മാരുതി സുസുക്കി 2025-ൽ പുറത്തിറക്കാൻ പോകുന്ന മൂന്ന് പുതിയ എസ്‌യുവികളെക്കുറിച്ച് അറിയുക. ഇലക്ട്രിക് വിറ്റാര, ഗ്രാൻഡ് വിറ്റാര 7-സീറ്റർ, ഫ്രോങ്ക്സ് ഹൈബ്രിഡ് എന്നിവയുടെ പൂർണ്ണ വിവരങ്ങൾ ഇതിൽ നൽകുന്നു.
ഇന്ത്യയിലെ ഏറ്റവും ജനപ്രിയ കാർ നിർമ്മാതാക്കളായ മാരുതി സുസുക്കിക്ക് മികച്ച ഒരു വാഹനനിര തന്നെയുണ്ട്. വളർന്നുവരുന്ന എസ്‌യുവി മേഖലയിൽ, ഒന്നിലധികം സെഗ്‌മെന്റുകളിൽ സാന്നിധ്യം ശക്തിപ്പെടുത്തുകയാണ് കമ്പനിയുടെ ലക്ഷ്യം. ഇതാ 2025 ൽ റോഡുകളിൽ എത്താൻ പോകുന്ന മൂന്ന് മാരുതി എസ്‌യുവികളുടെ പൂർണ്ണ വിവരങ്ങൾ അറിയാം.
മാരുതി ഇലക്ട്രിക്ക് വിറ്റാര
മാരുതി ഇ വിറ്റാര 2025 മാർച്ചിൽ എത്തും. എങ്കിലും അതിന്റെ കൃത്യമായ ലോഞ്ച് തീയതി ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. ഹാർട്ടെക്റ്റ്-ഇ പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കി, ഈ ഇലക്ട്രിക് എസ്‌യുവി 49kWh ഉം 62kWh ഉം രണ്ട് ബാറ്ററി പായ്ക്ക് ഓപ്ഷനുകളോടെ വാഗ്ദാനം ചെയ്യും. രണ്ടും 500 കിലോമീറ്ററിൽ കൂടുതൽ റേഞ്ച് വാഗ്‍ദാനം ചെയ്യുന്നു. രണ്ട് ബാറ്ററികളും ഫ്രണ്ട് ആക്‌സിൽ മൗണ്ടഡ് ഇലക്ട്രിക് മോട്ടോറുകളുമായി ജോടിയാക്കും. ഇത് യഥാക്രമം 143bhp ഉം 173bhp ഉം പവർ പുറപ്പെടുവിക്കും. രാജ്യത്തെ 100 നഗരങ്ങളിലെ ഡീലർഷിപ്പുകളിൽ മാരുതി സുസുക്കി ഫാസ്റ്റ് ചാർജറുകൾ സ്ഥാപിക്കുന്നു. കൂടാതെ 1,000 ത്തിലധികം നഗരങ്ങളിലായി 1,500 ലധികം ഇലക്ട്രിക് വാഹന-നിർദ്ദിഷ്ട സേവന കേന്ദ്രങ്ങളും സ്ഥാപിക്കുന്നു. ഇവിക്ക് വേണ്ടി ഒരു പ്രത്യേക ചാർജിംഗ് ആപ്പും മാരുതി സുസുക്കി അവതരിപ്പിക്കും.
മാരുതി ഗ്രാൻഡ് വിറ്റാര 7-സീറ്റർ
ഹ്യുണ്ടായി അൽകാസർ, ടാറ്റ സഫാരി, എംജി ഹെക്ടർ പ്ലസ് എന്നിവയ്ക്കുള്ള മാരുതി സുസുക്കിയുടെ എതിരാളി ആയിരിക്കും 7 സീറ്റർ ഗ്രാൻഡ് വിറ്റാര. Y17 എന്ന കോഡ് നാമത്തിൽ അറിയപ്പെടുന്ന പുതിയ മാരുതി 7 സീറ്റർ എസ്‌യുവി 2025 ന്റെ രണ്ടാം പകുതിയിൽ പുറത്തിറങ്ങും. അതേ ഗ്ലോബൽ സി പ്ലാറ്റ്‌ഫോമിൽ പ്രവർത്തിക്കുന്ന ഇത് 1.5 ലിറ്റർ നാച്ചുറലി ആസ്‍പിറേറ്റഡ് പെട്രോൾ, 1.5 ലിറ്റർ പെട്രോൾ-ഹൈബ്രിഡ് പവർട്രെയിൻ ഓപ്ഷനുകളുമായി വരും. ഡിസൈൻ മാറ്റങ്ങളും ഫീച്ചർ അപ്‌ഗ്രേഡുകളും പ്രതീക്ഷിക്കുന്നു. പുതിയ മാരുതി 7 സീറ്റർ എസ്‌യുവിയിൽ പുനർരൂപകൽപ്പന ചെയ്ത ഡാഷ്‌ബോർഡ്, സംയോജിത ഫ്രീ-സ്റ്റാൻഡിംഗ് ഇൻഫോടെയ്ൻമെന്റ് സിസ്റ്റം എന്നിവ ഉൾപ്പെടുത്താൻ സാധ്യതയുണ്ട്. 5 സീറ്റർ ഗ്രാൻഡ് വിറ്റാരയേക്കാൾ നീളം കൂടുതലായിരിക്കും ഇത്, കൂടുതൽ ക്യാബിൻ സ്ഥലം വാഗ്ദാനം ചെയ്യുന്നു.
മാരുതി ഫ്രോങ്ക്സ് ഹൈബ്രിഡ്
മാരുതി ഫ്രോങ്ക്സ് കോംപാക്റ്റ് ക്രോസ്ഓവർ ബ്രാൻഡിന്റെ സ്വന്തം ശക്തമായ ഹൈബ്രിഡ് പവർട്രെയിൻ അവതരിപ്പിക്കുന്ന ആദ്യ മോഡലായിരിക്കും. ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന വരാനിരിക്കുന്ന മാരുതി എസ്‌യുവികളിൽ ഒന്നാണിത്. 2025 മധ്യത്തോടെ ഇത് എത്താൻ സാധ്യതയുണ്ട്. ഒരു സീരീസ് ഹൈബ്രിഡ് സാങ്കേതികവിദ്യയോടെയാണ് ഈ ഹൈബ്രിഡ് എസ്‌യുവി വരുന്നത്. ടൊയോട്ടയുടെ ആറ്റ്കിൻസൺ ഹൈബ്രിഡ് പവർട്രെയിനിനേക്കാൾ ഇത് വളരെ ചെലവ് കുറഞ്ഞതായിരിക്കും. മാരുതി ഫ്രോങ്ക്സ് ഹൈബ്രിഡിൽ സ്വിഫ്റ്റിൽ നിന്ന് ലഭിക്കുന്ന Z12E, 3-സിലിണ്ടർ പെട്രോൾ എഞ്ചിൻ, 1.5-2kWh ബാറ്ററി പായ്ക്ക്, ഒരു ഇലക്ട്രിക് മോട്ടോർ എന്നിവ ഉൾപ്പെടും. ഈ ഹൈബ്രിഡ് എസ്‌യുവിക്ക് ലിറ്ററിന് 35 കിലോമീറ്ററിൽ കൂടുതൽ ഇന്ധനക്ഷമത നൽകാൻ കഴിയും എന്ന് കമ്പനി അവകാശപ്പെടുന്നതായാണ് റിപ്പോർട്ടുകൾ.