വികേന്ദ്രീകൃത ഉത്പാദനത്തെ പ്രോത്സാഹിപ്പിച്ച് കൊണ്ട് സംസ്ഥാനത്ത് ഒരു ലക്ഷം സൂക്ഷ്മ-ചെറകിട-ഇടത്തരം സംരംഭങ്ങൾ തുടങ്ങാനുള്ള വ്യവസായ വകുപ്പിന്റെ പദ്ധതിയിൽ പ്രവാസികൾക്ക് പ്രത്യേക ചാനൽ രൂപപ്പെടുത്താൻ ശ്രമിക്കും.
തിരുവനന്തപുരം: സംരംഭകർക്ക് (Entrepreneurship) എല്ലാ മേഖലയിലെയും ബിസിനസ്സ് (business) സാധ്യതൾ മനസ്സിലാക്കാൻ സാധിക്കുന്ന തരത്തിൽ വിദേശരാജ്യങ്ങളിലുള്ളതു പോലെ കേരളത്തിലും എന്റർപ്രണർഷിപ്പ് ഇൻഫർമേഷൻ സൂപ്പർ മാർക്കറ്റ് (Entrepreneurship information super market) തുടങ്ങുന്നതിന്റെ സാധ്യതകൾ ആരായുമെന്ന് നോർക്ക റൂട്ട്സ് റസിഡന്റ് വൈസ് ചെയർമാൻ പി.ശ്രീരാമകൃഷ്ണൻ പറഞ്ഞു. വികേന്ദ്രീകൃത ഉത്പാദനത്തെ പ്രോത്സാഹിപ്പിച്ച് കൊണ്ട് സംസ്ഥാനത്ത് ഒരു ലക്ഷം സൂക്ഷ്മ-ചെറകിട-ഇടത്തരം സംരംഭങ്ങൾ തുടങ്ങാനുള്ള വ്യവസായ വകുപ്പിന്റെ പദ്ധതിയിൽ പ്രവാസികൾക്ക് പ്രത്യേക ചാനൽ രൂപപ്പെടുത്താൻ ശ്രമിക്കും. കോവിഡിന് ശേഷം സേവനമേഖലയിൽ വളരെയധികം സാധ്യതകൾ രൂപപ്പെട്ടിട്ടുള്ള സംസ്ഥാനമാണ് കേരളം.
അവ പ്രയോജനപ്പെടുത്തുന്നതിൽ പ്രവാസി സമൂഹത്തിന് എല്ലാ സഹായവും നൽകാൻ നോർക്ക തയാറാണ്. പ്രവാസികൾക്കും വിദേശത്തുനിന്ന് തിരികെയെത്തിയവർക്കുമുള്ള ഏകദിന സംരംഭകത്വ പരിശീലന പരിപാടി തിരുവനന്തപുരത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നോർക്ക റൂട്ട്സ് ബിസിനസ് ഫെസിലിറ്റേഷൻ സെന്റർ (എൻ.ബി.എഫ് സി) കേരള ഇൻസ്റ്റിറ്റ്യൂട്ട് ഫോർ എന്റർപ്രണർഷിപ്പ് ഡെവലപ്മെന്റിന്റെ (കെ.ഐ.ഇ.ഡി) സഹകരണത്തോടെ സംഘടിപ്പിക്കുന്ന പ്രവാസി സംരംഭകത്വ പരിശീലന പരമ്പരയുടെ ഭാഗമായാണ് പരിപാടി സംഘടിപ്പിച്ചത്.
മാർക്കറ്റിനെ കുറിച്ച് സൂക്ഷ്മമായി പഠിക്കാനും നിരീക്ഷിക്കാനും സാധിക്കാത്തതാണ് പലപ്പൊഴും സംരംഭങ്ങൾക്ക് തിരിച്ചടിയാവുന്നത്. പഠന-നീരീക്ഷണങ്ങൾക്കുള്ള എല്ലാ പ്രോത്സാഹനങ്ങളും നൽകിക്കൊണ്ട് പുതിയ സാഹചര്യത്തിൽ സംരംഭകത്വത്തെ പുതിയ വിതാനങ്ങളിലേക്ക് ഉയർത്താനാണ് നോർക്ക ശ്രമിക്കുന്നത്. സംസ്ഥാനത്തെ മാത്രമല്ല, ദേശീയ തലത്തിലെയും വിദേശ വിപണിയിലെയും സാധ്യതകൾ പ്രയോജനപ്പെടുത്താൻ സംരംഭകർ മുന്നോട്ടു വരണം. പ്രവാസി സംരംഭകർക്കു വേണ്ടിയുള്ള പരിശീലന പരിപാടികൾ മറ്റു ഭാഗങ്ങളിലും സംഘടിപ്പിക്കുമെന്നും അദ്ദേഹം അറിയിച്ചു. സംരംഭകർക്കായി തയാറാക്കിയ മൂന്നു കൈപ്പുസ്തകങ്ങളുടെ പ്രകാശനവും അദ്ദേഹം നിർവഹിച്ചു.