ബജറ്റ് പ്രഖ്യാപനങ്ങൾ ജനങ്ങളിലേക്കെത്തിക്കാന്‍ കേന്ദ്രമന്ത്രിമാർ; ഇന്നും നാളെയും വിവിധ സംസ്ഥാനങ്ങളിലെത്തും

By Web Team  |  First Published Feb 4, 2023, 7:37 AM IST

ടൂറിസം മന്ത്രി കിഷൻ റെഡ്ഡിയാണ് കൊച്ചിയിൽ നടക്കുന്ന പരിപാടിയിൽ പങ്കെടുക്കുന്നത്. കേന്ദ്രമന്ത്രിമാരായ പിയൂഷ് ഗോയൽ കർണാടകയിലും, രാജീവ് ചന്ദ്രശേഖർ തമിഴ്നാട്ടിലും പ്രചാരണത്തിനെത്തും.


ദില്ലി: കേന്ദ്ര ബജറ്റിലെ പ്രഖ്യാപനങ്ങൾ ജനങ്ങളിലേക്കെത്തിക്കാൻ കേന്ദ്രമന്ത്രിമാർ ഇന്ന് വിവിധ സംസ്ഥാനങ്ങളിലെത്തും. ഇന്നും നാളെയുമായി വിവിധ സംസ്ഥാനങ്ങളിൽ നടക്കുന്ന പ്രചാരണ പരിപാടികളിൽ മന്ത്രിമാരും ബിജെപി നേതാക്കളും ബജറ്റിലെ പ്രഖ്യാപനങ്ങളും പദ്ധതികൾ ഉപയോഗപ്പെടുത്തേണ്ടതിനെ കുറിച്ചും വിശദീകരിക്കും. ടൂറിസം മന്ത്രി കിഷൻ റെഡ്ഡിയാണ് കൊച്ചിയിൽ നടക്കുന്ന പരിപാടിയിൽ പങ്കെടുക്കുന്നത്. കേന്ദ്രമന്ത്രിമാരായ പിയൂഷ് ഗോയൽ കർണാടകയിലും, രാജീവ് ചന്ദ്രശേഖർ തമിഴ്നാട്ടിലും പ്രചാരണത്തിനെത്തും. പന്ത്രണ്ട് വരെയാണ് ബിജെപിയുടെ രാജ്യവ്യാപക ബജറ്റ് പ്രചാരണം.

മധ്യവർഗത്തിന് നിർണായക സ്വാധീനമുള്ള രാജസ്ഥാൻ, കർണാടക, മധ്യപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിൽ തെരഞ്ഞെടുപ്പടുക്കവേയാണ് ബിജെപിയുടെ നീക്കം. ബജറ്റിൽ പ്രതീക്ഷിച്ചത്ര ആനുകൂല്യങ്ങൾ കിട്ടിയില്ലെന്ന് പാർട്ടിക്കകത്തെ നേതാക്കൾക്കിടയിൽ തന്നെ അഭിപ്രായമുണ്ട്. എന്നാലും ബജറ്റ് പ്രഖ്യാപനങ്ങൾ പരമാവധി ജനങ്ങളിലേക്കെത്തിക്കാനാണ് പാര്‍ട്ടിയുടെ തീരുമാനം. 50 പ്രധാന നഗരങ്ങളിൽ ഒരു കേന്ദ്രമന്ത്രിയും ഒരു മുതിർന്ന നേതാവും എത്തി ബജറ്റിനെ പറ്റിയും കേന്ദ്ര പദ്ധതികൾ ഉപയോഗപ്പെടുത്തേണ്ടതിനെ പറ്റിയും വിശദീകരിക്കും. ജില്ലാ തലത്തിൽ ചർച്ചകളും വാർത്താ സമ്മേളനവും സംഘടിപ്പിക്കും. ഭരണത്തിലില്ലാത്ത സംസ്ഥാനങ്ങളിൽ പ്രചാരണം വിപുലമാക്കും. പുതിയ സ്കീമിലുള്ളവർക്ക് ഏഴ് ലക്ഷം രൂപ വരെ നികുതി നല്‍കേണ്ടതില്ല എന്ന പ്രഖ്യാപനം മധ്യവർഗ്ഗത്തിൽ ചലനമുണ്ടാക്കും എന്നാണ് പാർട്ടിയുടെ പ്രതീക്ഷ. 

Latest Videos

സ്ത്രീകൾക്കിടയിൽ മഹിളാ സമ്മാൻ പദ്ധതിയെ പറ്റിയും, മുതിർന്നവർക്കിടയിൽ നിക്ഷേപ പരിധി 30 ലക്ഷമാക്കി ഉയർത്തിയതിനെ കുറിച്ചും വിശദീകരിക്കും. ബിഹാർ മുൻ ഉപമുഖ്യമന്ത്രി സുശീൽ കുമാർ മോദിയുടെ നേതൃത്ത്വത്തിലുള്ള 9 അംഗ സമിതിയുടെ നേതൃത്ത്വത്തിൽ ഈ മാസം 12 വരെ പ്രചാരണം തുടരും. ജനങ്ങളുടെ പ്രതികരണം സമിതി പാർട്ടിയെ അറിയിക്കും. അതേസമയം, തൊഴിലുറപ്പ് പദ്ധതിക്കുൾപ്പടെ വിഹിതം വെട്ടിക്കുറച്ചത് ബജറ്റ് ചർച്ചയിൽ ആയുധമാക്കാനാണ് പ്രതിപക്ഷ തീരുമാനം.

click me!