പതിനാലാം നിയമസഭ; ഇവര്‍ വഴിപാതിക്ക് ഇറങ്ങിയവരും പാതിവഴിക്ക് കയറിയവരും

By Web Team  |  First Published Mar 5, 2021, 5:31 PM IST

ഇടയ്‍ക്കുവച്ച് ഇറങ്ങിപ്പോയവരില്‍ ചിലര്‍ മരണത്തിലേക്ക് നടന്നുപോയവരാണ്. മറ്റുചിലരാകട്ടെ ലോക്സഭയിലേക്കും മറ്റും ജയിച്ചുപോയവരും. പാതിവഴിക്കുവച്ച് നിയമ സഭയിലേക്കത്തിയവര്‍ എല്ലാവരും മേല്‍പ്പറഞ്ഞവരുടെ പിന്‍ഗാമകളായിരുന്നു. 


ടിയിറക്കത്തിനുള്ള തയ്യാറെടുപ്പിലാണ് 2016ല്‍ പടികയറിയ പതിനാലാം നിയമസഭയും സാമാജികരുമെല്ലാം. ഈ ഇറങ്ങിപ്പോകുന്നവരില്‍ എത്രപേര്‍ എംഎല്‍എ കുപ്പായവുണിഞ്ഞ് സഭയുടെ പടികയറി തിരികെയെത്തുമെന്ന് ആര്‍ക്കും അത്രവലിയ ഉറപ്പൊന്നും ഉണ്ടാകില്ല. എന്നാല്‍ ഈ അഞ്ച് വര്‍ഷത്തിനിടയില്‍ ടേം പൂര്‍ത്തിയാക്കാനാകാതെ സഭയുടെ പടിയിറങ്ങിപ്പോയവരും പാതിക്കുവച്ച് പടികയറിയെത്തിയവരും ഒരുപാടുണ്ട്. ഇടയ്‍ക്കുവച്ച് ഇറങ്ങിപ്പോയവരില്‍ ചിലര്‍ മരണത്തിലേക്ക് നടന്നുപോയവരാണ്. മറ്റുചിലരാകട്ടെ ലോക്സഭയിലേക്കും മറ്റും ജയിച്ചുപോയവരും. പാതിവഴിക്കുവച്ച് നിയമ സഭയിലേക്കത്തിയവര്‍ എല്ലാവരും മേല്‍പ്പറഞ്ഞവരുടെ പിന്‍ഗാമകളായിരുന്നു. ഇങ്ങനെ 14-ാം നിയമസഭയുടെ കാലത്ത് ഇടയ്‍ക്കുവച്ച് പോയവരിലും വന്നവരിലും ചിലരെക്കുറിച്ച് അറിയാം

കെ കെ രാമന്ദ്രൻ നായർ
സിപിഎമ്മില്‍ നിന്നും ചെങ്ങന്നൂർ നിയമസഭാ മണ്ഡലത്തെ പ്രതിനിധീകരിച്ചിരുന്ന കെ കെ രാമന്ദ്രൻ നായർ എംഎല്‍എ കരൾ രോഗത്തെ തുടർന്ന് 2018 ജനുവരി 14-നാണ് മരണത്തിനു കീഴടങ്ങിയത്. ചെന്നൈയിലെ അപ്പോളോ ആശുപത്രിയിലായിരുന്നു പി സി വിഷ്‍ണുനാഥിനെ തോല്‍പ്പിച്ച് നിയമസഭയിലെത്തിയ രാമന്ദ്രൻ നായരുടെ അന്ത്യം.  അഭിഭാഷകരംഗത്തും കലാസാംസ്‍കാരിക രംഗത്തും പ്രമുഖനായരുന്നു അദ്ദേഹം. നാശോന്മുഖമായിക്കിടന്ന വരട്ടാർ എന്ന ചെറുനദിക്ക് പുനർജന്മം നൽകിയും ശ്രദ്ധേയനായിരുന്നു.

Latest Videos

undefined

 

പി ബി അബ്‍ദുൾ റസാക്ക്
മഞ്ചേശ്വരം എംഎല്‍എ ആയിരുന്ന പി ബി അബ്‍ദുൽ റസാഖ്  2018 ഒക്ടോബര്‍ 20 നാണ് അന്തരിക്കുന്നത്. പതിമൂന്ന്, പതിനാല് കേരള നയമ സഭകളിൽ മഞ്ചേശ്വരം നിയമസഭാ മണ്ഡലത്തെ പ്രതിനിധീകരിച്ച അബ്‍ദുൾ റസാക്ക് മുസ്ലീം ലീഗ് കാസർഗോഡ് ജില്ലാ കമ്മിറ്റി വൈസ് പ്രസിഡന്റായിരുന്നു. നെല്ലിക്കാട്ടെ പി ബീരാൻ മൊയ്‍തീൻ ഇംഗ്ലീഷ് മീഡിയം ഹയർസെക്കണ്ടറി സ്‍കൂളിന്റെയും അംബേദ്ക്കർ എഡ്യൂക്കേഷണൽ ട്രസ്റ്റിന്റെയും ചെയർമാനായും ചെങ്കള എഎൽപി സ്‍കൂളിന്‍റെ മാനേജരായും പ്രവര്‍ത്തിച്ചിരുന്നു. 

 

കെ എം മാണി
കെ എം മാണി എന്ന കേരള കോണ്‍ഗ്രസിന്‍റെ അമരക്കാരന്‍ സാമാജികനെ 2019 ഏപ്രിൽ 9-നാണ് മരണം വന്നുവിളിക്കുന്നത്. തുടർച്ചയായി 13 നിയമസഭകളിൽ അംഗമായ അദ്ദേഹം ഏഴ് നിയമസഭകളിൽ മന്തിയായിരുന്നു. ഏറ്റവും കൂടുതൽ തവണ ഒരേ നിയോജക മണ്ഡലത്തെ പ്രതിനിധീകരിച്ച് തിരഞ്ഞെടുക്കപ്പെട്ടതിന്റെ റെക്കോർഡ് ഉള്‍പ്പെടെ നിയമസഭയിലെ നിരവധി റെക്കോഡുകള്‍ കെ എം മാണിയുടെ പേരിലാണ്. 

 

തോമസ് ചാണ്ടി
കുട്ടനാട് നിയമസഭാ മണ്ഡലത്തിൽ നിന്നുള്ള സമാജികനും പ്രമുഖ എൻസി പി നേതാവും കുവൈത്ത് കേന്ദ്രമാക്കിയുളള പ്രമുഖ വ്യവസായിയുമായിരുന്നു തോമസ് ചാണ്ടി എംഎല്‍എ. ക്യാൻസർ ബാധിതനായ അദ്ദേഹം 2019 ഡിസംബർ 20ന് എറണാകുളത്ത് വച്ചാണ് അന്തരിച്ചത്. 

 

എൻ വിജയൻ പിള്ള
നിയമസഭയിൽ ചവറ നിയോജകമണ്ഡലത്തെ പ്രതിനിധീകരിച്ചിരുന്ന എൻ വിജയൻ പിള്ള എംഎല്‍എയെയും മരണത്തിലേക്ക് നയിച്ചത് അർബുദമായിരുന്നു. 2020 മാർച്ച് 8 ന് കൊച്ചിയിലെ ലേക്‌ഷോർ ആശുപത്രിയിലായിരുന്നു അന്ത്യം. 

 

സി എഫ് തോമസ്
ചങ്ങനാശ്ശേരി നിയോജക മണ്ഡലത്തിലെ എംഎൽഎ യും മുൻ മന്ത്രിയുമായിരുന്ന സി എഫ് തോമസ് 2020 സെപ്റ്റംബർ 27-ന് മരണമടഞ്ഞു. കേരള കോൺഗ്രസിന്റെ സ്ഥാപക നേതാക്കളിൽ ഒരാളായിരുന്നു സി.എഫ്. തോമസ്.  ഒമ്പത് തവണ തുടർച്ചയായി ചങ്ങനാശ്ശേരി നിയോജകമണ്ഡലത്തിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട് ഇദ്ദേഹം.  

 

കെ വി  വിജയദാസ്
സിപിമ്മിനു വേണ്ടി പതിമൂന്നും പതിനാലും നിയമസഭകളിൽ കോങ്ങാട് നിയമസഭാമണ്ഡലത്തെ പ്രതിനിധീകരിച്ച സമാജികനായിരുന്നു കെ വി വിജയദാസ്. ആരോഗ്യ പ്രശ്നങ്ങളെത്തുടർന്ന് 2021 ജനുവരി 18ന് തൃശൂർ മെഡിക്കൽ കോളേജിൽ വച്ചായിരുന്നു അദ്ദേഹത്തിന്‍റെ അന്ത്യം. സിപിഐഎം പാലക്കാട് ജില്ലാക്കമ്മിറ്റിയംഗം, പാലക്കാട് ജില്ലാ പഞ്ചായത്തിന്റെ ആദ്യ പ്രസിഡന്റ് എന്നീ നിലകളിലും അദ്ദേഹം പ്രവർത്തിച്ചിരുന്നു. 

 

ഇവര്‍ ലോക്സഭയിലേക്ക് പോയവര്‍

പി കെ കുഞ്ഞാലിക്കുട്ടി
ഇ അഹമ്മദിന്‍റെ നിര്യാണത്തെ തുടർന്ന് 2017ലെ ലോക്സഭാ ഉപതെരഞ്ഞെടുപ്പിൽ മത്സരിച്ച് വിജയിച്ചപ്പോഴാണ് വേങ്ങര എംഎല്‍എ ആയിരുന്ന പി കെ കുഞ്ഞിലാക്കുട്ടി 14-ാം നിയമസഭയുടെ പടിയിറങ്ങിയത്. 

 

എ എം ആരിഫ്
ഇടതുപക്ഷ ജനാധിപത്യ മുന്നണി പ്രതിനിധിയായ അഡ്വ എഎം ആരിഫ് 2006 മുതൽ ആലപ്പുഴ ജില്ലയിലെ അരൂർ നിയമസഭാമണ്ഡലത്തിൽ നിന്നുള്ള നിയമസഭാംഗമായിരുന്നു. 2016ലെ  കേരള നിയമസഭാതിരഞ്ഞെടുപ്പിൽ ഏറ്റവും കൂടുതൽ വോട്ട് നേടിയ   സ്ഥാനാർത്ഥികളിൽ മൂന്നാം സ്ഥാനത്താണ്. 2019 ഏപ്രിലിൽ നടന്ന 17-ാമത് ലോകസഭാ തിരഞ്ഞെടുപ്പിൽ ആലപ്പുഴ ലോക്സഭാ മണ്ഡലത്തിൽ നിന്നും ഷാനിമോൾ ഉസ്‍മാനെ പരാജയപ്പെടുത്തി വിജയിച്ചതോടെ നിയമസഭയുടെ പടിയിറങ്ങി. 

 

അടൂർ പ്രകാശ്
1996 മുതൽ 23 വർഷം കോന്നി മണ്ഡലത്തിൽ നിയമസഭാംഗമായിരുന്ന കോൺഗ്രസ് നേതാവാണ് അടൂർ പ്രകാശ്. 2019 ലോക്സഭാ തെരെഞ്ഞെടുപ്പിനായി എംഎല്‍എ സ്ഥാനം രാജിവച്ചു. മുൻ സംസ്ഥാന കാബിനറ്റ് വകുപ്പ് മന്ത്രി കൂടിയായിരുന്നു അദ്ദേഹം. നിലവില്‍ ആറ്റിങ്ങലിൽ നിന്നുള്ള ലോക്സഭാംഗം. 

 

കെ മുരളീധരൻ
2016ൽ വട്ടിയൂർക്കാവിൽ നിന്ന് നിയമസഭ അംഗമായി തിരഞ്ഞെടുക്കപ്പെട്ടു. ബിജെപിയുടെ സംസ്ഥാന പ്രസിഡണ്ട് കുമ്മനം രാജശേഖരൻനെ പരാജയപ്പെടുത്തിയാണ് മുരളീധരന്‍ നിയമസഭയില്‍ എത്തിയത്. എന്നാല്‍ 2019ല്‍ വടകര ലോകസഭാ മണ്ഡലത്തില്‍ വിജയിച്ചതോടെ  എംഎല്‍എ സ്ഥാനം രാജിവച്ചു.

 

ഹൈബി ഈഡൻ
2011 നിയമസഭാ തെരെഞ്ഞെടുപ്പിൽ എറണാകുളം നിയോജക മണ്ഡലത്തിൽ സെബാസ്റ്റ്യൻ പോളിനെ പരാജയപ്പെടുത്തി നിയമസഭാംഗമായി. തുടർന്ന് കോൺഗ്രസിന്റെ വിദ്യാർഥി സംഘടനയായ NSUI യുടെ ദേശീയ അധ്യക്ഷനായി. 2016ൽ എറണാകുളത്തു നിന്നും രണ്ടാം തവണയും നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. 2019ലെ ലോക്സഭ തിരഞ്ഞെടുപ്പിൽ പാർലമെന്റിലേക്ക് മൽസരിച്ചു വിജയിച്ചതോടെ രാജിവച്ചു.

 

ഇവര്‍ പാതിക്ക് വന്നവര്‍

 

സജി ചെറിയാന്‍
കെ കെ രാമചന്ദ്രൻ നായരുടെ മരണത്തെത്തുടർന്ന് 2018-ൽ നടത്തിയ നിയമസഭാ ഉപതിരഞ്ഞെടുപ്പിൽ ചെങ്ങന്നൂർ നിയോജക മണ്ഡലത്തിൽ നിന്നും നിയമസഭയിലെത്തി.  2018  മേയ് 31-ന് ഫലം പ്രഖ്യാപിച്ച ഈ ഉപതിരഞ്ഞെടുപ്പിൽ 20956 വോട്ടുകളുടെ ഭൂരിപക്ഷമാണ് സജി ചെറിയാൻ നേടിയത്. 

 

കെ എൻ എ ഖാദർ
ഇ അഹമ്മദിന്‍റെ നിര്യാണത്തെ തുടർന്ന് പി കെ കുഞ്ഞാലിക്കുട്ടി ലോക്സഭാ ഉപതെരഞ്ഞെടുപ്പിൽ വിജയിച്ചതോടെയാണ് 2017 ഒക്ടോബർ 11ന് വേങ്ങര നിയമസഭാ മണ്ഡലത്തിൽ ഉപതെരഞ്ഞെടുപ്പ് നടന്നത്. എൽഡിഎഫിലെ പി പി ബഷീറിനെ 23310 വോട്ടുകൾക്കാണ് യുഡിഎഫിലെ മുസ്ലീം ലീഗ് അംഗം കെ എൻ എ ഖാദർ തോൽപ്പിച്ചത്.  2001ൽ കൊണ്ടോട്ടി നിയമസഭാ മണ്ഡലത്തെ പ്രതിനിധീകരിച്ചും ഇദ്ദേഹം എംഎൽഎ ആയി തിരഞ്ഞെടുക്കപ്പെട്ടിരുന്നു. 

 

വി കെ പ്രശാന്ത്
കെ മുരളീധരൻ ലോക്സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടതോടെയാണ് വട്ടിയൂർക്കാവിൽ ഉപതെരഞ്ഞെടുപ്പ് നടന്നത്. 2019 ഒക്ടോബർ 21ന് നടന്ന ഉപതെരഞ്ഞെടുപ്പിൽ ഇടതുപക്ഷത്തിന് താരതമ്യേന സ്വാധീനം കുറവുള്ള മണ്ഡലമായിരുന്ന വട്ടിയൂർക്കാവിൽ മേയർ ബ്രോ എന്നറിയപ്പെടുന്ന വി കെ പ്രശാന്തിനെ സിപിഎം രംഗത്തിറക്കി.  തിരിച്ചുപിടിക്കുകയായിരുന്നു. മുമ്പൊരിക്കലും എൽ ഡി എഫ് ജയിക്കാത്ത മണ്ഡലത്തിലായിരുന്നു പ്രശാന്ത് വിജയിച്ചത്. 14465 വോട്ടുകൾക്കായിരുന്നു പ്രശാന്തിന്‍റെ ചരിത്രജയം.

 

ഷാനിമോള്‍ ഉസ്‍മാന്‍
എ എം ആരിഫ് ആലപ്പുഴയിൽനിന്ന് ലോക്സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടതോടെയാണ്  2019 ൽ  അരൂരിൽ ഉപതെരഞ്ഞെടുപ്പ് നടന്നത്.  തുടർതോൽവികൾക്കുശേഷം കോൺഗ്രസിലെ ഷാനിമോൾ ഉസ്‍മാൻ ഒരു തെരഞ്ഞെടുപ്പിൽ വിജയിച്ചുകയറിയെന്നതാണ് അരൂരിലെ തെരഞ്ഞെടുപ്പിനെ ശ്രദ്ധേയമാക്കിയത്. 1955 വോട്ടുകൾക്കാണ് ഷാനിമോൾ വിജയിച്ചത്. 


 
 

കെ യു ജെനീഷ് കുമാർ
കോന്നിയിലെ നിയമസഭാ അംഗമായിരുന്ന അടൂർ പ്രകാശ് ആറ്റിങ്ങലിൽനിന്ന് ലോക്സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടതോടെയാണ് കോന്നിയിൽ ഉപതെരഞ്ഞെടുപ്പ് നടന്നത്. 2019 ഒക്ടോബർ 21ന് നടന്ന ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫ് കോട്ടയായി അറിയപ്പെട്ടിരുന്ന കോന്നിയിൽ സിപിഎമ്മിലെ കെ യു ജനീഷ് കുമാർ 9953 വോട്ടുകൾക്ക് ജയിക്കുകയായിരുന്നു. കോൺഗ്രസിലെ പി മോഹൻരാജിനെ 9,953 വോട്ടിന്റെ ഭൂരിപക്ഷത്തിന് തോൽപ്പിച്ചാണ് കെ യു ജനീഷ് കുമാർ ഇരുപത്തി മൂന്ന് വർഷങ്ങൾക്ക് ശേഷം ഇടതുപക്ഷ ജനാധിപത്യ മുന്നണിക്ക് വിജയം സമ്മാനിച്ചത്. 

 

മാണി സി കാപ്പന്‍
കേരള കോൺഗ്രസിന്‍റെ അമരക്കാരൻ കെ എം മാണിയുടെ നിര്യാണത്തെ തുടർന്നാണ് പാലായിൽ ഉപതെരഞ്ഞെടുപ്പ് നടന്നത്. 2019 സെപ്റ്റംബർ 23ന് നടന്ന ഉപതെരഞ്ഞെടുപ്പ് ഫലം കേരള രാഷ്ട്രീയത്തിലെ ഏറ്റവും വലിയ അട്ടിമറികളിലൊന്നായി മാറി. കേരള കോൺഗ്രസിന്‍റെ കോട്ടയിൽ എൻസിപി സ്ഥാനാർഥി മാണി സി കാപ്പൻ 2943 വോട്ടുകൾക്ക് വിജയിച്ചു. 

 

എം സി കമറുദ്ദീന്‍
മുസ്ലീം ലീഗിലെ പി ബി അബ്‍ദുൾ റസാഖ് അന്തരിച്ചതോടെയാണ് 2019 ഒക്ടോബർ 21ന് മഞ്ചേശ്വരത്ത് ഉപതെരഞ്ഞെടുപ്പ് നടന്നത്. 7923 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ യുഡിഎഫിലെ മുസ്ലീം ലീഗ് സ്ഥാനാർഥി എം സി കമറുദ്ദീൻ മണ്ഡലം നിലനിർത്തി.

 

ടി ജെ വിനോദ്  
എറണാകുളം എംഎല്‍എ ആയിരുന്ന ഹൈബി ഈഡൻ ലോക്സഭയിലേക്ക് മത്സരിച്ചതിനെ തുടർന്നാണ് 2019 ഒക്ടോബർ 21ന് ഉപതെരഞ്ഞെടുപ്പ് നടന്നത്. യുഡിഎഫിന്‍റെ കുത്തക മണ്ഡലമായ എറണാകുളത്ത് കടുത്ത പോരാട്ടത്തെ അതിജീവിച്ചാണ് കോൺഗ്രസിലെ ടി.ജെ വിനോദ് ജയിച്ചുകയറിയത്. 3750 വോട്ടുകൾക്കാണ് വിനോദ്, എൽഡിഎഫ് സ്ഥാനാർത്ഥി മനു റോയിയെ തോല്‍പ്പിച്ചത്.  2002-ലും, 2015-ലും ഇദ്ദേഹം കൊച്ചി കോർപ്പറേഷന്റെ ഡെപ്യൂട്ടി മേയറായിരുന്നു. 2016 മുതൽ എറണാകുളം ഡിസിസി പ്രസിഡന്റുമാണ് ടി ജെ വിനോദ് .

 

click me!