2025-ൽ പുറത്തിറങ്ങാൻ പോകുന്ന മികച്ച നാല് വലിയ എസ്‌യുവികളെക്കുറിച്ച് അറിയൂ. സ്കോഡ കൊഡിയാക്, ഫോക്‌സ്‌വാഗൺ ടിഗ്വാൻ ആർ ലൈൻ, എംജി മജസ്റ്റർ, ടൊയോട്ട ഫോർച്യൂണർ MHEV എന്നിവയുടെ പ്രധാന വിവരങ്ങൾ ഈ ലേഖനത്തിൽ നൽകുന്നു.
2025 ൽ ഒരു വലിയ എസ്‌യുവി വാങ്ങാൻ നിങ്ങൾ പദ്ധതിയിടുകയാണോ? എങ്കിൽ പെർഫോമൻസ് അടിസ്ഥാനമാക്കിയുള്ളത് മുതൽ പരിസ്ഥിതി സൗഹൃദ മോഡലുകൾ ഉൾപ്പെടെ നിരവധി പുതിയ മോഡലുകൾ വരാനിരിക്കുന്നു. വരാനിരിക്കുന്ന മികച്ച നാല് വലിയ എസ്‌യുവികളെ പരിചപ്പെടാം. അവയുടെ ലോഞ്ച് സമയക്രമം, പ്രതീക്ഷിക്കുന്ന സവിശേഷതകൾ, പ്രധാന വിശദാംശങ്ങൾ എന്നിവ അറിയാം.
സ്കോഡ കൊഡിയാക്
2025 ലെ ഭാരത് മൊബിലിറ്റി ഷോയിൽ പ്രദർശിപ്പിച്ച പുതുതലമുറ സ്കോഡ കൊഡിയാക് ഏപ്രിലിൽ ഷോറൂമുകളിൽ എത്തും. സ്‌പോർട്‌ലൈൻ, എൽ ആൻഡ് കെ എന്നീ രണ്ട് വേരിയന്റുകളിൽ ഇത് വാഗ്‍ദാനം ചെയ്യും. ഏകദേശം 45 ലക്ഷം രൂപ പ്രാരംഭ വിലയിൽ ആയിരിക്കും സ്‍കോഡ കോഡിയാക്ക് എത്തുക. ഈ വലിയ എസ്‌യുവിക്ക് കാര്യമായ ഡിസൈൻ മാറ്റങ്ങളും ഫീച്ചർ അപ്‌ഗ്രേഡുകളും ലഭിക്കുന്നു. അതേസമയം അതേ എഞ്ചിൻ സജ്ജീകരണം വാഹനം നിലനിർത്തുന്നു. 2025 സ്കോഡ കൊഡിയാക്കിൽ അതേ 2.0L ടർബോ പെട്രോൾ എഞ്ചിനാണ് ഹൃദയം. ഈ എഞ്ചിൻ പരമാവധി 190bhp പവറും 320Nm ടോർക്കും സൃഷ്‍ടിക്കുന്നു. 4X4 ഡ്രൈവ്‌ട്രെയിൻ സിസ്റ്റത്തോടുകൂടിയ 7-സ്പീഡ് ഡിസിടി ഓട്ടോമാറ്റിക് ഗിയർബോക്‌സ് ഇതിന് ലഭിക്കുന്നു.
ഫോക്‌സ്‌വാഗൺ ടിഗ്വാൻ ആർ ലൈൻ
ഫോക്‌സ്‌വാഗൺ ടിഗ്വാൻ ആർ ലൈനിനായുള്ള ബുക്കിംഗുകൾ ഇതിനകം രാജ്യവ്യാപകമായി ആരംഭിച്ചിട്ടുണ്ട്. പെർഫോമൻസിനെ അടിസ്ഥാനമാക്കിയുള്ള ഈ എസ്‌യുവിയിൽ 2.0 ലിറ്റർ, 4-സിലിണ്ടർ ടർബോ പെട്രോൾ എഞ്ചിൻ ഉണ്ട്. ഇത് പരമാവധി 204 ബിഎച്ച്പി പവറും 320 എൻഎം ടോർക്കും ഉത്പാദിപ്പിക്കുന്നു. 7-സ്പീഡ് ഡ്യുവൽ-ക്ലച്ച് ഓട്ടോമാറ്റിക് ഗിയർബോക്‌സാണ് ട്രാൻസ്‍മിഷൻ ചുമതലകൾ നിർവഹിക്കുന്നത്. ഇത് 7.1 സെക്കൻഡിനുള്ളിൽ പൂജ്യം മുതൽ 100 കിലോമീറ്റർ വേഗത കൈവരിക്കുന്നു. പരമാവധി വേഗത 229 കിലോമീറ്റർ / മണിക്കൂർ വാഗ്ദാനം ചെയ്യുന്നു.
എംജി മജസ്റ്റർ
വരും മാസങ്ങളിൽ ജെഎസ്ഡബ്ല്യു എംജി മോട്ടോർ ഇന്ത്യ ഫുൾ സൈസ് മജസ്റ്റർ എസ്‌യുവി അവതരിപ്പിക്കും . ഇത് അടിസ്ഥാനപരമായി അപ്‌ഡേറ്റ് ചെയ്ത ഗ്ലോസ്റ്റർ എസ്‌യുവിയുടെ കൂടുതൽ പ്രീമിയം വേരിയന്റാണ്, വലിയ എംജി ലോഗോയുള്ള ബ്ലാക്ക്-ഔട്ട് ഗ്രിൽ, നീളത്തിൽ കറുത്ത ക്ലാഡിംഗ്, കറുത്ത വിംഗ് മിററുകൾ, ഡോർ ഹാൻഡിലുകൾ, 19 ഇഞ്ച് ഡയമണ്ട് കട്ട് അലോയി വീലുകൾ തുടങ്ങിയ അല്പം വ്യത്യസ്തമായ ഡിസൈൻ ഘടകങ്ങൾ ഇതിൽ ഉൾപ്പെടുന്നു. 8-സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്‌സുള്ള 2.0L, 4-സിലിണ്ടർ ട്വിൻ ടർബോ ഡീസൽ എഞ്ചിനാണ് എംജി മജസ്റ്ററിന് കരുത്ത് പകരുന്നത്.
ടൊയോട്ട ഫോർച്യൂണർ MHEV
ടൊയോട്ട ഫോർച്യൂണർ MHEV (മൈൽഡ് ഹൈബ്രിഡ് ഇലക്ട്രിക് വാഹനം) ഇന്ത്യയിലേക്ക് വരാൻ സാധ്യതയുണ്ട്. എങ്കിലും, അതിന്റെ ഇന്ത്യൻ ലോഞ്ച് സമയക്രമത്തെക്കുറിച്ച് ഔദ്യോഗിക വിവരങ്ങളൊന്നുമില്ല. ഈ ഹൈബ്രിഡ് ഫോർച്യൂണറിൽ 48V മൈൽഡ് ഹൈബ്രിഡ് സിസ്റ്റവുമായി ജോടിയാക്കിയ 2.8L ഡീസൽ എഞ്ചിൻ ഉണ്ട്, ഇത് 201bhp കരുത്തും 500Nm ടോർക്കും നൽകുന്നു. സാധാരണ പെട്രോൾ-പവർ ഫോർച്യൂണറിനേക്കാൾ 5 ശതമാനം കൂടുതൽ ഇന്ധനക്ഷമത ഇത് നൽകുമെന്ന് അവകാശപ്പെടുന്നു.