ബെംഗളൂരു ടെസ്റ്റില്‍ ഇന്ത്യക്ക് അടുത്ത തിരിച്ചടി, 46ന് പുറത്തായതിന് പിന്നാലെ നിര്‍ണായക താരത്തിന് പരിക്ക്

By Web TeamFirst Published Oct 17, 2024, 5:29 PM IST
Highlights

ഇന്ത്യയുടെ ഒന്നാം ഇന്നിംഗ്സ് സ്കോറായ 46 റണ്‍സിന് മറുപടിയായി രണ്ടാം ദിനം വെളിച്ചക്കുറവ് മൂലം നേരത്തെ കളി നിര്‍ത്തിയപ്പോള്‍ ന്യൂസിലന്‍ഡ് 180-3 എന്ന ശക്തമായ നിലയിലാണ്.

ബെംഗളൂരു: ന്യൂസിലന്‍ഡിനെതിരായ ബെംഗളൂരു ക്രിക്കറ്റ് ടെസ്റ്റിന്‍റെ ഒന്നാം ഇന്നിംഗ്സില്‍ 46 റണ്‍സിന് ഓള്‍ ഔട്ടായതിന് പിന്നാലെ ഇന്ത്യക്ക് അടുത്ത തിരിച്ചടി. ന്യൂസിലന്‍ഡ് ഇന്നിംഗ്സില്‍ കീപ്പ് ചെയ്യുന്നതിനിടെ പന്തുകൊണ്ട് കാല്‍ മുട്ടിന് പരിക്കേറ്റ വിക്കറ്റ് കീപ്പര്‍ റിഷഭ് പന്ത് ഗ്രൗണ്ട് വിട്ടു. രവീന്ദ്ര ജഡേജയുടെ പന്ത് കാല്‍മുട്ടില്‍കൊണ്ടാണ് റിഷഭ് പന്തിന് പരിക്കേറ്റത്. ഡെവോണ്‍ കോണ്‍വെ ബീറ്റണായ പന്ത് പതിവിലും താഴ്ന്ന് റിഷഭ് പന്തിന്‍റെ കാല്‍മുട്ടിലെ പാഡില്ലാത്ത ഭാഗത്ത് കൊള്ളുകയായിരുന്നു.

വേദനകാരണം പിന്നീട് ഗ്രൗണ്ടില്‍ തുടരാനാവാതിരുന്ന പന്തിന് പകരം ധ്രുവ് ജുറെലാണ് പിന്നീട് കീപ്പറായത്. 46 റണ്‍സിന് ഓൾ ഔട്ടായ ഇന്ത്യയുടെ ആദ്യ ഇന്നിംഗ്സിലെ ടോപ് സ്കോററായിരുന്നു 20 റണ്‍സെടുത്ത റിഷഭ് പന്ത്. രണ്ടാം ഇന്നിംഗ്സില്‍ ശക്തമായി തിരിച്ചുവരാന്‍ മധ്യനിരയില്‍ റിഷഭ് പന്തിന്‍റെ സാന്നിധ്യം ഇന്ത്യക്ക് അനിവാര്യമാണ്. പന്തിന്‍റെ പരിക്ക് ഗുരുതരമാണോ എന്ന് പരിശോധനകള്‍ക്ക് ശേഷമെ വ്യക്തമാക്കു. കാല്‍മുട്ടില്‍ നീരുള്ളതിനാല്‍ ഐസ് പാക്ക് വെച്ചാണ് റിഷഭ് പന്തിനെ ഗ്രൗണ്ടില്‍ നിന്ന് കൊണ്ടുപോയത്. രണ്ടാം ഇന്നിംഗ്സില്‍ റിഷഭ് പന്തിന് പരിക്ക് മൂലം കളിക്കാനായില്ലെങ്കില്‍ വലിയ ഒന്നാം ഇന്നിംഗ്സ് ലീഡ് ഉറപ്പിച്ച ന്യൂസിലന്‍ഡിനെതിരെ ഇന്ത്യ വെള്ളം കുടിക്കും.

Latest Videos

റെഡി ടു ഹിറ്റ്; ഇന്ത്യ തകർന്നടിയുമ്പോള്‍ ഇന്‍സ്റ്റഗ്രാം സ്റ്റോറിയുമായി രഹാനെ; ടൈമിംഗിനെ വിമര്‍ശിച്ച് ആരാധകർ

ഇന്ത്യയുടെ ഒന്നാം ഇന്നിംഗ്സ് സ്കോറായ 46 റണ്‍സിന് മറുപടിയായി രണ്ടാം ദിനം വെളിച്ചക്കുറവ് മൂലം നേരത്തെ കളി നിര്‍ത്തിയപ്പോള്‍ ന്യൂസിലന്‍ഡ് 180-3 എന്ന ശക്തമായ നിലയിലാണ്. 22 റണ്‍സോടെ രചിന്‍ രവീന്ദ്രയും 14 റണ്‍സുമായി ഡാരില്‍ മിച്ചലും ക്രീസില്‍. 91 റണ്‍സടിച്ച ഓപ്പണര്‍ ഡെവോണ്‍ കോണ്‍വെയാണ് കിവീസിന്‍റെ ടോപ് സ്കോറര്‍. ക്യാപ്റ്റൻ ടോം ലാഥം(15) ഓപ്പണിംഗ് വിക്കറ്റിലെ അര്‍ധസെഞ്ചുറി കൂട്ടുകെട്ടിന് ശേഷം മടങ്ങിയെങ്കിലും രണ്ടാം വിക്കറ്റില്‍ കോണ്‍വെ-വില്‍ യങ് സഖ്യം തകര്‍ത്തടിച്ചാണ് കിവീസിന് മികച്ച ലീഡ് സമ്മാനിച്ചത്. 33 റണ്‍സെടുത്ത യങിനെ ജഡേജയും 91 റണ്‍സെടുത്ത കോണ്‍വെയെ അശ്വിനുമാണ് വീഴ്ത്തിയത്. കുല്‍ദീപ് യാദവിനാണ് ടോം ലാഥമിന്‍റെ വിക്കറ്റ്.

click me!