IPL 2022 : തുണയായത് ലിവിംഗ്സ്റ്റണിന്റെ ഇന്നിംഗ്‌സ് മാത്രം; ചെന്നൈക്കെതിരെ പഞ്ചാബിന് പ്രതീക്ഷിച്ച സ്‌കോറില്ല

By Web Team  |  First Published Apr 3, 2022, 9:26 PM IST

ആദ്യ ജയമാണ് ചെന്നൈ ലക്ഷ്യമിടുന്നത്. കളിച്ച രണ്ട് മത്സരങ്ങളിലും അവര്‍ പരാജയപ്പെട്ടിരുന്നു. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനോടും പൂനെ സൂപ്പര്‍ ജയന്റ്‌സിനോടാണ് ചെന്നൈ പരാജയപ്പെട്ടത്. 


മുംബൈ: ഐപിഎലില്‍ (IPL 2022) പഞ്ചാബ് കിംഗ്‌സിനെതിരെ (Punjab Kings) മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിന് (CSK) 181 റണ്‍സ് വിജയലക്ഷ്യം. മുംബൈ ബ്രാബോണ്‍ സ്‌റ്റേഡിയത്തില്‍ ടോസ് നഷ്ടപ്പെട്ട ബാറ്റിംഗിന് ഇറങ്ങിയ പഞ്ചാബിന് ലിയാം ലിവിംഗ്സ്റ്റണിന്റെ (32 പന്തില്‍ 60) ഇന്നിംഗ്‌സാണ് തുണയായത്. എട്ട് വിക്കറ്റുകളാണ് അവര്‍ക്ക് നഷ്ടമായത്. ക്രിസ് ജോര്‍ദാന്‍, ഡ്വെയ്ന്‍ പ്രിട്ടോറ്യൂസ് എന്നിവര്‍ രണ്ട് വിക്കറ്റ് വീഴ്ത്തി.

മത്സരത്തിലെ രണ്ടാം പന്തില്‍ തന്നെ പഞ്ചാബിന് മായങ്കിനെ നഷ്ടമായി. ചൗധരിയുടെ പന്തില്‍ റോബിന്‍ ഉത്തപ്പയ്ക്ക് ക്യാച്ച്. ക്രിസ് ജോര്‍ദാന്‍ എറിഞ്ഞ തൊട്ടടുത്ത ഓവറില്‍ രജപക്‌സ റണ്ണൗട്ടായി. വിക്കറ്റ് കീപ്പര്‍ ധോണിയുടെ കൃത്യമായ ഇടപെടലാണ് രജപക്‌സയെ പുറത്താക്കിയത്. എന്നാല്‍ ക്രീസില്‍ ധവാനൊപ്പം ചേര്‍ന്ന ലിവിംഗ്സ്റ്റണ്‍ പഞ്ചാബിനെ തകര്‍ച്ചയില്‍ നിന്ന് രക്ഷിച്ചു. ഇരുവരും 95 റണ്‍സ് കൂട്ടിചേര്‍ത്തു. എന്നാല്‍ അടുത്തടുത്ത ഓവറുകളില്‍ പഞ്ചാബിന് ഇരുവരേയും നഷ്ടമായി. 

Latest Videos

undefined

ധവാനെ (33) ബ്രാവോ ക്യാപ്റ്റന്‍ രവീന്ദ്ര ജഡേജയുടെ കൈകളിലെത്തിച്ചു. അടുത്ത ഓവറില്‍ ലിവിംഗ്‌സ്റ്റണ്‍ ജഡേജയ്ക്ക് തന്നെ വിക്കറ്റ് നല്‍കി. ധവാന് പകരം ക്രീസിലെത്തിയ ജിതേഷ് ശര്‍മ (17 പന്തില്‍ 26) അല്‍പനേരം പിടിച്ചു. എന്നാല്‍ ഡ്വെയ്ന്‍ പ്രിട്ടോറ്യൂസ് ബ്രേക്ക്ത്രൂ നല്‍കി. ദക്ഷിണാണാഫ്രിക്കന്‍ താരത്തിന്റെ പന്തില്‍ ജിതേഷ് ഉത്തപ്പയ്ക്ക് ക്യാച്ച് നല്‍കി. 

കൂറ്റനടിക്കാരന്‍ ഷാരുഖ് ഖാന്‍ (6) ഒരിക്കല്‍കൂടി നിരാശപ്പെടുത്തി. ക്രിസ് ജോര്‍ദാന് വിക്കറ്റ്. തന്റെ അവസാന ഓവറില്‍ ഒഡെയ്ന്‍ സ്മിത്തിനെ (3) കൂടി പുറത്താക്കി ജോര്‍ദാന്‍ പഞ്ചാബിനെ ബാക്ക്ഫൂട്ടില്‍ നിര്‍ത്തി. എട്ട് പന്തില്‍ 12 റണ്‍സ് നേടിയ രാഹുല്‍ ചാഹര്‍ വാലറ്റത്ത് നിര്‍ണായക സംഭാവന നല്‍കി.

ചെന്നൈ ഒരു മാറ്റം വരുത്തിയാണ് ഇന്നത്തെ മത്സരത്തിനിറങ്ങിയത്. തുഷാര്‍ ദേഷ്പാണ്ഡെയ്ക്ക് പകരമാണ് ജോര്‍ദാന്‍ ടീമിലെത്തിയത്. പഞ്ചാബില്‍ രണ്ട് മാറ്റങ്ങളുണ്ട്. ഹര്‍പ്രീത് ബ്രാര്‍, രാജ് ബാവ എന്നവര്‍ പുറത്തായി. വൈഭവ് അറോറ, ജിതേഷ് ശര്‍മ എന്നിവരാണ് പകരക്കാര്‍. 

ആദ്യ ജയമാണ് ചെന്നൈ ലക്ഷ്യമിടുന്നത്. കളിച്ച രണ്ട് മത്സരങ്ങളിലും അവര്‍ പരാജയപ്പെട്ടിരുന്നു. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനോടും പൂനെ സൂപ്പര്‍ ജയന്റ്‌സിനോടാണ് ചെന്നൈ പരാജയപ്പെട്ടത്. 

പഞ്ചാബിന് ഒരു ജയവും തോല്‍വിയുമാണുള്ളത്. ആദ്യ മത്സരത്തില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെ മറികടന്നപ്പോള്‍ രണ്ടാം മത്സരത്തില്‍ കൊല്‍ക്കത്തയോട് തോറ്റു.

ചെന്നൈ സൂപ്പര്‍ കിംഗ്‌സ് : റിതുരാജ് ഗെയ്കവാദ്, റോബിന്‍ ഉത്തപ്പ, മൊയീന്‍ അലി, അമ്പാട്ടി റായുഡു, രവീന്ദ്ര ജഡേജ, എം എസ് ധോണി, ശിവം ദുബെ, ഡ്വെയ്ന്‍ ബ്രാവോ, ക്രിസ് ജോര്‍ദാന്‍, ഡ്വെയ്ന്‍ പ്രിട്ടോറ്യൂസ്, മുകേഷ് ചൗധരി. 

പഞ്ചാബ് കിംഗ്‌സ് : മായങ്ക് അഗര്‍വാള്‍, ശിഖര്‍ ധവാന്‍, ഭാനുക രജപക്‌സ, ലിയാം ലിവിംഗ്സ്റ്റണ്‍, ഷാരുഖ് ഖാന്‍, ജിതേഷ് ശര്‍മ, ഒഡെയ്ന്‍ സ്മിത്ത്, അര്‍ഷ്ദീപ് സിംഗ്, കഗിസോ റബാദ, രാഹുല്‍ ചാഹര്‍, വൈഭവ് അറോറ.
 

click me!