പാന്‍ കാര്‍ഡിന് പകരം ഇനി ആധാര്‍ ഉപയോഗിക്കാം; കോര്‍പറേറ്റ് നികുതിയിലും ഇളവ്

By Web Team  |  First Published Jul 5, 2019, 1:14 PM IST

ഇലക്ട്രിക്ക് വാഹനങ്ങള്‍ക്ക് നികുതിയിളവ്. ഇലക്ട്രിക്ക് വാഹനങ്ങള്‍ വാങ്ങാനുള്ള വായ്പകള്‍ക്കും നികുതി ഇളവ്. 1.5 ലക്ഷം രൂപ വരെ ആദായനികുതി ഇളവ് ലഭിക്കും. 
 


ദില്ലി: ആദായനികുതി അടയ്ക്കുന്നത് കൂടുതല്‍ എളുപ്പമാക്കാന്‍ നടപടികളുമായി കേന്ദ്രസര്‍ക്കാര്‍. നികുതി അടയ്ക്കാന്‍ പാന്‍കാര്‍ഡ് ഇനി നിര്‍ബന്ധമല്ലെന്ന് യൂണിയന്‍ ബജറ്റ് അവതരണത്തിനിടെ ധനമന്ത്രി നിര്‍മല സീതാരാമന്‍ അറിയിച്ചു. പാന്‍ കാര്‍ഡിന് പകരം ആധാര്‍ കാര്‍ഡ് ഉപയോഗിച്ചും ആദായനികുതി അടയ്ക്കാം. രാജ്യത്ത് 120 കോടിയോളം പേര്‍ക്ക് ആധാര്‍കാര്‍ഡുള്ള സ്ഥിതിക്ക് ഇതുവഴി നികുതി ഇടപാടുകള്‍ ലളിതവും സുതാര്യവുമാക്കി മാറ്റാന്‍ സാധിക്കുമെന്ന് ധനമന്ത്രി പറഞ്ഞു. 

അഞ്ച് കോടിയിലധികം വാര്‍ഷിക വരുമാനമുള്ളവര്‍ക്ക് 7 ശതമാനവും രണ്ട് കോടിയിലധികം വാര്‍ഷിക വരുമാനമുള്ളവര്‍ക്ക് 3 ശതമാനവും സര്‍ചാര്‍ജ് ഈടാക്കുമെന്നും ധനമന്ത്രി ബജറ്റ് അവതരണത്തിനിടെ അറിയിച്ചു. 

Latest Videos

undefined

കോര്‍പറേറ്റ് നികുതിയില്‍ വന്‍ ഇളവുകളും ബജറ്റില്‍ പ്രഖ്യാപിച്ചു. ഇതുവരെ 250 കോടി രൂപയിലേറെ വാര്‍ഷിക വരുമാനമുള്ള കമ്പനികളാണ് 25 ശതമാനം കോര്‍പറേറ്റ് നികുതി അടച്ചതെങ്കില്‍ ഈ പരിധി 400 കോടിയായി ഉയര്‍ത്തി ഭൂരിപക്ഷം കമ്പനികള്‍ക്കും നികുതിയിളവ് ലഭ്യമാക്കുകയാണെന്ന്  ധനമന്ത്രി ബജറ്റ് അവതരണത്തിനിടെ പ്രഖ്യാപിച്ചു. 

രാജ്യത്തെ നികുതിദായകര്‍ക്ക് നന്ദി പറയുന്നതായി ബജറ്റ് അവതരണത്തിനിടെ ധനമന്ത്രി പറഞ്ഞു. ഉത്തരവാദിത്തമുള്ള ഈ പൗരന്‍മാര്‍ നികുതി കൃത്യമായി അടച്ചതിനാലാണ് വികസന പദ്ധതികളുമായി സര്‍ക്കാരിന് മുന്നോട്ട് പോകാന്‍ സാധിക്കുന്നത്. 


മറ്റു പ്രഖ്യാപനങ്ങള്‍

  • ഇലക്ട്രിക്ക് വാഹനങ്ങള്‍ക്ക് നികുതിയിളവ്.
  • ഇലക്ട്രിക്ക് വാഹനങ്ങള്‍ വാങ്ങാനുള്ള വായ്പകള്‍ക്കും നികുതി ഇളവ്. 1.5 ലക്ഷം രൂപ വരെ ആദായനികുതി ഇളവ് ലഭിക്കും. 
  • സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ഇനി ആദായനികുതിയുണ്ടാവില്ല 
  • ഒരു വര്‍ഷം ഒരു കോടിയിലേറെ രൂപ അക്കൗണ്ടില്‍ നിന്നും പണമായി പിന്‍വലിച്ചാല്‍ രണ്ട് ശതമാനം ടിഡിഎസ് ഈടാക്കും. ഡിജിറ്റല്‍ ബാങ്കിംഗ് പ്രൊത്സാപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ പരിഷ്കാരം. 
  • ഭീം ആപ്പ് അടക്കമുള്ള യുപിഐ ആപ്പുകള്‍, നെഫ്റ്റ്, ആര്‍ടിജിഎസ് എന്നിവ വഴി കമ്പനികള്‍ക്കും വ്യക്തികള്‍ക്കും ഇടപാടുകള്‍നടത്താം. ഇവയെല്ലാം സൗജന്യസേവനങ്ങളാണ്. 
  • ആദായനികുതി വരുമാനത്തില്‍ 78 ശതമാനം വളര്‍ച്ച
  • 6.38 ലക്ഷം കോടി രൂപ 2013-14 കാലത്ത് കിട്ടിയിരുന്ന സ്ഥാനത്ത് 2018-19 സാമ്പത്തിക വര്‍ഷത്തില്‍11.37 ലക്ഷം കോടി രൂപയുടെ ആദായനികുതി വരുമാനം ലഭിച്ചു. 
  • രണ്ടക്ക വര്‍ധനയാണ് നികുതി വരുമാനത്തില്‍ ഈ വര്‍ഷങ്ങളിലുണ്ടായത് 
  • വരുമാനം കുറഞ്ഞവരുടെ നികുതിഭാരം ഈ സര്‍ക്കാര്‍ കുറച്ചു. അഞ്ച് ലക്ഷത്തിന് വരുമാനമുള്ളവര്‍ക്ക് മാത്രമാണ് ഇപ്പോള്‍ വരുമാനനികുതി നല്‍കേണ്ടത്. 
click me!