സ്വന്തം ബൂത്തിലും തോറ്റ ജോസ് കെ മാണി; ഇത് കാപ്പന്‍റെ മധുരപ്രതികാരം

By Web Team  |  First Published May 2, 2021, 6:20 PM IST

മാണിയുടെ പാരമ്പര്യവും പാലായോടുള്ള വൈകാരിക ബന്ധവും തുണയാകുമെന്ന ജോസ് കെ മാണിയുടെ കണക്കുകൂട്ടലാണ് കാപ്പൻ തെറ്റിച്ചത്. വോളിബോളും സിനിമയും മാത്രമല്ല രാഷ്ട്രീയവും തനിക്ക് നന്നായി വഴങ്ങുമെന്ന് മാണി സി കാപ്പൻ വീണ്ടും തെളിയിക്കുമ്പോൾ ഈ തെരഞ്ഞെടുപ്പ് ഫലത്തെ കാപ്പന്റെ മധുരപ്രതികാരമെന്ന് അല്ലാതെ മറ്റെന്ത് വിശേഷിപ്പിക്കാൻ.


പാലാക്കാർക്ക് കെ എം മാണി ആയിരുന്നു എല്ലാം. ഓരോ തെരഞ്ഞെടുപ്പിലും മാണി സാർ എന്ന് പാലായിലെ ഭൂരിപക്ഷം ജനങ്ങളും മനസ്സിലേറ്റുവിളിക്കുമ്പോൾ അതിൽ കല്ലോ കലർപ്പോ ഉണ്ടായിരുന്നില്ല. 1965ൽ പാലാ മണ്ഡലം രൂപീകൃതമായതു മുതൽ കെ എം മാണി ആയിരുന്നു പാലായുടെ എംഎൽഎ. പാലാ എന്നാൽ കേരളാ കോൺ​ഗ്രസ് എമ്മിനോട് വൈകാരികമായി ചേർന്നു നിൽക്കുന്ന സ്ഥലം എന്നതായിരുന്നു ഇക്കാലം വരെയും നിർവ്വചനം. മാണി കോൺ​ഗ്രസ് ഇല്ലാതെ പാലായില്ല, പാലാ ഇല്ലാതെ മാണികോൺ​ഗ്രസ് ഇല്ല എന്ന് രാഷ്ട്രീയ കേരളം ചരിത്രത്തിലെഴുതി. പക്ഷേ, ആ ചരിത്രം കെ എം മാണിയുടെ മരണത്തോടെ തിരുത്തിക്കുറിക്കപ്പെട്ടു. അതോടെ പാലാ മാറി, മാണി കോൺ​ഗ്രസും മാറി. ഏറ്റവുമൊടുവിലിപ്പോ, കെ എം മാണിയുടെ അഭാവത്തിൽ പാർട്ടി സാരഥിയായ ജോസ് കെ മാണിയെ  പാലാ നിഷ്കരുണം കയ്യൊഴിയുകയും ചെയ്തു. 

മാണിയുടെ മരണശേഷം 2019ൽ നടന്ന ഉപതെരഞ്ഞെടുപ്പിൽ എൽ‌ഡിഎഫിന് വേണ്ടി മാണി സി കാപ്പൻ മണ്ഡലം പിടിച്ചെടുത്തതു മുതൽ പാലായുടെ .രാഷ്ട്രീയമാറ്റം പ്രകടമായതാണ്. അന്ന് കേരളാ കോൺ​ഗ്രസിന്റെ ടോം ജോസിനെ  കാപ്പൻ പരാജയപ്പെടുത്തിയപ്പോൾ പാർട്ടി ചിഹ്നത്തിന്റെ അഭാവം, കേരളാ കോൺ​ഗ്രസിനുള്ളിലെ പോരുകൾ എന്നിവയൊക്കെ നിരത്തി സമാധാനം കണ്ടെത്താനാണ് ജോസ് കെ മാണിയും കൂട്ടരും ശ്രമിച്ചത്. ശേഷം രണ്ടു വർഷത്തിനുള്ളിൽ മീനച്ചിലാറ്റിലൂടെ ഒരുപാട് വെള്ളമൊഴുകിപ്പോയി, കേരളാ കോൺ​ഗ്രസ് എം യുഡിഎഫിൽ നിന്ന് എൽഡിഎഫിലെത്തുകയും ചെയ്തു. ഇക്കുറി എൽഡിഎഫ് സ്ഥാനാർത്ഥിയായി പാലായിൽ മത്സരക്കളത്തിലിറങ്ങുമ്പോൾ ജോസ് കെ മാണി തികഞ്ഞ ആത്മവിശ്വാസത്തിലായിരുന്നു. ജോസിന് സീറ്റ് കൊടുത്ത് തന്നെ അവ​ഗണിച്ച ഇടതുമുന്നണി വിട്ട് യുഡിഎഫിലേക്ക് ചേക്കേറിയ മാണി സി കാപ്പൻ ആവട്ടെ വിജയമല്ലാതൊരു ലക്ഷ്യം തന്റെ മുന്നിൽ ഇല്ലെന്ന് ഉറപ്പിച്ചു പറഞ്ഞു. ഇഞ്ചോടിഞ്ചു പോരാട്ടത്തിനൊടുവിൽ ഇന്ന് തെരഞ്ഞെടുപ്പ് ഫലം വന്നപ്പോൾ മാണി സി കാപ്പൻ‌ വിജയക്കൊടി പാറിച്ചു. സ്വന്തം തട്ടകത്തിൽ തോറ്റ ജോസ് കെ മാണിയാവട്ടെ രാഷ്ട്രീയഭാവി പോലും അനിശ്ചിതത്വത്തിലാണോ എന്ന അവസ്ഥയിലുമായി.

Latest Videos

undefined

പതിനയ്യായിരത്തിലധികം വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് മാണി സി കാപ്പന്റെ വിജയം. 2019ലെ ഉപതെരഞ്ഞെടുപ്പിൽ വെറും 2943 മാത്രമായിരുന്നു കാപ്പന്റെ ഭൂരിപക്ഷം. 16 മാസം കൊണ്ട് 462 കോടിയുടെ വികസനപ്രവർത്തനങ്ങൾ പാലായിൽ നടപ്പാക്കി എന്നതുയർത്തിയായിരുന്നു കാപ്പന്റെ പ്രചാരണം. നിർണായക സമയത്തെടുത്ത നിർണായക തീരുമാനങ്ങളാണ് കാപ്പന്റെ വിജയത്തിനടിസ്ഥാനമെന്ന് നിസംശയം പറയാം. മാണി കോൺ​ഗ്രസിന്റെ എൽഡിഎഫ് പ്രവേശത്തോടെ തന്നെ പാലാ സീറ്റ് എൻസിപിയിൽ നിന്നു വിട്ടുപോകുമെന്ന് കാപ്പൻ തിരിച്ചറിഞ്ഞു. പ്രശ്നപരിഹാരത്തിന് എൻസിപി ദേശീയനേതൃത്വത്തെ വരെ ഇടപെടുത്താൻ കാപ്പൻ മുൻകയ്യെടുത്തു. അനുകൂലമല്ല സ്ഥിതിയെന്നറിഞ്ഞതോടെ പുതിയ പാർട്ടി രൂപീകരിച്ച് യുഡിഎഫിലേക്ക് പോയി. രമേശ് ചെന്നിത്തലയുടെ ഐശ്വര്യ യാത്രയിൽ പൊതുവേദി പങ്കിട്ടായിരുന്നു കാപ്പന്റെ യുഡിഎഫ് പ്രവേശനം. കുടുംബത്തിന്റെ കോൺ​ഗ്രസ് പാരമ്പര്യം പറഞ്ഞ് യുഡിഎഫുകാരെയും പിണറായി സർക്കാരിന്റെ നേട്ടങ്ങളെണ്ണിപ്പറയാൻ മടിക്കാത്തതിലൂടെ ഇടത് അനുകൂലികളെയും തന്നോട് അടുപ്പിക്കാൻ കാപ്പന് കഴിഞ്ഞു. കേരളാ കോൺ​ഗ്രസിന്റെ എൽഡിഎഫ് പ്രവേശം സ്വീകാര്യമല്ലാത്ത ഇടത്പക്ഷ അനുകൂലികളെ കയ്യില്ലെടുക്കാനുള്ള കാപ്പന്റെ നീക്കം ​ഗുണം ചെയ്തു എന്നു തന്നെയാണ് തെരഞ്ഞെടുപ്പ് ഫലം പ്രതിഫലിപ്പിക്കുന്നത്. 

കെ എം മാണിയുടെ കരളാണ് പാലാ എന്നും ആ പാലാ തന്നെ കൈവിടില്ലെന്നുമായിരുന്നു ജോസ് കെ മാണിയുടെ വിശ്വാസം. പാർട്ടിയും ചിഹ്നവും അവകാശപ്പെട്ടതാണെന്ന കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനം വന്നതോടെ ശുഭാപ്തിവിശ്വാസത്തിലായിരുന്നു ജോസ് കെ മാണി. തദ്ദേശതെരഞ്ഞെടുപ്പിൽ ഇടതുമുന്നണി നേടിയ മിന്നുന്ന ജയവും ജോസിന്റെ ആത്മവിശ്വാസം വർധിപ്പിച്ചു. പാർട്ടി വിജയിക്കുകയും നേതാവ് തോൽക്കുകയും ചെയ്ത എന്ന അവസ്ഥയിലാണിപ്പോൾ ജോസ് കെ മാണി. നിയമസഭാ തെരഞ്ഞെടുപ്പിൽ അഞ്ചിടത്ത് വിജയിക്കാൻ മാണി കോൺ​ഗ്രസിന് കഴിഞ്ഞു. പാർട്ടിയിൽ നിന്നൊരാൾ മന്ത്രിസ്ഥാനത്തെത്തുമെന്നും ഉറപ്പാണ്. ഇടുക്കിയിൽ നിന്നുള്ള റോഷി അ​ഗസ്റ്റിനാണ് മന്ത്രിയാകാൻ സാധ്യതയെന്ന് സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളും പുറത്തുവന്നു തുടങ്ങി. അധികാരമില്ലാത്ത നേതാവ് അപ്രസക്തനാകും എന്ന് തെളിയിച്ചിട്ടുള്ള പാർട്ടിയാണ് കേരളാ കോൺ​ഗ്രസ്. മന്ത്രിസഭയിൽ ഇടംനേടാൻ കഴിയാത്തതോടെ പാർട്ടിയുടെ നിയന്ത്രണവും ജോസ് കെ മാണിക്ക് കൈവിട്ടുപോയെക്കുമെന്ന് വിലയിരുത്തുന്നവരുണ്ട്.  രാജ്യസഭാ അം​ഗത്വം രാജിവച്ചാണ് ജോസ് നിയമസഭയിലേക്ക് കന്നിയങ്കത്തിനിറങ്ങിയത്. പ്രഭാവം തിരിച്ചുപിടിക്കാൻ ജോസ് കെ മാണി രാജ്യസഭാ സീറ്റ് ആവശ്യപ്പെടാനും സാധ്യത ഇല്ലാതില്ല.

പാലായിൽ മത്സരിക്കാൻ കഴിഞ്ഞതിൽ അഭിമാനമുണ്ടെന്നാണ് ജോസ് കെ മാണി ഫലമറിഞ്ഞ ശേഷം പ്രതികരിച്ചത്. വിജയിച്ച സ്ഥാനാർത്ഥിയെ അഭിനന്ദിക്കുന്നു എന്ന് പറഞ്ഞ ജോസ്, ബിജെപിയിൽ നിന്ന് എത്ര വോട്ട കിട്ടിയെന്ന് അദ്ദേഹം വിശദീകരിക്കേണ്ടതായിരുന്നു എന്നു കൂടി അഭിപ്രായപ്പെട്ടു. പാലായിൽ വലിയ തോതിൽ വോട്ട് തിരിമറി നടന്നെന്നും ജോസ് കെ മാണി ആരോപിക്കുന്നു. 

കെ എം മാണിയുടെ കരളാണ് പാലാ എന്ന ജോസ് കെ മാണിയുടെ വാദത്തോട് തന്റെ ചങ്കാണ് പാലാ എന്നായിരുന്നു മാണി സി കാപ്പന്റെ മറുപടി. 2019ലെ  ഉപതെരഞ്ഞെടുപ്പ് വിജയം ചക്ക വീണ് മുയല് ചത്തു എന്ന് പറയും പോലെയല്ലെന്നും പാലായിലെ ജനങ്ങൾക്ക് താൻ വളരെയധികം പ്രിയങ്കരനാണെന്നും തെളിയിക്കാനും ഈ തെരഞ്ഞെടുപ്പ് കൊണ്ട് മാണി സി കാപ്പന് കഴിഞ്ഞു. ജോസ് കെ മാണിയുടെ ബൂത്തിൽ പോലും എട്ട് വോട്ടിന്റെ ഭൂരിപക്ഷം നേടാൻ മാണി സി കാപ്പനായി എന്നത് ഈ വിജയത്തിന്റെ തിളക്കം കൂട്ടുന്നു. വോട്ടെണ്ണലിന്റെ ഒരു ഘട്ടത്തിലും ലീഡ് വിട്ടുകൊടുക്കാതെയാണ് മാണി സി കാപ്പൻ വിജയക്കൊടി പാറിച്ചത്. മാണിയുടെ പാരമ്പര്യവും പാലായോടുള്ള വൈകാരിക ബന്ധവും തുണയാകുമെന്ന ജോസ് കെ മാണിയുടെ കണക്കുകൂട്ടലാണ് കാപ്പൻ തെറ്റിച്ചത്. വോളിബോളും സിനിമയും മാത്രമല്ല രാഷ്ട്രീയവും തനിക്ക് നന്നായി വഴങ്ങുമെന്ന് മാണി സി കാപ്പൻ വീണ്ടും തെളിയിക്കുമ്പോൾ ഈ തെരഞ്ഞെടുപ്പ് ഫലത്തെ കാപ്പന്റെ മധുരപ്രതികാരമെന്ന് അല്ലാതെ മറ്റെന്ത് വിശേഷിപ്പിക്കാൻ.


 

click me!