തൊഴിലുറപ്പ് പദ്ധതിയെ ദയാവധത്തിന് വിധേയമാക്കുകയാണെന്നായിരുന്നു ഇടത് എംപിമാരുടെ മറ്റൊരു വിമർശനം
ദില്ലി: കേന്ദ്ര ബജറ്റ് നിരാശാജനകമെന്ന് ഇടത് പക്ഷ അംഗങ്ങൾ ദില്ലിയിൽ പ്രതികരിച്ചു. കേന്ദ്ര ബജറ്റിൽ ജനങ്ങളുടെ വരുമാനം വർധിപ്പിക്കാൻ നടപടിയില്ലെന്നും കർഷകർക്ക് സഹായം നൽകിയില്ലെന്നും യുവാക്കൾക്ക് തൊഴിലവസരങ്ങൾ സൃഷ്ടിക്കാനോ കേന്ദ്ര സർക്കാരിലെ ഒഴിവുകൾ നികത്താനോ ഉള്ള പദ്ധതികളില്ലെന്നും വിമർശനം ഉയർന്നു.
രാസവള സബ്സിഡി കുറച്ചുവെന്നാണ് ഇടത് എംപി ബിനോയ് വിശ്വം വിമർശിച്ചത്. കഴിഞ്ഞ വർഷത്തെക്കാൾ കുറവാണിത്. ഭക്ഷ്യ സബ്സിഡിയിലും കുറവ് വരുത്തി. ഭക്ഷ്യവസ്തുക്കൾ കുറഞ്ഞ നിലയ്ക്ക് ലഭിക്കുന്ന സാഹചര്യം ഒഴിവാക്കി. കാർഷിക മേലയ്ക്ക് കാര്യമായ സഹായം ഇല്ല. കർഷകർക്ക് നേരിട്ട് സാമ്പത്തിക സഹായം ലഭിക്കുന്ന പദ്ധതിയിലും തൂക വകയിരുത്തിയത് കുറച്ചുവെന്നും അവർ വിമർശിച്ചു.
undefined
തൊഴിലുറപ്പ് പദ്ധതിയെ ദയാവധത്തിന് വിധേയമാക്കുകയാണെന്നായിരുന്നു ഇടത് എംപിമാരുടെ മറ്റൊരു വിമർശനം. തൊഴിലാളി ക്ഷേമം ഒഴിവാക്കിയാണ് പ്രഖ്യാപനം. കേരളത്തിന് കടുത്ത നിരാശയാണ് ഉണ്ടായിരിക്കുന്നത്. ബി ജെ പി സർക്കാരിന്റെ വർഗ നയങ്ങൾ പ്രതിഫലിക്കുന്ന കൺകെട്ട് വിദ്യയുടെ ബജറ്റാണെന്ന് എഎ റഹീം വിമർശിച്ചു. തൊഴിൽ ഇല്ലായ്മയെ കുറിച്ച് ഒരു അക്ഷരം പറയുന്നില്ല. കേന്ദ്ര സർക്കാർ ഒഴിവുകൾ നികത്തുന്നതിനെ കുറിച്ച് പറയുന്നില്ല. പുതു തലമുറയുടെ ജീവിത ചെലവ് കൂട്ടുന്ന ബജറ്റാണെന്നും ഭാവി ഇന്ത്യയ്ക്ക് വേണ്ടി ബജറ്റിൽ ഒന്നുമില്ലെന്നും എഎ റഹീം വിമർശിച്ചു.
ബജറ്റിനെ വിമർശിച്ച് കേരളത്തിൽ നിന്നുള്ള യുഡിഎഫ് എംപിമാരും രംഗത്ത് വന്നു. ബജറ്റ് തെരഞ്ഞെടുപ്പ് മുൻ നിർത്തിയുള്ള പ്രഖ്യാപനങ്ങൾ മാത്രമാണെന്ന് കൊല്ലം എംപി എൻകെ പ്രേമചന്ദ്രൻ വിമർശിച്ചു. നികുതി ഘടന സംബന്ധിച്ച് ഇനിയും വ്യക്തത വരാനുണ്ടെന്നും വിലക്കയറ്റം നിയന്ത്രിക്കാൻ ഒരു നടപടിയുമില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
നിരാശയുളവാക്കുന്ന ബജറ്റെന്ന് ഇടി മുഹമ്മദ് ബഷീർ പ്രതികരിച്ചു. സ്ത്രീ ശാക്തീകരണത്തിന് പ്രത്യേകമായ പദ്ധതികൾ ഇല്ല. തൊഴിലുറപ്പ് പദ്ധതിക്ക് വിഹിതം വർധിപ്പിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ന്യൂനപക്ഷങ്ങളെക്കുറിച്ച് ബജറ്റിൽ മൗനം പാലിച്ചുവെന്ന് അബ്ദു സമദ് സമദാനി വിമർശിച്ചു. യുക്രൈയ്‌നിൽ നിന്ന് മടങ്ങിയെത്തിയ വിദ്യാർഥികൾക്കായി പ്രത്യേക പദ്ധതിയില്ലെന്നും അദ്ദേഹം പറഞ്ഞു.