മാരുതി സുസുക്കി പുതിയ മോഡലുകളുമായി വിപണിയിൽ എത്തുന്നു. ടാറ്റ മോട്ടോഴ്‌സിൻ്റെ ആധിപത്യത്തെ വെല്ലുവിളിക്കാൻ ശേഷിയുള്ള എസ്‌യുവി, ഇവി മോഡലുകളാണ് പ്രധാനമായും വരുന്നത്.
മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡിന് (MSIL) വരും വർഷങ്ങളിൽ നിരവധി പുതിയ മോഡലുകൾ പുറത്തിറക്കാനുള്ള പദ്ധതികളുണ്ട്. വരാനിരിക്കുന്ന മാരുതി കാറുകളിൽ ചിലത് ടാറ്റ മോട്ടോഴ്‌സിന്റെ ആധിപത്യത്തെ വെല്ലുവിളിക്കും, പ്രത്യേകിച്ച് എസ്‌യുവി, ഇവി വിഭാഗങ്ങളിൽ. ടാറ്റയെ എതിർക്കുന്ന മാരുതിയുടെ വരാനിരിക്കുന്ന മോഡലുകൾ നോക്കാം.
മാരുതി ഇലക്ട്രിക്ക് വിറ്റാര
മാരുതി ഇ വിറ്റാര ഇലക്ട്രിക് എസ്‌യുവി വരും ആഴ്ചകളിൽ ഷോറൂമുകളിൽ എത്താൻ ഒരുങ്ങുകയാണ്. 144 ബിഎച്ച്പി ഉത്പാദിപ്പിക്കുന്ന 49kWh ഉം 174 ബിഎച്ച്പി നൽകുന്ന 61kWh ഉം ഉള്ള രണ്ട് ബാറ്ററി പായ്ക്ക് ഓപ്ഷനുകളോടെയാണ് തങ്ങളുടെ ആദ്യ ഇലക്ട്രിക് വാഹനം വരുന്നതെന്ന് കാർ നിർമ്മാതാവ് വെളിപ്പെടുത്തി. രണ്ടും സ്റ്റാൻഡേർഡായി ഒരു ഇലക്ട്രിക് മോട്ടോറുമായി ജോടിയാക്കും. ഉയർന്ന വകഭേദങ്ങൾ ഡ്യുവൽ മോട്ടോർ, ഓൾ-വീൽ ഡ്രൈവ് ഉപയോഗിച്ച് മാത്രമായി വാഗ്ദാനം ചെയ്യും. ഇതിൽ വലിയ ബാറ്ററി പായ്ക്ക് ഉൾപ്പെടുന്നു. ഒറ്റ ചാർജിൽ 500 കിലോമീറ്ററിലധികം ദൂരം സഞ്ചരിക്കാൻ ഇലക്ട്രിക് വിറ്റാരയ്ക്ക് കഴിയുമെന്ന് അവകാശപ്പെടുന്നു.
മാരുതി ഗ്രാൻഡ് വിറ്റാര 7-സീറ്റർ
മാരുതി ഗ്രാൻഡ് വിറ്റാരയുടെ മൂന്ന് നിര പതിപ്പ് 2025 ന്റെ രണ്ടാം പകുതിയിൽ പുറത്തിറക്കാൻ പദ്ധതിയിട്ടിട്ടുണ്ട്. ലോഞ്ച് ചെയ്തുകഴിഞ്ഞാൽ, ഈ 7 സീറ്റർ എസ്‌യുവി മഹീന്ദ്ര XUV700, ഹ്യുണ്ടായി അൽകാസർ, ടാറ്റ സഫാരി എന്നിവയിൽ നിന്ന് വെല്ലുവിളി നേരിടും. ഇത് അതിന്റെ 5 സീറ്റർ പതിപ്പുമായി പ്ലാറ്റ്‌ഫോം, പവർട്രെയിൻ, ഇന്റീരിയർ, സവിശേഷതകൾ, ഡിസൈൻ ഘടകങ്ങൾ എന്നിവ പങ്കിടും. അതായത്, പുതിയ മാരുതി 7 സീറ്റർ എസ്‌യുവി 1.5 ലിറ്റർ K15C പെട്രോൾ മൈൽഡ് ഹൈബ്രിഡും ടൊയോട്ടയുടെ 1.5 ലിറ്റർ ആറ്റ്കിൻസൺ സൈക്കിൾ പെട്രോൾ പവർട്രെയിൻ ഓപ്ഷനുകളുമായാണ് വരുന്നത്.
പുതുതലമുറ മാരുതി ബലേനോ
2026-ൽ തലമുറ മാറ്റത്തോടെ മാരുതി ബലേനോ ഹൈബ്രിഡ് ആയി ലോഞ്ച ചെയ്യും. അടുത്ത തലമുറ ബലേനോയിൽ സുസുക്കി എച്ച്ഇവി സ്ട്രോംഗ് ഹൈബ്രിഡ് പവർട്രെയിൻ ഉണ്ടായിരിക്കും. ഇത് വരും മാസങ്ങളിൽ ഫ്രോങ്ക്സിൽ അരങ്ങേറ്റം കുറിക്കും. ഈ സീരീസ് ഹൈബ്രിഡ് സാങ്കേതികവിദ്യ ഉപയോഗിച്ച്, ഹാച്ച്ബാക്ക് ഏകദേശം 35 കിമി - 40 കിമി ഇന്ധനക്ഷമത നൽകുമെന്ന് പ്രതീക്ഷിക്കുന്നു. സുസുക്കിയുടെ പുതിയ Z-സീരീസ് പെട്രോൾ എഞ്ചിനിൽ മാത്രമേ ഇത് വാഗ്ദാനം ചെയ്യൂ.
മാരുതി ഇലക്ട്രിക് ഹാച്ച്ബാക്ക്
ടാറ്റ ടിയാഗോ ഇവിയെ നേരിടാൻ താങ്ങാനാവുന്ന വിലയിൽ ഒരു ഇലക്ട്രിക് ഹാച്ച്ബാക്കിന്‍റെ പണിപ്പുരയിലാണ് മാരുി സുസുക്കി എന്ന് റിപ്പോർട്ടുകൾ ഉണ്ട്. Y2V എന്ന കോഡ് നാമത്തിൽ അറിയപ്പെടുന്ന ഈ ഇവിയുടെ പവർട്രെയിൻ വിശദാംശങ്ങൾ ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. എങ്കിലും Y2V ഒരു ചെറിയ 35kWh ബാറ്ററി പായ്ക്ക് ഉപയോഗിച്ച് വാഗ്ദാനം ചെയ്തേക്കാമെന്ന് വിവിധ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. 2028 ഓടെ ഈ മോഡൽ ഉൽപ്പാദനത്തിലേക്ക് പ്രവേശിച്ചേക്കാം എന്നാണ് റിപ്പോർട്ടുകൾ.
മാരുതി ഫ്രോങ്ക്സ് ഇവി
ടാറ്റ പഞ്ച് ഇവിക്ക് എതിരായി മാരുത്തി ഫ്രോങ്ക്‌സിന്റെ ഇലക്ട്രിക് പതിപ്പ് സ്ഥാനം പിടിക്കും. കാർ നിർമ്മാതാവ് ഇതുവരെ അതിന്റെ ലോഞ്ച് ടൈംലൈൻ വെളിപ്പെടുത്തിയിട്ടില്ല; എങ്കിലും, 2027 ൽ ഇവി റോഡുകളിൽ എത്താൻ സാധ്യതയുണ്ട്. 49kWh, 61kWh ബാറ്ററി പായ്ക്ക് ഓപ്ഷനുകളുമായി വരുന്ന ഇ വിറ്റാരയിൽ നിന്ന് ഫ്രോങ്ക്സ് ഇവി അതിന്റെ പവർട്രെയിൻ സജ്ജീകരണം കടമെടുക്കുമെന്ന് പ്രതീക്ഷിക്കുന്നു.