കോൺഗ്രസിൽ നിന്ന് രാജിവച്ച ലതികാ സുഭാഷ് ഏറ്റുമാനൂര്‍ മണ്ഡലത്തിൽ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സര രംഗത്തും ഉണ്ട്.
തിരുവനന്തപുരം: സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തെ ചൊല്ലി ഉണ്ടായ പ്രതിഷേധങ്ങളിൽ കോൺഗ്രസിനെ ആകെ പിടിച്ചുലച്ച സംഭവമായിരുന്നു കെപിസിസി ആസ്ഥാനമായ ഇന്ദിരാ ഭവന് മുന്നിൽ ലതികാ സുഭാഷ് നടത്തിയ മൊട്ടയടി. പലവിധ പ്രതിഷേധങ്ങൾ സംസ്ഥാനത്തിന്‍റെ പലമേഖലകളിൽ നിന്ന് ഉയർന്ന് വന്നതിന് പുറമെ അതിരൂക്ഷമായ വിമർശനങ്ങളും നേതൃത്വത്തിന് നേരിടേണ്ടിവന്നു. കോൺഗ്രസിൽ നിന്ന് രാജിവച്ച ലതികാ സുഭാഷ് ഏറ്റുമാനൂര്‍ മണ്ഡലത്തിൽ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സര രംഗത്തും ഉണ്ട്.
സ്ഥാനാർത്ഥി നിർണയത്തിനെതിരെ ലതിക സുഭാഷിന്റേതടക്കം കോൺഗ്രസിൽ വലിയ പ്രതിഷേധം നടന്നു. ഇത് യുഡിഎഫിന്റെ സാധ്യതയെ ബാധിക്കുമോ? എന്ന ഏഷ്യാനെറ്റ് ന്യൂസ് സി ഫോര്‍ സര്‍വെയിലെ ചോദ്യത്തിന് ബാധിക്കും എന്ന് 44 ശതമാനം പേരും ബാധിക്കില്ലെന്ന് 33 ശതമാനം പേരും അഭിപ്രായം രേഖപ്പെടുത്തി. അറിയില്ലെന്ന് ഉത്തരം നൽകിയത് 23 ശതമാനം ആളുകളാണ്.
പ്രതിഷേധങ്ങൾക്കിടെ മുങ്ങിപ്പോയതിനാൽ അധികം ചര്‍ച്ചയാകാതിരുന്ന കോൺഗ്രസ് പട്ടികയിലെ പുതുമുഖങ്ങളുടേയും ചെറുപ്പക്കാരുടേയും സാന്നിധ്യം യുഡിഎഫിന് ഗുണം ചെയ്യുമോ എന്ന ചോദ്യത്തിന് ഗുണം ചെയ്യില്ലെന്ന് ഉത്തരം നൽകിയത് 46 ശതമാനം പേരാണ്. പുതുമുഖങ്ങളുടേയും ചെറുപ്പക്കാരുടേയും സാന്നിധ്യം ഗുണം ചെയ്യും എന്ന് 37 ശതമാനം ആളുകൾ വിശ്വസിക്കുന്നു. 17 ശതമാനം ഇക്കാര്യത്തിൽ അഭിപ്രായം ഇല്ലാത്തവരാണ്.