷം ഐസിസി ടി20 ടൂര്‍ണമെന്റിനായി തയ്യാറെടുക്കുന്നതിന്റെ ഭാഗമായി ഇന്ത്യയ്ക്ക് ഉണ്ടായിരുന്ന 11 ടി20കളില്‍ മൂന്നെണ്ണം മാത്രമാണ് ഇഷാന്‍ കളിച്ചത്. 

ഹോം ഗ്രൗണ്ടില്‍ ഓസ്ട്രേലിയയ്ക്കെതിരെ തുടര്‍ച്ചയായി അര്‍ധസെഞ്ചുറികള്‍ നേടിയെങ്കിലും പിന്നീട് ജിതേഷ് ശര്‍മ പ്രധാന കീപ്പറായി ഉയര്‍ന്നു. ഒരു മാസത്തിന് ശേഷം, ഇഷാന്‍ ഇടവേള എടുത്തു. അതിനുശേഷം ഇന്ത്യന്‍ ജേഴ്‌സിയിലേക്ക് തിരിച്ചുവരാന്‍ സാധിച്ചിട്ടില്ല. രഞ്ജി ട്രോഫി മത്സരങ്ങളില്‍ പങ്കെടുക്കാന്‍ ബിസിസിഐ അദ്ദേഹത്തോട് ആവര്‍ത്തിച്ച് ആവശ്യപ്പെട്ടിരുന്നു, എന്നാല്‍ അദ്ദേഹം ചെവികൊണ്ടതുമില്ല. പിന്നാലെ ടി20 ലോകകപ്പ് ടീമിലേക്കും പരിഗണിച്ചില്ല.

ടീമിന് 125 കോടി! കാന്‍സര്‍ ബാധിതനായ മുന്‍ താരത്തിന്‍റെ ചികിത്സയ്ക്ക് സഹായം ആവശ്യപ്പെട്ട് സന്ദീപ് പാട്ടീല്‍

ഇപ്പോഴിതാ സിംബാബ്‌വെ പര്യടനത്തിനുള്ള ടീമില്‍ നിന്നും താരം പുറത്തുതന്നെ. കിഷന്‍ മാത്രമല്ല ടീമിലെത്തുമെന്ന് കരുതപ്പെട്ടിരുന്ന ചില താരങ്ങള്‍ കൂടി പുറത്തായി. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെ മൂന്നാം ഐപിഎല്‍ കിരീടത്തിലേക്ക് നയിച്ച ശ്രേയസ് അയ്യര്‍, ടീമംഗം വരുണ്‍ ചക്രവര്‍ത്തി, ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിന്റെ ക്യാപ്റ്റന്‍ കെ എല്‍ രാഹുല്‍, പേസര്‍ മായങ്ക് യാദവ്, സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ ഉമ്രാന്‍ മാലിക്, രാജസ്ഥാന്‍ റോയല്‍സിന്റെ സന്ദീപ് ശര്‍മ, റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന്റെ യഷ് ദയാല്‍ എന്നിവര്‍ ടീമിലെത്തുമെന്ന് കരുതപ്പെട്ടെങ്കിലും അതുണ്ടായില്ല.

സിംബാബ്‌വെ പര്യടനത്തിനുള്ള ഇന്ത്യന്‍ ടീം: ശുഭ്മാന്‍ ഗില്‍ (ക്യാപ്റ്റന്‍), യശസ്വി ജയ്‌സ്വാള്‍, റുതുരാജ് ഗെയ്കവാദ്, അഭിഷേക് ശര്‍മ, റിങ്കു സിംഗ്, സഞ്ജു സാംസണ്‍ (വിക്കറ്റ് കീപ്പര്‍), ധ്രുവ് ജുറല്‍ (വിക്കറ്റ് കീപ്പര്‍), ശിവം ദുബെ, റിയാന്‍ പരാഗ്, വാഷിംഗ്ടണ്‍ സുന്ദര്‍, രവി ബിഷ്‌ണോയ്, അവേഷ് ഖാന്‍, ഖലീല്‍ അഹമ്മദ്, മുകേഷ് കുമാര്‍, തുഷാര്‍ ദേശ്പാണ്ഡെ. ഇതില്‍ സഞ്ജു, ദുബെ, ജയ്‌സ്വാള്‍ എന്നിവര്‍ ആദ്യ ടി20ക്ക് ശേഷം ടീമിനൊപ്പം ചേരും.

click me!