എല്ലാ പ്രായത്തിലുള്ളവർക്കും മത്സരിക്കാൻ സാധിക്കുന്ന മെഗാ ക്വിസിൽ ക്യു ആർ കോഡ് സ്കാൻ ചെയ്ത് മത്സരാർത്ഥികൾക്ക് രജിസ്ട്രേഷൻ പൂർത്തീകരിക്കാവുന്നതാണ്
തിരുവനന്തപുരം: എനർജി മാനേജ്മെന്‍റ് സെന്‍ററിന്‍റെ ആഭിമുഖ്യത്തിൽ 2025 ഫെബ്രുവരി 7,8,9 തീയതികളിൽ തിരുവനന്തപുരത്ത് നടക്കുന്ന ഇന്‍റർനാഷണൽ എനർജി ഫെസ്റ്റിവലിനോടനുബന്ധിച്ച് മെഗാ ക്വിസ് മത്സരം സംഘടിപ്പിക്കും. എല്ലാ പ്രായത്തിലുള്ളവർക്കും മത്സരിക്കാൻ സാധിക്കുന്ന മെഗാ ക്വിസിൽ ക്യു ആർ കോഡ് സ്കാൻ ചെയ്ത് മത്സരാർത്ഥികൾക്ക് രജിസ്ട്രേഷൻ പൂർത്തീകരിക്കാവുന്നതാണ്.
ആദ്യഘട്ട മത്സരം ഓൺലൈനായി ഫെബ്രുവരി 2 വൈകീട്ട് 3 മണിക്ക് നടക്കും. ആദ്യഘട്ട മത്സര വിജയികൾ ഫെബ്രുവരി 9 ന് ഐ ഇ എഫ് കെ വേദിയിൽ വെച്ച് നടക്കുന്ന ഗ്രാന്‍റ് ഫിനാലെയിലേക്ക് യോഗ്യത നേടും. പ്രശസ്തി പത്രം, ഫലകം എന്നിവയോടൊപ്പം ഒന്നാം സമ്മാനമായി ഒരു ലക്ഷം രൂപയും രണ്ടാം സമ്മാനമായി 50,000 രൂപയും മൂന്നാം സമ്മാനമായി 25,000 രൂപയും വിജയികൾക്ക് ലഭിക്കും.
കൂടാതെ നിരവധി പ്രോത്സാഹന സമ്മാനങ്ങളും മറ്റ് വിജയികൾക്ക് ലഭിക്കും. രജിസ്ട്രേഷനുള്ള അവസാന തീയതി 2025 ജനുവരി 26. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 0471-2594922. emck@keralaenergy.gov.in.പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ emck@keralaenergy.gov.in. വെബ്സൈറ്റിൽ ലഭ്യമായ ക്യു ആർ കോഡ് സ്കാൻ ചെയ്യേണ്ടതാണ്. ഇതിനായി വ്യക്തിഗത വിവരങ്ങൾ രേഖപ്പെടുത്തേണ്ടതും ഇമെയിലിൽ ലഭിക്കുന്ന ഒ ടി പി ഉപയോഗിച്ച് രജിസ്ട്രേഷൻ പൂർത്തിയാക്കേണ്ടതുമാണ്.
രജിസ്റ്റർ ചെയ്യുന്ന എല്ലാവർക്കും നിശ്ചയിക്കുന്ന തീയതിയിൽ നിങ്ങൾക്ക് തന്നിരിക്കുന്ന ലോഗിൻ ഉപയോഗിച്ച് ഓൺലൈൻ ക്വിസ് മത്സരത്തിൽ പങ്കെടുക്കാവുന്നതാണ്. ഇ എം സി വെബ്സൈറ്റിൽ emck@keralaenergy.gov.in ഓൺലൈൻ ക്വിസ് സംബന്ധിച്ച വിശദാംശങ്ങൾ ലഭ്യമായിരിക്കും. രജിസ്ട്രേഷൻ സമയത്ത് നൽകിയ ഇമെയിൽ ഐഡിയിൽ ഓൺലൈൻ ക്വിസ് സംബന്ധിച്ച അറിയിപ്പ് ലഭിക്കും.
ഓൺലൈൻ ക്വിസിൽ ആകെ 50 ചോദ്യങ്ങൾ ഉണ്ടായിരിക്കും. ചോദ്യങ്ങളും ഉത്തരങ്ങളും മലയാളത്തിൽ ആയിരിക്കും. ഊർജം, പൊതുവിജ്ഞാനം എന്നീ മേഖലകളെ ആസ്പദമാക്കിയുള്ള ചോദ്യങ്ങളായിരിക്കും ഉണ്ടാവുക. ഒരേ സമയം സ്ക്രീനിൽ ഒരു ചോദ്യം മാത്രമേ ഉണ്ടാവൂ. ഒരു ചോദ്യത്തിന് ഉത്തരം രേഖപ്പെടുത്താൻ പരമാവധി ലഭിക്കുന്ന സമയം 10 സെക്കൻഡായിരിക്കും.
ഉത്തരങ്ങൾ ഓൺലൈനായി രേഖപ്പെടുത്തണം. തന്നിരിക്കുന്ന നാല് ഓപ്ഷനുകളിൽ നിന്ന് അനുയോജ്യമായ ഒന്ന് ക്ലിക് ചെയ്യേണ്ടതാണ്. പത്ത് സെക്കൻഡിന് ശേഷമേ അടുത്ത ചോദ്യം സ്ക്രീനിൽ തെളിയുകയുള്ളൂ. ഒരിക്കൽ ഉത്തരം രേഖപ്പെടുത്തിയാൽ അത് മാറ്റാൻ സാധിക്കില്ല. ഓരോ ശരി ഉത്തരത്തിനും ഒരു മാർക്ക് വീതം ലഭിക്കുന്നതാണ്. തെറ്റായ ഉത്തരങ്ങൾക്ക് നെഗറ്റീവ് മാർക്ക് ഉണ്ടായിരിക്കുന്നതല്ല.
സമനില വരുന്ന സാഹചര്യത്തിൽ ഏറ്റവും കുറഞ്ഞ സമയം കൊണ്ട് ശരിയായ ഉത്തരം രേഖപ്പെടുത്തിയ വ്യക്തിയെ വിജയിയായി തീരുമാനിക്കും. ജനുവരി 26 ആണ് രജിസ്ട്രേഷനുള്ള അവസാന തീയതി. അതിന് ശേഷം മോക്ക് ടെസ്റ്റിന് അവസരമുണ്ടാകും. രജിസ്റ്റർ ചെയ്തവരെ ഈ വിവരം ലഭ്യമാക്കിയ മൊബൈൽ നമ്പർ ഇമെയിൽ ഐഡി എന്നിവ വഴി അറിയിക്കും
ജില്ലാ തലത്തിൽ തിരഞ്ഞെടുക്കപ്പെട്ട വിജയിയെ വ്യക്തിപരമായി അറിയിക്കുന്നതാണ്. ഇവർക്ക് തിരുവനന്തപുരത്ത് വെച്ച് ഓഫ്‍ലൈനായി നടക്കുന്ന ഐ ഇ എഫ് കെ മെഗാ ക്വിസ് ഗ്രാന്റ് ഫിനാലെയിൽ നേരിട്ട് പങ്കെടുക്കുന്നതിന് അവസരം ലഭിക്കും. ഗ്രാന്റ് ഫിനാലെയിൽ ഒന്ന് രണ്ട് മൂന്ന് സ്ഥാനം ലഭിക്കുന്ന മത്സര വിജയികൾക്ക് യഥാക്രം 100000 രൂപ, 50000 രൂപ, 25000 രൂപ എന്നിങ്ങനെയും സർട്ടിഫിക്കറ്റും ഫലകവും ലഭിക്കും. പങ്കെടുക്കുന്നവർക്കുള്ള സർട്ടിഫിക്കറ്റ് മത്സര ശേഷം ഓൺലൈനായി ഡൗൺലോഡ് ചെയ്യാവുന്നതാണ്. ജൂറിയുടെ തീരുമാനം അന്തിമമായിരിക്കും.