ദില്ലി: ആദായനികുതി ഘടനയിൽ പല പ്രധാനമാറ്റങ്ങളും ഇന്ന് കേന്ദ്രധനമന്ത്രി നിർമലാ സീതാരാമൻ അവതരിപ്പിച്ച ബജറ്റിലുണ്ടായിരുന്നു. ആദായ നികുതി സ്ലാബിൽ മാറ്റമുണ്ടായില്ലെങ്കിലും നികുതി ദാതാക്കൾ അറിയേണ്ട പല പ്രധാനമാറ്റങ്ങളും ബജറ്റിലുണ്ട്. ആദായ നികുതി റിട്ടേൺ അടയ്ക്കാൻ ഇനി പാൻ കാർഡ് വേണ്ട. ആധാർ കാർഡ് മാത്രമുപയോഗിച്ചും നികുതി അടയ്ക്കാം. പാൻകാർഡിനുണ്ടായിരുന്ന പ്രധാന ഉപയോഗം എടുത്തുകളയുകയാണ് കേന്ദ്രസർക്കാർ ഈ നടപടിയിലൂടെ. പകരം, ആധാർ കാർഡിനെ സുപ്രധാനമായ സ്ഥാനത്തേക്ക് പ്രതിഷ്ഠിയ്ക്കുകയും ചെയ്യുന്നു.
ഇത് കൂടാതെ ആദായനികുതി അടയ്ക്കുന്നവർ അറിയേണ്ട അഞ്ച് പ്രധാനപ്പെട്ട കാര്യങ്ങൾ കൂടിയുണ്ട്. അത് ഇവിടെ:
- ഭവന വായ്‍പകൾ ഉദാരമാക്കാൻ, ആദായനികുതിയിൽ കൂടുതൽ ഇളവ് പ്രഖ്യാപിച്ചു. ഭവനവായ്പകൾക്ക് മേലുള്ള ആദായനികുതിയിൽ ഒന്നരലക്ഷം കൂടി ഇളവ് നൽകി. ഇതോടെ 45 ലക്ഷം രൂപവരെയുള്ള ഭവനവായ്പകൾക്ക് മൂന്നരലക്ഷം വരെ ആദായ നികുതിയിളവ് ലഭിക്കും. മാർച്ച് 2020 വരെയുള്ള ഭവനവായ്‍പകൾക്കാണ് ഈ ആനുകൂല്യം ലഭിക്കുക. ഇതുവരെ 45 ലക്ഷം രൂപ വരെയുള്ള ഭവനവായ്പകൾക്ക് 2 ലക്ഷം രൂപ വരെയാണ് ആദായനികുതി ഇളവ് ലഭിച്ചിരുന്നത്.
- ഇലക്ട്രോണിക് വാഹനങ്ങൾ വാങ്ങിയാൽ, 1.5 ലക്ഷം രൂപ വരെ ആദായ നികുതിയിൽ ഇളവ് ലഭിക്കുമെന്നും കേന്ദ്ര ബജറ്റിൽ പ്രഖ്യാപനമുണ്ട്. മലിനീകരണ രഹിത, ഇലക്ട്രോണിക് വാഹനങ്ങളുടെ വിൽപന കൂട്ടാനുദ്ദേശിച്ചാണ് നീക്കം.
- കറൻസി വഴിയുള്ള പണമിടപാട് കുറച്ച്, ഡിജിറ്റൽ പണമിടപാട് കൂട്ടാനും സർക്കാർ ലക്ഷ്യമിടുന്നു.1 കോടി രൂപ വരെ ബാങ്ക് വഴി പണമായി ഇടപാട് നടത്തിയാൽ അതിന് 2 ശതമാനം ടിഡിഎസ് ചുമത്താനും കേന്ദ്രസർക്കാർ തീരുമാനിച്ചിട്ടുണ്ട്. ഡിജിറ്റൽ ഇടപാടുകൾ കൂട്ടാനാണ് കേന്ദ്രസർക്കാരിന്‍റെ പുതിയ പ്രഖ്യാപനം.
- കേന്ദ്ര പൊതുമേഖലാ കമ്പനികളുടെ ഓഹരികളിൽ നിക്ഷേപിക്കുന്ന റീട്ടെയ്‍ൽ നിക്ഷേപകർക്ക് ഇക്വിറ്റി ബന്ധിത സേവിംഗ്‍സ് സ്‍കീമുകളുടേത് പോലുള്ള ആദായനികുതിയിളവുകൾ നൽകും. മൂന്ന് വർഷത്തേക്ക് ഇക്വിറ്റി ബന്ധിത സേവിംഗ്‍സ് സ്കീമുമായി ബന്ധപ്പെട്ട് മ്യൂച്വൽ ഫണ്ടുകളിൽ മൂന്ന് വർഷത്തെ ലോക്ക് - ഇൻ കാലയളവിൽ നിക്ഷേപിക്കുന്നവർക്ക് നിലവിൽ ഒന്നരലക്ഷം രൂപ വരെ ആദായനികുതിയിളവുണ്ട്. ഇതുപോലെ, സർക്കാരിന്‍റെ കമ്പനികളിൽ നിക്ഷേപിക്കുന്ന റീട്ടെയ്‍ൽ നിക്ഷേപകർക്കും ഇളവുകൾ ലഭിക്കും. എയർ ഇന്ത്യ പോലുള്ള കമ്പനികളെ തിരിച്ചുകൊണ്ടുവരാൻ. 1.05 ലക്ഷം കോടി രൂപയുടെ ഓഹരി വിറ്റഴിക്കലിനാണ് കേന്ദ്രസർക്കാർ ലക്ഷ്യമിടുന്നത്. ധൈര്യമായി കേന്ദ്രസർക്കാർ കമ്പനികളിൽ ഇനി നിങ്ങൾക്ക് ഓഹരികൾ നിക്ഷേപിക്കാം.
- അതിസമ്പന്നരിൽ നിന്ന് ആദായനികുതി സർച്ചാർജ് ഈടാക്കുന്നത് കേന്ദ്രസർക്കാർ കൂട്ടി. HNI (High Net Worth Individuals)- എന്ന അതിസമ്പന്നവിഭാഗത്തിൽ നിന്ന്, അതായത് വാർഷിക വരുമാനം രണ്ട് കോടിയിലധികമുള്ളവരിൽ നിന്ന് സർചാർജ് 25 ശതമാനമാക്കി ഉയർത്തി. 5 കോടിയിൽ കൂടുതൽ വരുമാനമുള്ളവർ 37 ശതമാനം സർചാർജ് നൽകണം.