ഹെൽമെറ്റ് ഇല്ലാത്തവർക്ക് ഇനി പെട്രോൾ കിട്ടില്ല, പിൻ സീറ്റ് യാത്രികർക്കും ബാധകം, പുതിയ നിയമവുമായി യുപി സർക്കാർ

By Web Desk  |  First Published Jan 15, 2025, 11:54 AM IST

2025 ജനുവരി 26 മുതൽ ഹെൽമറ്റ് ധരിക്കാത്തവർക്ക് ഇന്ധനം നൽകില്ല എന്ന നയം നടപ്പിലാക്കാനാണ് യുപി സർക്കാർ നീക്കം. ഈ നയം പ്രകാരം ഹെൽമറ്റ് ധരിക്കാതെ പെട്രോൾ നിറയ്ക്കാൻ പമ്പുകളിൽ എത്തുന്ന ഇരുചക്രവാഹനങ്ങൾക്ക് ഇന്ധനം ലഭിക്കില്ല

UP Govt implement no helmet no fuel policy for road safety

റോഡ് സുരക്ഷ പ്രോത്സാഹിപ്പിക്കുന്നതിനായി ഉത്തർപ്രദേശ് സർക്കാർ ഒരു സുപ്രധാന നടപടി സ്വീകരിക്കാൻ ഒരുങ്ങുന്നതായി റിപ്പോർട്ട്. 'നോ ഹെൽമറ്റ് നോ ഫ്യുവൽ' നയമാണ് നടപ്പിലാക്കുന്നത്. 2025 ജനുവരി 26 മുതൽ ലഖ്‌നൗവിൽ ഹെൽമറ്റ് ധരിക്കാത്തവർക്ക് ഇന്ധനം നൽകില്ല എന്ന നയം നടപ്പിലാക്കാനാണ് നീക്കം. ഈ നയം പ്രകാരം ഹെൽമറ്റ് ധരിക്കാതെ പെട്രോൾ നിറയ്ക്കാൻ പമ്പുകളിൽ എത്തുന്ന ഇരുചക്രവാഹനങ്ങൾക്ക് ഇന്ധനം നൽകില്ല. ബൈക്ക് ഓടിക്കുന്നവർക്കും പിൻസീറ്റിൽ ഹെൽമറ്റ് ഇല്ലാതെ സഞ്ചരിക്കുന്ന റൈഡർമാർക്കും പെട്രോൾ നൽകില്ല. റോഡപകട മരണങ്ങൾ കുറയ്ക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ നടപടി. 

ഉത്തർപ്രദേശ് ട്രാൻസ്‌പോർട്ട് കമ്മീഷണറുടെ ഉത്തരവ് പ്രകാരമാണ് ലഖ്‌നൗ ജില്ലാ മജിസ്‌ട്രേറ്റ് സൂര്യ പാൽ ഗാംഗ്‌വാർ ഈ നിർദ്ദേശം പുറപ്പെടുവിച്ചതെന്നാണ് റിപ്പോർട്ടുകൾ. റോഡ് സുരക്ഷയെക്കുറിച്ചുള്ള അവബോധം വർധിപ്പിക്കുകയും ഹെൽമെറ്റ് ധരിക്കാത്തതുമൂലമുള്ള മരണങ്ങൾ തടയുകയും ചെയ്യേണ്ടത് അത്യന്താപേക്ഷിതമാണെന്ന് സർക്കാർ പ്രസ്താവനയിൽ പറയുന്നു.

Latest Videos

ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർഡ്സ് (ബിഐഎസ്) സാക്ഷ്യപ്പെടുത്തിയ ഹെൽമറ്റ് ധരിക്കുന്നത് ഇരുചക്രവാഹന ഡ്രൈവർമാർക്കും പിൻസീറ്റ് യാത്രികർക്കും നിർബന്ധമാണ്. മോട്ടോർ വെഹിക്കിൾസ് ആക്ട്, 1988, ഉത്തർപ്രദേശ് മോട്ടോർ വെഹിക്കിൾസ് റൂൾസ്, 1998 എന്നിവ പ്രകാരമാണ് ഈ വ്യവസ്ഥ നടപ്പിലാക്കിയിരിക്കുന്നത്. എല്ലാ പെട്രോൾ പമ്പുകളിലും ഏഴ് ദിവസത്തിനുള്ളിൽ ഈ നയം വ്യക്തമായി എഴുതിയിരിക്കുന്ന വലിയ സൈനേജ് ബോർഡുകൾ സ്ഥാപിക്കമം. തർക്കം ഒഴിവാക്കാൻ പെട്രോൾ പമ്പ് ഉടമകൾ തങ്ങളുടെ സിസിടിവി ക്യാമറകൾ പൂർണ്ണമായി പ്രവർത്തിക്കുന്നുണ്ടെന്നും ഉറപ്പാക്കണം.

റോഡ് അപകട സ്ഥിതിവിവരക്കണക്കുകൾ: ആശങ്കാജനകമായ കാര്യം
2022ൽ സംസ്ഥാനത്ത് 36,875 റോഡപകടങ്ങളുണ്ടായെന്നും 24,109 പേർ മരിക്കുകയും 21,696 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി ഉത്തർപ്രദേശ് ട്രാൻസ്‌പോർട്ട് കമ്മീഷണർ ബ്രിജേഷ് നാരായൺ സിംഗ് പറഞ്ഞു. ലഖ്‌നൌവിൽ  1,408 അപകടങ്ങൾ സംഭവിക്കുകയും 643 പേർ മരിക്കുകയും ചെയ്തു. പരിക്കേറ്റവരുടെ എണ്ണം 994 ആണ്. ഈ ആശങ്കാജനകമായ സ്ഥിതിവിവരക്കണക്കുകൾ കണക്കിലെടുക്കുമ്പോൾ, ഈ നയം ഹെൽമറ്റ് ഉപയോഗം പ്രോത്സാഹിപ്പിക്കുമെന്നും ഇരുചക്രവാഹനങ്ങൾ ഉൾപ്പെടുന്ന മാരകമായ അപകടങ്ങൾ കുറയ്ക്കുമെന്നും ഭരണകൂടം പ്രതീക്ഷിക്കുന്നു.

ലഖ്‌നൗവിന് പുറമെ നോയിഡ പോലുള്ള മറ്റ് നഗരപ്രദേശങ്ങളിലും ഈ നിയമം നടപ്പാക്കും. എന്നാൽ, യുപി പെട്രോളിയം അസോസിയേഷൻ ഈ നയത്തെ എതിർത്തു. ഈ നിയമം വാണിജ്യപരമായ വീക്ഷണകോണിൽ നിന്ന് ബുദ്ധിമുട്ടുകൾ സൃഷ്ടിക്കുമെന്നും ഇന്ധന സ്റ്റേഷനുകൾ വേണ്ടത്ര തയ്യാറാക്കിയിട്ടില്ലെന്നും അസോസിയേഷൻ പറയുന്നു. അതേസമയം പുതിയ നയത്തെക്കുറിച്ച് പൊതുജനങ്ങൾക്കിടയിൽ സമ്മിശ്ര പ്രതികരണങ്ങളാണ് കാണുന്നത്. പലരും ഇതൊരു നല്ല ചുവടുവെപ്പായി കണക്കാക്കുമ്പോൾ, ഹെൽമറ്റ് ശീലം വർധിപ്പിക്കാൻ കൂടുതൽ ബോധവൽക്കരണ പരിപാടികൾ നടത്തേണ്ടതുണ്ടെന്ന് ചിലർ പറയുന്നു.
 

vuukle one pixel image
click me!
vuukle one pixel image vuukle one pixel image