ഏഴ് ലക്ഷം മുതൽ 10 ലക്ഷം വരെ വാര്‍ഷിക ശമ്പളം വാങ്ങുന്നവര്‍ 10 ശതമാനം നികുതിയാണ് നൽകേണ്ടത്
ദില്ലി: മൂന്നാം മോദി സര്‍ക്കാരിൻ്റെ ആദ്യ സമ്പൂര്‍ണ ബജറ്റിൽ മധ്യവര്‍ഗത്തിന് നിരാശ. പഴയ നികുതി സമ്പ്രദായത്തിൽ കാര്യമായ യാതൊരു മാറ്റവും ഉണ്ടായിട്ടില്ല. എന്നാൽ പുതിയ നികുതി സമ്പ്രദായത്തിൽ മാറ്റങ്ങളുണ്ട്. അതും ഫലത്തിൽ ശമ്പളം വാങ്ങുന്ന ജീവനക്കാരെ സംബന്ധിച്ച് ആശ്വാസകരമല്ല.
ശമ്പളമുള്ള ജീവനക്കാർക്കുള്ള നികുതി ഇളവ് 50,000 രൂപയിൽ നിന്ന് 75,000 രൂപയായി ഉയർത്താൻ ധനമന്ത്രി നിർദ്ദേശിച്ചു. പെൻഷൻകാർക്കുള്ള കുടുംബ പെൻഷന്റെ കിഴിവ് പുതിയ നികുതി വ്യവസ്ഥയ്ക്ക് കീഴിൽ 15,000 രൂപയിൽ നിന്ന് 25,000 രൂപയായി ഉയർത്താനും നിർദ്ദേശിച്ചു. ശമ്പളക്കാരും പെൻഷൻകാരുമായ നാല് കോടി പേർക്ക് ഇത് ആശ്വാസമാകുമെന്ന് ധനമന്ത്രി പറയുന്നു.
പുതിയ നികുതി സമ്പ്രദായത്തിൽ സ്റ്റാന്റേര്‍ഡ് ഡിഡക്ഷൻ 75000 ആക്കി ഉയര്‍ത്തിയിട്ടുണ്ട്. മൂന്ന് ലക്ഷം വരെ ശമ്പളം വാങ്ങുന്നവര്‍ നികുതി നൽകേണ്ടതില്ല. ആദായ നികുതി പുതിയ സമ്പ്രദായത്തിൽ സ്ലാബുകൾ പരിഷ്‌കരിച്ചിട്ടുണ്ട്. മൂന്ന് ലക്ഷത്തിനും ഏഴ് ലക്ഷത്തിനും ഇടയിൽ വാര്‍ഷിക ശമ്പളം വാങ്ങുന്നവര്‍ അഞ്ച് ശതമാനമാണ് നികുതി നൽകേണ്ടത്. എങ്കിലും സ്റ്റാന്റേര്‍ഡ് ഡിഡക്ഷൻ ഉയര്‍ത്തിയതോടെ 3.75 ലക്ഷം രൂപ വരെ ശമ്പളം വാങ്ങുന്നവര്‍ നിലവിൽ ആദായ നികുതി അടക്കേണ്ടി വരില്ല.
ഏഴ് ലക്ഷം മുതൽ 10 ലക്ഷം വരെ വാര്‍ഷിക ശമ്പളം വാങ്ങുന്നവര്‍ 10 ശതമാനം നികുതിയാണ് നൽകേണ്ടത്. 10 മുതൽ 12 ലക്ഷം വരെ ശമ്പളം വാങ്ങുന്നവര്‍ 15 ശതമാനം നികുതിയടക്കണം. 15 ലക്ഷത്തിന് മുകളിലാണ് ശമ്പളമെങ്കിൽ 30 ശതമാനം എന്ന നിലവിലെ നികുതി തുടരും. ഫലത്തിൽ പുതിയ നികുതി സമ്പ്രദായത്തിൽ വന്നവര്‍ക്ക് 17500 രൂപ വരെ ലാഭിക്കാമെന്ന് ധനമന്ത്രി പറയുമ്പോഴും ഇത് നികുതി ദായകര്‍ക്ക് അത്രത്തോളം സന്തോഷകരമല്ല.