കോലിയുടെ പിടി അയന്നുവോ? കുംബ്ലെയെ പരിശീലക സ്ഥാനത്ത് തിരിച്ചെത്തിക്കാന്‍ ബിസിസിഐ

By Web Team  |  First Published Sep 18, 2021, 12:58 PM IST

നിലവില്‍ ഐപിഎല്‍ ടീമായ പഞ്ചാബ് കിംഗ്‌സിന്റെ മുഖ്യ പരിശീലകനാണ് കുംബ്ലെ. 2017ല്‍ ക്യാപ്റ്റന്‍ വിരാട് കോലിയുമായുള്ള ഭിന്നതയെ തുടര്‍ന്നാണ് കുംബ്ലേ ഇന്ത്യന്‍ ടീമിന്റെ പരിശീലക സ്ഥാനം ഒഴിഞ്ഞത്.


മുംബൈ: അനില്‍ കുംബ്ലെ വീണ്ടും ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ മുഖ്യ പരിശീലകനാവാന്‍ സാധ്യത. ട്വന്റി 20 ലോകകപ്പിന് ശേഷം സ്ഥാനമൊഴിയുന്ന രവി ശാസ്ത്രിക്ക് പകരം ബിസിസിഐ കുംബ്ലെയെ പരിഗണിക്കുന്നുവെന്ന് ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്തു. നിലവില്‍ ഐപിഎല്‍ ടീമായ പഞ്ചാബ് കിംഗ്‌സിന്റെ മുഖ്യ പരിശീലകനാണ് കുംബ്ലെ. 2017ല്‍ ക്യാപ്റ്റന്‍ വിരാട് കോലിയുമായുള്ള ഭിന്നതയെ തുടര്‍ന്നാണ് കുംബ്ലേ ഇന്ത്യന്‍ ടീമിന്റെ പരിശീലക സ്ഥാനം ഒഴിഞ്ഞത്. ബിസിസിഐയുമായി ഇടഞ്ഞുനില്‍ക്കുന്ന കോലിക്ക് കുംബ്ലെ വീണ്ടും പരിശീലകനായി എത്തുന്നത് കൂടുതല്‍ കുരുക്കായേക്കും.

കുംബ്ലെയ്‌ക്കൊപ്പം മുന്‍ ഇന്ത്യന്‍ താരം വി വി എസ് ലക്ഷ്മണിനോടും അപേക്ഷ നല്‍കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഇവരില്‍ ഒരാളാവും ശാസ്ത്രിക്ക് ശേഷം ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ പരിശീലകസ്ഥാനം ഏറ്റെടുക്കുക. അച്ചടക്കത്തോടെ മുന്നോട്ടുനയിച്ച അനില്‍ കുംബ്ലെ വീണ്ടും എത്തുന്നതാണ് നല്ലതെന്നാണ് ബിസിസിഐയില്‍ ഭൂരിപക്ഷത്തിന്റെയും അഭിപ്രായം. 2016-17 സീസണിലാണ് കുംബ്ലെ പരിശീലകന്റെ സ്ഥാനം ഏറ്റെടുക്കുന്നത്. കോലി മുഴുവന്‍ സമയ ക്യാപ്റ്റനായതും ഇക്കാലയളവില്‍ തന്നെ. എന്നാല്‍ ഐസിസി ചാംപ്യന്‍സ് ട്രോഫി ഫൈനലില്‍ പാകിസ്ഥാനോട് പരാജയപ്പെട്ടതിന് പിന്നാലെ കുംബ്ലെ സ്ഥാനമൊഴിഞ്ഞു. കുംബ്ലെ കോലിയുമായി ഒരുമിച്ച് പോവാന്‍ കഴിയില്ലെന്ന് സൂചിപ്പിക്കുകയും ചെയ്തു.

Latest Videos

undefined

പിന്നാലെ സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍, സൗരവ് ഗാംഗുലി, വിവിഎസ് ലക്ഷ്മണ്‍ എന്നിവര്‍ അടങ്ങുന്ന സമിതി രവി ശാസ്ത്രിയിലേക്കെത്തുകയായിരുന്നു. ശാസ്ത്രിയെ പരിശീലകനാക്കുകയെയന്ന് സച്ചിന്റെ നിര്‍ബന്ധമായിരുന്നു. ശാസ്ത്രി പോവുമ്പോള്‍ ഓരിക്കല്‍കൂടി കുംബ്ലെയെ കൊണ്ടുവരാന്‍ ബിസിസിഐ നിര്‍ബന്ധിതരാവുകയാണ്. രാഹുല്‍ ദ്രാവിഡ്, മുന്‍ ശ്രീലങ്കന്‍ താരം  മഹേല ജയവര്‍ധനെ എന്നിവരെ സമീപിച്ചെങ്കിലും ഇരുവരും പിന്മാറുകയായിരുന്നു. 

ഇതിനിടെ ഇന്ത്യയുടെ ബാറ്റിംഗ് പരിശീലകന്‍ വിക്രം റാത്തോര്‍ മുഖ്യ പരിശീലകനാകുമെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നു. ഇതിനെ കുറിച്ചും ബിസിസിഐ പ്രതിനിധി സംസാരിച്ചു. ''റാത്തോറിന് മുഖ്യ പരിശീലക സ്ഥാനത്തേക്ക് അപേക്ഷിക്കുന്നതില്‍ തെറ്റൊന്നുമില്ല. എന്നാല്‍ അദ്ദേഹത്തിന് യോഗ്യതയുണ്ടോയെന്ന് വിലയിരുത്തേണ്ടി വരും. അദ്ദേഹം സഹപരിശീലകനായി തുടരുന്നതായിരിക്കും ഉചിതം. എന്നാല്‍ അപേക്ഷിക്കുന്നതില്‍ തടസമില്ല.'' പ്രതിനിധി വ്യക്തമാക്കി.

click me!