ജിഡിപി യുടെ 50% വിഹിതവും സേവനമേഖലയിൽ നിന്ന്: മേഖല 8.2 % വളർച്ചയിലേക്കെന്നും സാമ്പത്തിക സർവെ

By Web Team  |  First Published Jan 31, 2022, 10:16 PM IST

രാജ്യത്തേക്ക് വന്ന നേരിട്ടുള്ള വിദേശ നിക്ഷേപം ഏറ്റവും കൂടുതൽ ലഭിച്ചത് സേവനമേഖലയ്ക്കാണ്.  2021 -22 ൻ്റെ ആദ്യപാദത്തിൽ 16.73 ബില്യൺ അമേരിക്കൻ ഡോളറിൻ്റെ നേരിട്ടുള്ള വിദേശ നിക്ഷേപം ആണ് സേവന മേഖലയ്ക്ക് ലഭിച്ചത്


ദില്ലി: ഇന്ത്യയുടെ  മൊത്ത ആഭ്യന്തര ഉത്പാദനത്തിൻ്റെ 50 ശതമാനത്തിലേറെ സേവനമേഖലയുടെ സംഭാവനയാണെന്ന് കേന്ദ്ര ധനമന്ത്രി നിർമ്മലാ സീതാരാമൻ പാർലമെൻ്റിന് മുൻപാകെ സമർപ്പിച്ച സാമ്പത്തിക സർവ്വേ 2021 -22 വ്യക്തമാക്കുന്നു. 2021 -22 ആദ്യപാദത്തിൻ്റെ വാർഷിക വളർച്ചയിൽ, സേവനമേഖല 10.8% പുരോഗതി  കൈവരിച്ചു.  മൊത്ത മൂല്യവർധനയിൽ ( GVA )2021- 22 കാലയളവിൽ    സേവനമേഖല 8.2 % വളർച്ച കൈവരിക്കുമെന്നാണ് പ്രതീക്ഷയെന്നും സാമ്പത്തിക സർവെ പറയുന്നു.

സേവനമേഖലയിലെ നേരിട്ടുള്ള വിദേശ നിക്ഷേപം

Latest Videos

undefined

രാജ്യത്തേക്ക് വന്ന നേരിട്ടുള്ള വിദേശ നിക്ഷേപം ഏറ്റവും കൂടുതൽ ലഭിച്ചത് സേവനമേഖലയ്ക്കാണ്.  2021 -22 ൻ്റെ ആദ്യപാദത്തിൽ 16.73 ബില്യൺ അമേരിക്കൻ ഡോളറിൻ്റെ നേരിട്ടുള്ള വിദേശ നിക്ഷേപം ആണ് സേവന മേഖലയ്ക്ക് ലഭിച്ചത്.

സേവന വ്യാപാരം

സേവനങ്ങൾ കയറ്റുമതി ചെയ്യുന്ന ആദ്യ 10 രാഷ്ട്രങ്ങളുടെ പട്ടികയിൽ 2020 ലും ഇന്ത്യ ഇടം പിടിച്ചു. ആഗോള വാണിജ്യ സേവന കയറ്റുമതിയിൽ 2019 നെ അപേക്ഷിച്ച് (3.4%)  4.1% പുരോഗതിയാണ് 2020 ൽ രാജ്യം സ്വന്തമാക്കിയത്. മൊത്ത സേവന കയറ്റുമതിയിലെ ഇരട്ടയക്ക പുരോഗതിയ്ക്കൊപ്പം സോഫ്റ്റ്‌വെയർ കയറ്റുമതി, വ്യവസായ ചരക്കുനീക്ക സേവനങ്ങൾ എന്നിവയിലെ മികവും, 2021- 22 സാമ്പത്തിക വർഷത്തിൻ്റെ ആദ്യ പാദത്തിലെ സേവന കയറ്റുമതിയിൽ 22.8 ശതമാനം വളർച്ച സമ്മാനിച്ചു.

IT-BPM മേഖല

NASSCOM’ ൻ്റെ താത്കാലിക കണക്കുകൾ പ്രകാരം 2020-21 കാലയളവിൽ  e-കോമേഴ്‌സ് ഒഴിച്ചുള്ള IT-BPM വരുമാനം 194 ബില്യൺ അമേരിക്കൻ ഡോളർ ആണ്. 1.38 ലക്ഷം പേർക്ക് കൂടി തൊഴിൽ നൽകിയതിനൊപ്പം 2.26 ശതമാനത്തിൻ്റെ വാർഷിക വളർച്ചയും മേഖല സ്വന്തമാക്കി.

സ്റ്റാർട്ടപ്പുകളും പേറ്റൻ്റുകളും

2022 ജനുവരി 10 വരെയുള്ള കണക്കുകൾ പ്രകാരം 61,400 ലേറെ അംഗീകൃത സ്റ്റാർട്ടപ്പുകൾ ഇന്ത്യയിലുണ്ട്. 2021 ൽ യൂണികോൺ പദവി ലഭിച്ച സ്റ്റാർട്ടപ്പുകളുടെ എണ്ണത്തിൽ റെക്കോർഡ് നിലയാണ് (44) ഇന്ത്യക്ക് ഉള്ളതെന്ന് സർവെ വ്യക്തമാക്കുന്നു . 2020- 21 കാലയളവിൽ ഇന്ത്യയിൽ ഫയൽ ചെയ്യപ്പെട്ട പേറ്റൻ്റുകളുടെ എണ്ണം 58,502 ആയി ഉയർന്നു. 2010 -11 കാലയളവിൽ ഇത് 39,400 ആയിരുന്നു . ഇതേകാലയളവിൽ അംഗീകാരം ലഭിച്ച പേറ്റൻ്റുകളുടെ എണ്ണം 7509 ൽ നിന്നും 28,391 ആയി ഉയർന്നിട്ടുണ്ട്.

വിനോദസഞ്ചാരമേഖല

വന്ദേഭാരത് ദൗത്യത്തിന് കീഴിൽ  പ്രത്യേക അന്താരാഷ്ട്ര വിമാന സർവീസുകൾ തുടരുന്നതായി സർവെ വ്യക്തമാക്കുന്നു. പതിനഞ്ചാം ഘട്ടത്തിൽ എത്തിയിരിക്കുന്ന ദൗത്യത്തിലൂടെ 63.55 ലക്ഷത്തിലേറെ പേരാണ് യാത്ര ചെയ്തത്.

തുറമുഖ , ഷിപ്പിങ് & ജലപാത സേവനങ്ങൾ

രാജ്യത്തെ എല്ലാ തുറമുഖങ്ങൾക്കുമായി പ്രതിവർഷം കൈമാറ്റം ചെയ്യാൻ കഴിയുന്ന മൊത്ത ചരക്ക് ശേഷി (ടോട്ടൽ കാർഗോ കപ്പാസിറ്റി -MTPA ), 2021 മാർച്ച് വരെയുള്ള കണക്കുകൾ പ്രകാരം1,246.86 മില്യൺ ടൺ ആയി വർദ്ധിച്ചിട്ടുണ്ട്. 2014 മാർച്ചിൽ ഇത് 1052.23 MTPA ആയിരുന്നു. മാത്രമല്ല തുറമുഖങ്ങളിൽ കൂടെയുള്ള ചരക്ക് കൈമാറ്റത്തിലും  2021- 22 കാലയളവിൽ വർദ്ധനവ് ഉണ്ടായിട്ടുണ്ട്. 2021 ഏപ്രിൽ- നവംബർ കാലയളവിൽ 10.16% പുരോഗതിയാണ്  ഉണ്ടായിരിക്കുന്നത്. രാജ്യത്ത് തുറമുഖ കേന്ദ്രീകൃത വികസനം പ്രോത്സാഹിപ്പിക്കുന്നത് ലക്ഷ്യമിട്ടുള്ള സാഗർമാല പരിപാടിയുടെ ഭാഗമായി 5.53 ലക്ഷം കോടി രൂപ ചിലവിൽ 802 പദ്ധതികളാണ് നടക്കുന്നത്.

ബഹിരാകാശ മേഖല

2020ൽ ബഹിരാകാശ മേഖലയിൽ നിരവധി പരിഷ്കാരങ്ങൾക്ക് ഭരണകൂടം നേതൃത്വം നൽകിയതായി സർവേ വ്യക്തമാക്കുന്നു. ബഹിരാകാശ അധിഷ്ഠിത സേവനങ്ങൾ ലഭ്യമാക്കുന്നതിൽ സ്വകാര്യമേഖലയുടെ പങ്കാളിത്തം ഉറപ്പാക്കൽ ലക്ഷ്യമിട്ടാണ് ഇത്. ന്യൂ സ്പേസ് ഇന്ത്യ ലിമിറ്റഡ് (NSIL) ൻ്റെ ശാക്തീകരണം, നിലവിലെ വിതരണ അധിഷ്ഠിത സമ്പ്രദായത്തിൽ നിന്നും ചോദന അധിഷ്ഠിത സമ്പ്രദായത്തിലേക്ക് ഉള്ള മാറ്റം, ബഹിരാകാശ വകുപ്പിന് കീഴിൽ ഇന്ത്യൻ  നാഷണൽ  സ്പേസ്  പ്രൊമോഷൻ  ആൻഡ്  ഓതറൈസേഷൻ സെന്റർ  (IN-SPACe) എന്ന  പേരിൽ ഒരു സ്വതന്ത്ര നോഡൽ ഏജൻസിക്ക് രൂപം നൽകൽ തുടങ്ങിയവ ഇതിലുൾപ്പെടുന്നു.

click me!