സ്കോര്‍ബോര്‍ഡില്‍ 43 റണ്‍സ് മാത്രമുള്ളപ്പോള്‍ ക്യാപ്റ്റന്‍ നതാന്‍ മകസ്വീനി (14), കാമറൂണ്‍ ബാന്‍ക്രോഫ്റ്റ് (3) എന്നിവരുടെ വിക്കറ്റുകള്‍ നഷ്ടമായി.
മെല്‍ബണ്‍: ഇന്ത്യ എയ്ക്കെതിരായ രണ്ടാം ചതുര്‍ദിന ടെസ്റ്റില്‍ ഒാസ്ട്രേലിയ എയ്ക്ക് രണ്ട് വിക്കറ്റ് നഷ്ടം. മെല്‍ബണ്‍ ക്രിക്കറ്റ് ഗ്രൗണ്ടില്‍ ഇന്ത്യയുടെ ഒന്നാം ഇന്നിംഗ്സ് സ്കോറായ 161നെതിരെ ഒന്നാം ദിനം കളി നിര്‍ത്തുമ്പോള്‍ രണ്ട് വിക്കറ്റിന് 53 റണ്‍സെടുത്തിട്ടുണ്ട് ഓസ്ട്രേലിയ. മാര്‍കസ് ഹാരിസ് (26), സാം കോണ്‍സ്റ്റാസ് (1) എന്നിവരാണ് ക്രീസില്‍. ഇപ്പോള്‍ 108 റണ്‍സ് മാത്രം പിറകിലാണ് ഓസീസ്. നേരത്തെ, ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ഇന്ത്യക്ക് വേണ്ടി ധ്രുവ് ജുറലാണ് (80) മികച്ച പ്രകടനം പുറത്തെടുത്തത്. നാല് വിക്കറ്റ് നേടിയ മൈക്കല്‍ നെസെര്‍, മൂന്ന് പേരെ പുറത്താക്കിയ ബ്യൂ വെബ്സ്റ്റര്‍ എന്നിവരാണ് ഇന്ത്യയെ തകര്‍ത്തത്. ഓപ്പണറായി കളിച്ചെങ്കിലും കെ എല്‍ രാഹുലിന് (4) തിളങ്ങാന്‍ സാധിച്ചില്ല.
ഓസ്ട്രേലിയക്കും തുടക്കം അത്ര നന്നായിരുന്നില്ല. സ്കോര്‍ബോര്‍ഡില്‍ 43 റണ്‍സ് മാത്രമുള്ളപ്പോള്‍ ക്യാപ്റ്റന്‍ നതാന്‍ മകസ്വീനി (14), കാമറൂണ്‍ ബാന്‍ക്രോഫ്റ്റ് (3) എന്നിവരുടെ വിക്കറ്റുകള്‍ നഷ്ടമായി. മുകേഷ് കുമാര്‍, ഖലീല്‍ അഹമ്മദ് എന്നിവര്‍ക്കായിരുന്നു വിക്കറ്റുകള്‍. നേരത്തെ, പരിതാപകരമായിരുന്നു ഇന്ത്യയുടെ തുടക്കം. സ്കോര്‍ബോര്‍ഡില്‍ 11 റണ്‍സ് മാത്രമുള്ളപ്പോല്‍ നാല് വിക്കറ്റുകള്‍ ഇന്ത്യക്ക് നഷ്ടമായി. അഭിമന്യൂ ഈശ്വരന് (0), സായ് കിഷോര്‍ (0) എന്നിവര്‍ ആദ്യ ഓവറില്‍ തന്നെ മടങ്ങി. പിന്നാലെ കെ എല്‍ രാഹുലും (4) ക്യാപ്റ്റന്‍ റുതുരാജ് ഗെയ്കവാദ് (4) എന്നിവരും മടങ്ങി. തുടര്‍ച്ചയായ മൂന്നാം ഇന്നിംഗ്സിലാണ് റുതുരാജും അഭിമന്യുവും നിരാശപ്പെടുത്തുന്നത്. തുടര്‍ന്ന് ക്രീസില്‍ ഒന്നിച്ച ദേവ്ദത്ത് പടിക്കല്‍ (26) - ജുറെല്‍ സഖ്യം 53 റണ്‍സ് കൂട്ടിചേര്‍ത്തു. എന്നാല്‍ ദേവ്ദത്തിനെ പുറത്താക്കി നെസര്‍ ഓസീസിന് ബ്രേക്ക് ത്രൂ നല്കി.
തുടര്‍ന്ന് ക്രീസിലെത്തിയ നിതീഷ് റെഡ്ഡി (16), തനുഷ് കൊട്ടിയാന് (0) എന്നിവര്‍ക്കും തിളങ്ങാന്‍ സാധിച്ചില്ല. ഖലീല്‍ അഹമ്മദും (1) പൊരുതാതെ കീഴടങ്ങി. ഇതോടെ എട്ടിന് 119 എന്ന നിലയിലായി ഇന്ത്യ. തകര്‍ച്ചയ്ക്കിടെ ഒരറ്റത്ത് പിടിച്ചുനിന്ന ജുറെലാണ് സ്കോര്‍ 150 കടത്താന്‍ സഹായിച്ചത്. പ്രസിദ്ധ് കൃഷ്ണ (14)യ്ക്കൊപ്പം 36 റണ്‍സ് ജുറെല്‍ കൂട്ടിചേര്‍ത്തു. എന്നാല്‍ ജുറലിനെ പുറത്താക്കി മക്കന്‍സി ഇന്ത്യയുടെ തകര്‍ച്ച പൂര്‍ത്തിയാക്കി. മുകേഷ് കുമാര്‍ (5) പുറത്താവാതെ നിന്നു. രണ്ട് സിക്സും ആറ് ഫോറും ഉള്‍പ്പെടുന്നതായിരുന്നു ജുറെലിന്റെ ഇന്നിംഗ്സ്. ന്യൂസിലന്‍ഡിനെതിരായ ടെസ്റ്റ് പരമ്പരയില്‍ മോശം ഫോമിലായിരുന്നു രാഹുല്‍, സര്‍ഫറാസ് ഖാന് എന്നിവരെ മറികടന്ന് ടെസ്റ്റ് ടീമിലെ സ്ഥാനത്തിന് അവകാശമുന്നയിക്കുന്ന പ്രകടനമാണ് ജുറെല്‍ പുറത്തെടുത്തത്.
നേരത്തെ, ജുറെലും രാഹുലും ബോര്‍ഡര്‍ ഗവാസ്കര്‍ ട്രോഫിക്ക് മുന്നോടിയായി ഓസ്ട്രേലിയയില്‍ എത്തിയിരിരുന്നു. ആദ്യ മത്സരം കളിച്ച ടീമില്‍ നിന്ന് നാല് മാറ്റങ്ങളുമായിട്ടാണ് ഇന്ത്യ ഇറങ്ങിയത്. ഇഷാന് കിഷന്, ബാബ ഇന്ദ്രജിത്, നവ്ദീപ് സൈനി, മാനവ് സുതര്‍ എന്നിവര്‍ക്ക് സ്ഥാനം നഷ്ടമായി. കെ എല്‍ രാഹുല്‍, ധ്രുവ് ജുറെല്‍, തനുഷ് കൊട്ടിയന്‍, ഖലീല്‍ അഹമ്മദ് എന്നിവരാണ് പകരമെത്തിയത്. ജുറെലാണ് വിക്കറ്റ് കീപ്പര്‍. രണ്ട് മത്സരങ്ങളുടെ പരമ്പരയില്‍ ഓസീസ് 1-0ത്തിന് മുന്നിലാണ്.