ബുമ്ര ഇല്ലാത്തതിന്‍റെ കുറവ് ആരേലും അറിഞ്ഞോ, ഇല്ലാല്ലേ; അർഷ്‍ദീപ് താണ്ഡവമായി ടി20 ലോകകപ്പ്, കണക്കുകള്‍ അമ്പരപ്പിക്കും
അഡ്‍ലെയ്ഡ്: സ്റ്റാർ പേസർ ജസ്പ്രീത് ബുമ്ര ട്വന്‍റി 20 ലോകകപ്പിനില്ല എന്ന് കേട്ടപ്പോഴേ ഇന്ത്യന്‍ ആരാധകരുടെ ചങ്കില്‍ ഭയം ആളിയതാണ്. കാരണം, ബുമ്രയില്ലെങ്കില്‍ മറ്റ് ഇന്ത്യന്‍ ഡെത്ത് ഓവർ ബൗളർമാർ അടിവാങ്ങിക്കൂട്ടുമെന്നായിരുന്നു വിലയിരുത്തല്‍. ഏഷ്യാ കപ്പിലെ അനുഭവം അതായിരുന്നു. എന്നാല്‍ ലോകകപ്പില്‍ ബുമ്രയുടെ അഭാവം ഒട്ടും അറിയിക്കാതെ ഇന്ത്യന്‍ പേസാക്രമണം നയിക്കുകയാണ് 23 വയസ് മാത്രമുള്ള അർഷ്‍ദീപ് സിംഗ്.
മുപ്പത്തിരണ്ട് വയസ് വീതമുള്ള മുഹമ്മദ് ഷമിയും ഭുവനേശ്വർ കുമാറുമാണ് ഇന്ത്യന്‍ പേസ് നിരയെ ഓസീസ് മണ്ണിലെ ടി20 ലോകകപ്പില്‍ നയിക്കുക എന്നാണ് ഏവരും കരുതിയിരുന്നത്. കാരണം രാജ്യാന്തര ക്രിക്കറ്റിലും ഐപിഎല്ലിലും ഇവർക്കുള്ള വമ്പന്‍ പരിചയസമ്പത്ത് തന്നെ. എന്നാല്‍ ഓസ്ട്രേലിയയില്‍ ഇന്ത്യ വിമാനമിറങ്ങിയപ്പോഴേ കഥ മാറി. വാംഅപ് മത്സരം മുതലങ്ങോട്ട് ഇന്ത്യന്‍ പേസാക്രമണത്തിന്‍റെ കപ്പിത്താന്‍ 23 വയസ് മാത്രമുള്ള അർഷ്ദീപാണ്. കഴിഞ്ഞ സീസണ്‍ ഐപിഎല്ലിലെ ഡെത്ത് ഓവർ ബൗളിംഗില്‍ അർഷ് അമ്പരപ്പിച്ചതാണെങ്കിലും ആരും ഇത്ര കൃത്യത പ്രതീക്ഷിച്ചുകാണില്ല.
undefined
ലോകകപ്പില്‍ ഇന്ത്യ ഇതുവരെ കളിച്ച നാല് മത്സരങ്ങളില്‍ 4-0-32-3, 4-0-37-2, 4-0-25-2, 4-0-38-2 എന്നിങ്ങനെയാണ് അർഷ്‍ദീപിന്‍റെ സ്റ്റാറ്റ്സ്. ലോകകപ്പില്‍ നാല് ഇന്നിംഗ്സില്‍ 14.66 ശരാശരിയിലും 10.6 സ്ട്രൈക്ക് റേറ്റിലും 8.25 ഇക്കോണമിയിലും 9 വിക്കറ്റ് നേടി. ഇക്കുറി വിശ്വാ മാമാങ്കത്തിലെ വിക്കറ്റ് വേട്ടക്കാരില്‍ ഏറ്റവും മുന്നിലുള്ള ഇന്ത്യന്‍ താരം അർഷാണ്. മറ്റൊരു ഇന്ത്യന്‍ ബൗളറും ആദ്യ 15ല്‍ പോലുമില്ല എന്നറിയുമ്പോഴാണ് അർഷ്‍ദീപിന്‍റെ മികവ് കൂടുതല്‍ വ്യക്തമാവുക.
ഇന്ന് സൂപ്പർ-12ല്‍ ബംഗ്ലാദേശിനെതിരായ നിർണായക മത്സരത്തില്‍ ഒരോവറിലെ രണ്ട് വിക്കറ്റുമായി ഇന്ത്യക്ക് ജയമൊരുക്കിയവരില്‍ പ്രധാനിയാണ് അർഷ്ദീപ് സിംഗ്. മഴ കളിച്ച മത്സരം 16 ഓവറായി ചുരുക്കിയപ്പോള്‍ പുതുക്കി നിശ്ചയിച്ച 151 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റ് വീശിയ ബംഗ്ലാദേശിനെ ഇന്ത്യ 16 ഓവറില്‍ 145-6 എന്ന സ്കോറില്‍ ഒതുക്കി. ബംഗ്ലാ ഇന്നിംഗ്സിലെ 12-ാം ഓവറിന്‍റെ ആദ്യ പന്തില്‍ അഫീഫ് ഹൊസൈന്‍(5 പന്തില്‍ 3), അഞ്ചാം പന്തില്‍ നായകന്‍ ഷാക്കിബ് അല്‍ ഹസന്‍(12 പന്തില്‍ 13) എന്നിവരെ അർഷ് പുറത്താക്കിയത് വഴിത്തിരിവായി. ഈ ഓവറില്‍ 2 റണ്‍സേ അർഷ്ദീപ് വിട്ടുകൊടുത്തുള്ളൂ. ബംഗ്ലാദേശിന് ജയിക്കാന്‍ 20 റണ്‍സ് വേണ്ടിയിരുന്ന അവസാന ഓവറില്‍ 14 റണ്‍സ് മാത്രമേ താരം വഴങ്ങിയുള്ളൂ എന്നതും ശ്രദ്ധേയമായി.
ബംഗ്ലാ കടുവകളെ കൂട്ടിലടച്ച ഇന്ത്യന്‍ വിജയം; ആഘോഷമാക്കി ആരാധകരും മുന്‍താരങ്ങളും