അവസാന ദിനം ഒരു വിക്കറ്റ് പോലും എറിഞ്ഞിടാനായില്ല, ഇന്ത്യൻ യുവനിരക്ക് തോൽവി; ഓസ്ട്രേലിയ എയുടെ ജയം 7 വിക്കറ്റിന്

By Web Team  |  First Published Nov 3, 2024, 7:52 AM IST

നാലാം ദിനം 139/3 എന്ന സ്കോറില്‍ ക്രീസിലെത്തിയ ഓസ്ട്രേലിയ എയുടെ ഒരു വിക്കറ്റ് പോലും വീഴ്ത്താന്‍ ഇന്ത്യ എ ബൗളര്‍മാര്‍ക്കായില്ല.


മെല്‍ബൺ: ഓസ്‌ട്രേലിയ എയ്‌ക്കെതിരായ അനൗദ്യോഗിക ചതുര്‍ദിന ടെസ്റ്റ് മത്സരത്തില്‍ ഇന്ത്യ എക്ക് തോല്‍വി. അവസാന ദിനം ക്യാപ്റ്റൻ നതാൻ മക്‌സ്വീനിയുടെയും ബ്യൂ വെബ്സറ്ററുടെയും  അര്‍ധ സെഞ്ചുറി കരുത്തില്‍ വിജയലക്ഷ്യമായ 225 റണ്‍സ് ഓസീസ് അടിച്ചെടുത്തു. 139/3 എന്ന സ്കോറില്‍ നാലാം ദിനം ക്രീസിലെത്തിയ ഓസ്ട്രേലിയ എയുടെ ഒരു വിക്കറ്റ് പോലും വീഴ്ത്താന്‍ ഇന്ത്യ എ ബൗളര്‍മാര്‍ക്കായില്ല. മക്സ്വീനി 88 റണ്‍സുമായും വെബ്സ്റ്റര്‍ 61 റണ്‍സുമായും പുറത്താകാതെ നിന്നു. സ്കോര്‍ ഇന്ത്യ എ 107, 312, 195, 226-3. പരമ്പരയിലെ രണ്ടാമത്തെ അനൗദ്യോഗിക ടെസ്റ്റ് മത്സരം നവംബര്‍ ഏഴ് മുതല്‍ മെല്‍ബണില്‍ നടക്കും.

ഇന്നലെ സായ് സുദര്‍ശന്‍റെ (103) സെഞ്ചുറിയും മലയാളി താരം ദേവ്ദത്ത് പടിക്കലിന്‍റെ അര്‍ധസെഞ്ചുറിയുമാണ് (88) ഇന്ത്യയെ പൊരുതാവുന്ന സ്കോറിലെത്തിച്ചത്.എന്നാല്‍ ഇരുവര്‍ക്ക് പിന്നാലെ മറ്റാരും പിടിച്ചു നില്‍ക്കാതിരുന്നതോടെ ഇന്ത്യയുടെ രണ്ടാം ഇന്നിംഗ്സ് 312 റണ്‍സില്‍ അവസാനിച്ചിരുന്നു. ഇഷാന്‍ കിഷന്‍ (32), നിതീഷ് കുമാര്‍ റെഡ്ഡി (17) എന്നിവര്‍ വീണ്ടും നിരാശപ്പെടുത്തി.

Latest Videos

undefined

ഒറ്റ രാത്രി കൊണ്ട് ലക്ഷാധിപതികളിൽ നിന്ന് കോടീശ്വരൻമാരായ 7 താരങ്ങ‌ൾ

ആദ്യ ഇന്നിംഗ്സില്‍ ഇന്ത്യ 107ന് പുറത്തായപ്പോൾ മുകേഷ് കുമാറിന്‍റെ ആറ് വിക്കറ്റ് പ്രകടനത്തിന്‍റെ കരുത്തില്‍ ഓസ്ട്രേലിയ എയെ 195 റണ്‍സില്‍ ഒതുക്കാൻ ഇന്ത്യക്കായിരുന്നു.എന്നാല്‍ രണ്ടാം ഇന്നിംഗ്സില്‍ പിച്ചില്‍ നിന്ന് കാര്യമായ പിന്തുണ ലഭിക്കാതിരുന്നതോടെ ഇന്ത്യൻ പേസര്‍മാര്‍ക്ക് തുടക്കത്തില്‍ ആധിപത്യം കാട്ടിയതൊഴിച്ചാല്‍ മറ്റൊന്നും ചെയ്യാനായില്ല. രണ്ടാം ഇന്നിംഗ്സില്‍ 85-3 എന്ന സ്കോറില്‍ ഓസ്ട്രേലിയ എ പതറിയെങ്കിലും മക്സ്വീനിയും വെബ്സ്റ്ററും ചേര്‍ന്ന അവരെ ലക്ഷ്യത്തിലെത്തിച്ചു.

ഇന്ത്യ എക്കായി മുകേഷ് കുമാര്‍, പ്രസിദ്ധ് കൃഷ്ണ, മാനവ് സുതാര്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.ഓസ്ട്രേലിയക്കെതിരെ ഈ മാസം 22ന് തുടങ്ങുന്ന ടെസ്റ്റ് പരമ്പരക്കുള്ള ഇന്ത്യൻ ടീമിലെ മൂന്നാം ഓപ്പണറായ അഭിമന്യു ഈശ്വരന്‍ ആദ്യ ഇന്നിംഗ്സില്‍ ഏഴ് റണ്‍സും രണ്ടാം ഇന്നിംഗ്സില്‍ 12 റണ്‍സുമെടുത്ത് പുറത്തായത് ഇന്ത്യക്ക് നിരാശയായി.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

click me!