കേന്ദ്ര ബജറ്റ്: നിര്‍മല സീതാരാമന് മുന്നില്‍ പ്രതീക്ഷകളും വെല്ലുവിളികളും

By Web Team  |  First Published Jul 5, 2019, 8:10 AM IST

അഞ്ചു സംസ്ഥാനങ്ങളിലെ വോട്ടെടുപ്പ് സർക്കാർ നേരിടാൻ പോകുകയാണ്. ദില്ലിയിലും മുംബൈയിലും വോട്ടെടുപ്പ് നടത്താനിരിക്കെ മധ്യവർഗ്ഗത്തെ സർക്കാരിന് കൈവിടാനാവില്ല.


ദില്ലി: 2014 നേക്കാള്‍ വലിയ ജനവിധിയുമായാണ് രണ്ടാം മോദി സർക്കാർ അധികാരത്തിലെത്തിയത്. രണ്ടാം മോദി സര്‍ക്കാരിന്‍റെ ആദ്യ ബജറ്റ് അവതരിപ്പിക്കാനെത്തുമ്പോള്‍ ധനമന്ത്രി നിര്‍മ്മല സീതാരാമന്‍റെ മുന്നില്‍ വെല്ലുവിളികളും പ്രതീക്ഷകളും ഏറെയാണ്.

പിയൂഷ് ഗോയൽ അവതരിപ്പിച്ച ഫെബ്രുവരിയിലെ എന്‍ഡിഎ സര്‍ക്കാരിന്‍റെ അവസാന ബജറ്റിന് ലോക്സഭാ തെരഞ്ഞെടുപ്പിൽ മധ്യവർഗത്തെ ആകർഷിക്കുന്നതിൽ നിർണ്ണായക പങ്കുണ്ടായിരുന്നു. അഞ്ചുലക്ഷം വരെ വരുമാനം ഉള്ളവർക്ക് നികുതിയില്ല എന്ന പ്രഖ്യാപനം ഇടത്തരക്കാരെ ആകർഷിച്ചു. കർഷകർക്ക് 6000 രൂപ എന്നത് ഗ്രാമീണ മേഖലയിലെ അതൃപ്തി മറികടക്കാൻ സഹായിച്ചു.

Latest Videos

undefined

സാമ്പത്തിക വളർച്ചയുടെ വേഗം കൂട്ടുക എന്നതാണ് നിർമലാ സീതാരാമന് മുന്നിലുള്ള പ്രധാന ദൗത്യം, ഒപ്പം നിക്ഷേപം ഉറപ്പാക്കുകയും വേണം. അഞ്ച് ട്രില്ല്യൺ ഡോളറിന്‍റെ സാമ്പത്തിക ശക്തിയായി വളരണമെങ്കിൽ എട്ട് ശതമാനം വളർച്ച അനിവാര്യം എന്ന് സാമ്പത്തിക സർവ്വേ നിർദ്ദേശിക്കുന്നു.

വളർച്ച ഉറപ്പാക്കാനുള്ള നിർദ്ദേശങ്ങൾ ഇന്നത്തെ ബജറ്റിൽ പ്രതീക്ഷിക്കാം. അതിനാൽ നികുതിഇളവുകൾ കാര്യമായി ഉണ്ടാവാൻ വഴിയില്ല. അഞ്ചുലക്ഷം വരെ വരുമാനം ഉള്ളവർക്ക് നികുതി ഇല്ല എന്ന നിർദ്ദേശം തുടരുമെന്ന് പ്രതീക്ഷിക്കാം. ആദായനികുതിക്കുള്ള പരിധി രണ്ടരയിൽ നിന്ന് മൂന്ന് ലക്ഷമായി ഉയർത്തണമെന്ന ആവശ്യം, ഭവനവായ്പാ പലിശയ്ക്ക് കൂടുതൽ ആനുകൂല്യം നല്‍കണം എന്ന ആവശ്യവും ശക്തമാണ്.
 
അഞ്ചു സംസ്ഥാനങ്ങളിലെ വോട്ടെടുപ്പ് സർക്കാർ നേരിടാൻ പോകുകയാണ്. ദില്ലിയിലും മുംബൈയിലും വോട്ടെടുപ്പ് നടത്താനിരിക്കെ മധ്യവർഗ്ഗത്തെ സർക്കാരിന് കൈവിടാനാവില്ല. അതായത് ജനപ്രിയ പ്രഖ്യാപനങ്ങൾ പൂർണ്ണമായും ഒഴിവാക്കാനാവില്ല. ഇതിനൊപ്പം വളർച്ച ഉറപ്പാക്കുകയും വേണം എന്നതാണ് നിർമലാ സീതാരാമൻ നേരിടുന്ന വെല്ലുവിളി. 

click me!