പെട്രോൾ, ഡീസൽ, സ്വർണ വില കൂടും: ആദായനികുതി സ്ലാബിൽ മാറ്റമില്ല

By Web Team  |  First Published Jul 5, 2019, 1:41 PM IST

പെട്രോളിന്‍റെയും ഡീസലിന്‍റെയും സെസ് രണ്ട് രൂപ കൂട്ടി. ഇത് വഴി ഇന്ധന വില കൂടാനാണ് സാധ്യത. സ്വർണത്തിന്‍റെ കസ്റ്റംസ് തീരുവയും കൂട്ടി. 


ദില്ലി: രാജ്യത്ത് ഇന്ധനവില കൂടാൻ സാധ്യത. പെട്രോളിന്‍റെയും ഡീസലിന്‍റെയും വില കൂടും. രണ്ട് ഉത്പന്നങ്ങളുടെയും സെസ് രണ്ട് രൂപ കൂട്ടുന്ന സാഹചര്യത്തിൽ വില കൂടാനാണ് സാധ്യത. ഒരു ലിറ്ററിനുള്ള സെസ്സും തീരുവയും രണ്ട് രൂപ കൂട്ടുമെന്നാണ് കേന്ദ്ര ബജറ്റിൽ നിർമല സീതാരാമൻ പ്രഖ്യാപിച്ചത്. 

അതേസമയം, ഇടത്തരക്കാർ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ആദായനികുതി ഇളവുകൾ ഇത്തവണ ഉണ്ടായില്ല. നേരത്തേ ലോക്സഭാ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് ഇടക്കാല കേന്ദ്രധനമന്ത്രിയായിരുന്ന പിയൂഷ് ഗോയൽ പ്രഖ്യാപിച്ച അതേ സ്ലാബിൽ തന്നെ ആദായനികുതി ഇളവ് തുടരും. അഞ്ച് ലക്ഷം രൂപ വരെ വാർഷിക വരുമാനമുള്ളവർക്ക് ആദായനികുതി അടയ്ക്കേണ്ടതില്ല. മറ്റുള്ളവർക്ക് ആദായനികുതി നൽകണം.

Latest Videos

undefined

അതേസമയം, സ്വ‍ർണവിലയും ഉയരാനാണ് സാധ്യത. പത്ത് ശതമാനത്തിൽ നിന്ന് സ്വർണത്തിന്‍റെ ഇറക്കു മതി തീരുവ 12.5 ശതമാനമാക്കി കൂട്ടി. സ്വർണവ്യാപാരികൾക്കും ഈ നീക്കം തിരിച്ചടിയാണ്. 

അതേസമയം, ആദായനികുതി അടയ്ക്കുന്നത് കൂടുതല്‍ എളുപ്പമാക്കാന്‍ നടപടികളും ബജറ്റിൽ പ്രഖ്യാപിച്ചു. നികുതി അടയ്ക്കാന്‍ പാന്‍കാര്‍ഡ് ഇനി നിര്‍ബന്ധമല്ലെന്നാണ് പുതിയ പ്രഖ്യാപനം. പാന്‍ കാര്‍ഡിന് പകരം ആധാര്‍ കാര്‍ഡ് ഉപയോഗിച്ചും ആദായനികുതി അടയ്ക്കാം. രാജ്യത്ത് 120 കോടിയോളം പേര്‍ക്ക് ആധാര്‍ കാര്‍ഡുള്ള സ്ഥിതിക്ക് ഇതുവഴി നികുതി ഇടപാടുകള്‍ ലളിതവും സുതാര്യവുമാക്കി മാറ്റാന്‍ സാധിക്കുമെന്ന് ധനമന്ത്രി പറഞ്ഞു. 

അഞ്ച് കോടിയിലധികം വാര്‍ഷിക വരുമാനമുള്ളവര്‍ക്ക് 7 ശതമാനവും രണ്ട് കോടിയിലധികം വാര്‍ഷിക വരുമാനമുള്ളവര്‍ക്ക് 3 ശതമാനവും സര്‍ചാര്‍ജ് ഈടാക്കുമെന്നും ധനമന്ത്രി ബജറ്റ് അവതരണത്തിനിടെ അറിയിച്ചു. 

കോര്‍പ്പറേറ്റ് നികുതിയില്‍ വന്‍ ഇളവുകളും ബജറ്റില്‍ പ്രഖ്യാപിച്ചു. ഇതുവരെ 250 കോടി രൂപയിലേറെ വാര്‍ഷിക വരുമാനമുള്ള കമ്പനികളാണ് 25 ശതമാനം കോര്‍പ്പറേറ്റ് നികുതി അടച്ചതെങ്കില്‍ ഈ പരിധി 400 കോടിയായി ഉയര്‍ത്തി ഭൂരിപക്ഷം കമ്പനികള്‍ക്കും നികുതിയിളവ് ലഭ്യമാക്കുകയാണെന്ന്  ധനമന്ത്രി ബജറ്റ് അവതരണത്തിനിടെ പ്രഖ്യാപിച്ചു. 

രാജ്യത്തെ നികുതിദായകര്‍ക്ക് നന്ദി പറയുന്നതായി ബജറ്റ് അവതരണത്തിനിടെ ധനമന്ത്രി പറഞ്ഞു. ഉത്തരവാദിത്തമുള്ള ഈ പൗരന്‍മാര്‍ നികുതി കൃത്യമായി അടച്ചതിനാലാണ് വികസന പദ്ധതികളുമായി സര്‍ക്കാരിന് മുന്നോട്ട് പോകാന്‍ സാധിക്കുന്നത്. 

click me!