തൊഴില്‍ നിയമങ്ങള്‍ കഴിവുറ്റതാക്കും; നാല് കോഡുകള്‍ക്ക് കീഴില്‍ ഏകീകരിക്കും

By Web Team  |  First Published Jul 5, 2019, 3:49 PM IST

44 തൊഴില്‍ നിയമങ്ങളെ നാല് കോഡുകള്‍ക്ക് കീഴില്‍ കൊണ്ടുവരാനാണ് തീരുമാനം. വിവിധ മേഖലകളിലെ തൊഴിലാളികളുടെ അടിസ്ഥാനവേതനം സംബന്ധിച്ച തര്‍ക്കങ്ങള്‍ക്കും ഇതോടെ പരിഹാരമാകുമെന്നാണ് പ്രതീക്ഷ.
 


ദില്ലി: തൊഴില്‍ നിയമങ്ങളെ കൂടുതല്‍ കഴിവുറ്റതാക്കാന്‍ നാല് കോഡുകള്‍ക്ക് കീഴിലായി ഏകീകരിക്കുമെന്ന് ബജറ്റില്‍ പ്രഖ്യാപനം. 44 തൊഴില്‍ നിയമങ്ങളെ നാല് കോഡുകള്‍ക്ക് കീഴില്‍ കൊണ്ടുവരാനാണ് തീരുമാനം. വിവിധ മേഖലകളിലെ തൊഴിലാളികളുടെ അടിസ്ഥാനവേതനം സംബന്ധിച്ച തര്‍ക്കങ്ങള്‍ക്കും ഇതോടെ പരിഹാരമാകുമെന്നാണ് പ്രതീക്ഷ.

"തൊഴില്‍നിയമങ്ങളെയെല്ലാം നാല് കോഡുകള്‍ക്ക് കീഴില്‍ കൊണ്ടുവരാനാണ് കേന്ദ്രസര്‍ക്കാര്‍ ശുപാര്‍ശ ചെയ്തിരിക്കുന്നത്. രജിസ്ട്രേഷന്‍, റിട്ടേണ്‍ ഫയലിംഗ് തുടങ്ങിയ പ്രക്രിയകളുടെയെല്ലാം നിലവാരം മെച്ചപ്പെടുത്താന്‍ ഇതിലൂടെ സാധിക്കും. തൊഴില്‍ നിര്‍വചനങ്ങള്‍ മികവുറ്റതാകുന്നതോടെ പ്രശ്നങ്ങളും കുറയും." ബജറ്റ് പ്രസംഗത്തില്‍ നിര്‍മ്മല സീതാരാമന്‍ അറിയിച്ചു.

Latest Videos

undefined

ഇന്‍ഡസ്ട്രിയല്‍ റിലേഷന്‍സ് കോഡ് ബില്ല്, വേജ് കോഡ് ബില്ല്, സ്മോള്‍ ഫാക്ടറീസ് ബില്ല്, എംപ്ലോയീസ് പ്രൊവിഡന്‍റ് ഫണ്ട് ആന്‍റ് മിസെല്ലേനിയസ് പ്രൊവിഷന്‍സ് (ഭേദഗതി) ബില്ല് എന്നിവയുടെ കീഴിലാവും 44 തൊഴില്‍നിയമങ്ങളും ഏകീകരിക്കുക. തൊഴിലാളികളുടെ വേതനം, സാമൂഹ്യസുരക്ഷിതത്വവും ക്ഷേമവും, സുരക്ഷയും വ്യാപാരബന്ധങ്ങളും എന്നിവയെല്ലാം ഈ കോഡുകളുടെ പരിധിയിലാവും.

തൊഴിലാളികളുടെ വേതനം സംബന്ധിച്ച വേജ് കോഡ് ബില്ല് 2017 ഓഗസ്റ്റിലാണ് പാര്‍ലമെന്‍റില്‍ അവതരിപ്പിച്ചത്. തുടര്‍ന്ന് ഇത് സെലക്ട് കമ്മിറ്റിയുടെ പരിഗണനയ്ക്ക് വിട്ടു. 1936ലെ വേതന നിയമം, 1949ലെ അടിസ്ഥാന വേതന നിയമം, 1965ലെ ബോണസ് നിയമം, 1976ലെ തുല്യ വേതന നിയമം എന്നിവയെല്ലാം ഏകീകരിച്ചതാണ് വേജ് കോഡ് ബില്ല്. പാര്‍ലമെന്‍റിന്‍റെ ഈ സമ്മേളനത്തില്‍ തന്നെ വേജ് കോഡ് ബില്ല് പാസ്സാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. 

ഓരോ തൊഴില്‍ മേഖലയ്ക്കും നിശ്ചിത അടിസ്ഥാനവേതനം തീരുമാനിച്ചുകൊണ്ടുള്ളതാണ് ബില്ല്. അഞ്ചു വര്‍ഷം കൂടുമ്പോള്‍ അടിസ്ഥാന വേതനം പുതുക്കി നിശ്ചയിക്കണമെന്നും ബില്ലില്‍ വ്യവസ്ഥയുണ്ട്. 

click me!