ഐപിഎല്ലിലേക്ക് കളിക്കാരെ സംഭാവന ചെയ്യുന്ന ലീഗ് എന്ന നിലയില്‍ ടി10 ലീഗിനെ വളര്‍ത്തിക്കൊണ്ടുവരാനും ട10 ലീഗിന് ലഭിക്കുന്ന വമ്പിച്ച പ്രചാരം മുതലെടുക്കാനും ഇതിലൂടെ കഴിയുമെന്നാണ് ബിസിസിഐയുടെ വിലയിരുത്തല്‍.
മുംബൈ: 2007ലെ ഇന്ത്യയുടെ ആദ്യത്തെയും അവസാനത്തെയും ടി20 ലോകകപ്പ് വിജയത്തിന് പിന്നാലെ തുടങ്ങിയ ഐപിഎല്ലിന് ശേഷം ക്രിക്കറ്റില്‍ പുതിയൊരു പരീക്ഷണത്തിന് ബിസിസിഐ ഒരുങ്ങുന്നുവെന്ന് റിപ്പോര്‍ട്ട്. ടി20 ക്രിക്കറ്റിനും ഐപിഎല്‍ ബ്രാന്‍ഡിനും ഇപ്പോഴും ഇടിവൊന്നും വന്നിട്ടില്ലെങ്കിലും ലോകമാകെ ടി10 ക്രിക്കറ്റിന് ലഭിക്കുന്ന പ്രചാരം കണക്കിലെടുത്ത് ടി10 ലീഗ് തുടങ്ങാനാണ് ബിസിസിഐ പദ്ധതിയിടുന്നതെന്ന് മണി കണ്‍ട്രോള്‍ റിപ്പോര്‍ട്ട് ചെയ്തു.
അടുത്ത വര്‍ഷം ഐപിഎല്ലിന് മുന്നോടിയായി ടി10 ലീഗ് നടത്താനുള്ള പദ്ധതികളാണ് ബിസിസിഐയുടെ പരിഗണനയിലുള്ളത്. ഇതിനായുള്ള തയാറെടുപ്പുകള്‍ ബിസിസിഐ സെക്രട്ടറി ജയ് ഷായുടെ നേതൃത്വത്തില്‍ തുടങ്ങിക്കഴിഞ്ഞുവെന്നാണ് റിപ്പോര്‍ട്ട്. ഇന്ത്യന്‍ താരങ്ങള്‍ക്കെല്ലാം ഈ ടി10 ലീഗില്‍ പങ്കെടുക്കാന്‍ കഴിയുമോ എന്ന കാര്യത്തില്‍ ഇതുവരെ തീരുമാനമെടുത്തിട്ടില്ല. കളിക്കാര്‍ക്ക് പ്രായപരിധിവെക്കുന്നതും പരിഗണനയിലുണ്ട്.
ഐപിഎല്ലിലേക്ക് കളിക്കാരെ സംഭാവന ചെയ്യുന്ന ലീഗ് എന്ന നിലയില്‍ ടി10 ലീഗിനെ വളര്‍ത്തിക്കൊണ്ടുവരാനും ട10 ലീഗിന് ലഭിക്കുന്ന വമ്പിച്ച പ്രചാരം മുതലെടുക്കാനും ഇതിലൂടെ കഴിയുമെന്നാണ് ബിസിസിഐയുടെ വിലയിരുത്തല്‍. ടി10 ലീഗിനായി പുതിയ ടീമുകളെ ക്ഷണിക്കണോ അതോ നിലവിലെ ഐപിഎല്‍ ടീമുകളെ ടി10 ലീഗില്‍ കളിപ്പിച്ചാല്‍ മതിയോ എന്ന കാര്യത്തിലും ഇതുവരെ അന്തിമ തീരുമാനമായിട്ടില്ല.
ടി10 ലീഗിനായി പുതിയ ഫ്രാഞ്ചൈസികളെ ക്ഷണിച്ചാല്‍ ബിസിസിഐക്ക് അതുവഴി വലിയ വരുമാനമുണ്ടാക്കാനാവും. എന്നാല്‍ ഐപിഎല്‍ പോലെ മറ്റ് ലീഗുകള്‍ തുടങ്ങാന്‍ ബിസിസിഐക്ക് ഐപിഎല്‍ ടീമുകളുടെയെല്ലാം അനുമതി ആവശ്യമുണ്ട്. ഐപിഎല്‍ ടീമുകളും ബിസിസിഐയും തമ്മിലുള്ള കരാര്‍ അനുസരിച്ച് ഐപിഎല്‍ ടീമുകള്‍ക്ക് ഫസ്റ്റ് റെഫ്യൂസല്‍ അവകാശമുണ്ട്. അതിനാല്‍ ഐപിഎല്‍ ടീമുകളുടെ നിലപാടായിരിക്കും ഇക്കാര്യത്തില്‍ നിര്‍ണായകമാകുക.
നിലവില്‍ അബുദാബി ടി10 ലീഗടക്കം വിവിധ ടി10 ലീഗുകളില്‍ വിവിധ രാജ്യങ്ങളിലെ പ്രമുഖ താരങ്ങള്‍ കളിക്കുന്നുണ്ട്. ഇവരില്‍ പലരും ഐപിഎല്ലിലും കളിക്കുന്നവരാണ്. ഇന്ത്യന്‍ താരങ്ങള്‍ക്ക് വിദേശ ലീഗുകളില്‍ കളിക്കാന്‍ അനുമതി ഇല്ലാത്തതിനാല്‍ ബിസിസിഐ തുടങ്ങുന്ന ടി10 ലീഗില്‍ ഇന്ത്യന്‍ താരങ്ങള്‍ക്ക് കളിക്കാനായേക്കമെന്നാണ് ആരാധകര്‍ കരുതുന്നത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക