കണ്ണില്‍ എണ്ണയൊഴിച്ച് കാത്തിരുന്നോ... ഈ 10 മണ്ഡലങ്ങളില്‍ തീപാറും

By Web Team  |  First Published Apr 1, 2021, 3:12 PM IST

കേരള നിയമസഭാ തെരഞ്ഞെടുപ്പില്‍ അവസാന ലാപ്പില്‍ തീപാറും പോരാട്ടം നടക്കുന്ന മണ്ഡലങ്ങള്‍


തിരുവനന്തപുരം: സംസ്ഥാനത്ത് നിയമസഭാ തെര‍ഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രമാണ് ബാക്കി. എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലേറിയത് മുതല്‍ മുന്നണികളുടെ സ്ഥാനാര്‍ഥി നിര്‍ണയം വരെ നീണ്ട വിവാദങ്ങളിലൂടെയാണ് കേരളം പോളിംഗ് ബൂത്തിലേക്കെത്തുന്നത്. ഇക്കുറി ഏതൊക്കെ മണ്ഡലങ്ങളിലാവും തീപാറും പോരാട്ടങ്ങള്‍ നടക്കുക. കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെയുള്ള ജില്ലകളിലൂടെ സഞ്ചരിച്ചാല്‍ പൊരിഞ്ഞപോരാട്ടം നടക്കുന്ന 10 മണ്ഡലങ്ങള്‍ ഇവയൊക്കെയാണ്. വിവാദങ്ങളും സ്ഥാനാര്‍ഥികളുടെ പ്രാധാന്യവുമൊക്കെയാണ് ഈ മണ്ഡലങ്ങളെ തെരഞ്ഞെടുപ്പ് ഗോദയില്‍ ശ്രദ്ധാകേന്ദ്രമാക്കുന്നത്. 

1. മഞ്ചേശ്വരം

Latest Videos

undefined

നിയമസഭാ തെര‍ഞ്ഞെടുപ്പില്‍ ഏറ്റവും വാശിയേറിയ പോരാട്ടം നടക്കുന്ന മണ്ഡലങ്ങളിലൊന്നാണ് മഞ്ചേശ്വരം. ഉറപ്പായും പിടിച്ചെടുക്കാമെന്ന് ബിജെപി വിശ്വസിക്കുന്ന മണ്ഡലങ്ങളിലൊന്ന്. ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ മത്സരിക്കുന്ന രണ്ട് മണ്ഡലങ്ങളിലൊന്ന്, 2011ലും 2016ലും സുരേന്ദ്രന്‍ രണ്ടാം സ്ഥാനത്തെത്തിയ ഇടം എന്നതും മഞ്ചേശ്വരത്തെ ശ്രദ്ധേയമാക്കുന്നു. സിപിഎമ്മിലെ വി വി രമേശനാണ് എല്‍ഡിഎഫ് സ്ഥാനാര്‍ഥി. മുസ്ലീം ലീഗിന്‍റെ എ കെ എം അഷ്‌റഫാണ് യുഡിഎഫ് സ്ഥാനാര്‍ഥി. 

2016ല്‍ 89 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ ലീഗ് സ്ഥാനാര്‍ഥി പി ബി അബ്‌ദുള്‍ റസാഖായിരുന്നു വിജയി. അദേഹത്തിന്‍റെ മരണത്തെ തുടര്‍ന്ന് ഒക്ടോബറിൽ നടന്ന ഉപതിരഞ്ഞെടുപ്പിൽ ലീഗിന്‍റെ തന്നെ എം സി ഖമറുദീൻ 7923 വോട്ടിന് ജയിച്ചു. എന്നാല്‍ ജ്വല്ലറി നിക്ഷേപ തട്ടിപ്പ് കേസിനെ തുടര്‍ന്ന് പിന്നാലെ ഖമറുദ്ദീന്‍ പ്രതിരോധത്തിലായി. ഇത് യുഡിഎഫ് പ്രതീക്ഷകളെ ബാധിക്കുമോ? യുഡിഎഫ്, എന്‍ഡിഎ പോരിനപ്പുറം ഇക്കുറി എല്‍ഡിഎഫ് വോട്ടും വിധിയെഴുത്തില്‍ നിര്‍ണായകമാകും. ഒന്നൊന്നര ത്രികോണ പോരാട്ടം തന്നെ മഞ്ചേശ്വരത്ത് പ്രതീക്ഷിക്കാം. 

2. ഇരിക്കൂര്‍

നിയമസഭയില്‍ യുഡിഎഫിന്‍റെ സിറ്റിംഗ് സീറ്റാണ് ഇരിക്കൂര്‍. കണ്ണൂരില്‍ കോണ്‍ഗ്രസിന്‍റെ ഉറച്ച മണ്ഡലങ്ങളിലൊന്ന്. എന്നാല്‍ ഇക്കുറി അപ്രതീക്ഷിത സംഭവങ്ങള്‍ തെരഞ്ഞെടുപ്പിന് മുന്നേ മണ്ഡലത്തില്‍ ട്വിസ്റ്റായിരിക്കുന്നു. 1982 മുതല്‍ കെ സി ജോസഫാണ് മണ്ഡലത്തെ പ്രതിനിധീകരിക്കുന്നത്. ഇത്തവണ ജോസഫ് മത്സരരംഗത്തുനിന്ന് മാറിയതോടെ ഇരിക്കൂറിലെ സ്ഥാനാര്‍ഥിത്വം കോണ്‍ഗ്രസിന് വലിയ തലവേദനയാവുകയായിരുന്നു. ഗ്രൂപ്പുകള്‍ ചേരിതിരിഞ്ഞ് ഏറ്റുമുട്ടിയതോടെ കോണ്‍ഗ്രസിലെ കലാപഭൂമിയായി ഇരിക്കൂര്‍. പ്രശ്‌നപരിഹാരത്തിന് ഉമ്മന്‍ ചാണ്ടി വരെ നേരിട്ട് രംഗത്തിറങ്ങേണ്ടിവന്നു. ഇതോടെ ഇരിക്കൂര്‍ കോണ്‍ഗ്രസിന് കൈവിടുമോ എന്ന ആശങ്ക നിലനിലനില്‍ക്കുന്നുണ്ട്.

സജീവ് ജോസഫാണ് കോണ്‍ഗ്രസിന്‍റെ സ്ഥാനാര്‍ഥി. കേരള കോണ്‍ഗ്രസ് എമ്മിന്‍റെ സജി കുറ്റ്യാനിമറ്റമാണ് എല്‍ഡിഎഫ് സ്ഥാനാര്‍ഥി. മാണി ഗ്രൂപ്പിന്‍റെ മുന്നണി മാറ്റവും മണ്ഡലത്തിലെ ക്രിസ്‌ത്യന്‍ വോട്ടുകളും കോണ്‍ഗ്രസിലെ ഉള്‍പ്പോരും കൂടി ചേരുമ്പോള്‍ ഇരിക്കൂര്‍ പോരാട്ടം തീപാറും. 2016ല്‍ 9,647 വോട്ടുകള്‍ക്കായിരുന്നു കെ സി ജോസഫിന്‍റെ വിജയം. 

3. കുറ്റ്യാടി

സ്ഥാനാര്‍ഥി നിര്‍ണയ ചര്‍ച്ചകളില്‍ സിപിഎമ്മില്‍ അത്ര പതിവില്ലാത്ത കാഴ്‌ചകളായിരുന്നു കുറ്റ്യാടിയില്‍ കണ്ടത്. കുറ്റ്യാടി സീറ്റ് കേരള കോണ്‍ഗ്രസ് എമ്മിന് നല്‍കിയതോടെയാണ് സിപിഎമ്മില്‍ പ്രാദേശിക പ്രശ്‌നങ്ങള്‍ ഉടലെടുത്തത്. വി എസിന് മുമ്പ് സീറ്റ് നിഷേധിക്കപ്പെട്ടപ്പോള്‍ കണ്ട സമാന പ്രതിഷേധസ്വരങ്ങളായിരുന്നു കുറ്റ്യാടി ഓര്‍മ്മിപ്പിച്ചത്. സീറ്റ് തിരിച്ചെടുക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധങ്ങള്‍ തെരുവിലേക്ക് നീണ്ടു. ഇതോടെ മുന്നണിബന്ധം നിലനിര്‍ത്താന്‍ ജോസ് കെ മാണി സീറ്റ് തിരിച്ചുനല്‍കി. 

പാര്‍ട്ടി തിരിച്ചെടുത്ത സീറ്റില്‍ കെ പി കുഞ്ഞഹമ്മദ് കുട്ടി മാസ്റ്ററാണ് സിപിഎം സ്ഥാനാര്‍ഥി. ലീഗിന്‍റെ കയ്യിലുള്ള സീറ്റ് നിലനിര്‍ത്താന്‍ പാറക്കല്‍ അബ്‌ദുള്ള ഇറങ്ങുന്നു. എന്നാല്‍ എല്‍ഡിഎഫിലെ പ്രശ്നങ്ങള്‍ക്കിടയിലും വെന്നിക്കൊടി വീണ്ടും പാറിക്കുക പാറക്കല്‍ അബ്‌ദുള്ളയ്‌ക്ക് എളുപ്പമാവില്ല. വെറും 1,157 വോട്ടുകളുടെ ഭൂരിപക്ഷമേ 2016ല്‍ അദേഹത്തിന് ഉണ്ടായിരുന്നുള്ളൂ. അതിനാല്‍ സീറ്റ് തിരിച്ചുപിടിക്കാനാകുമെന്നാണ് സിപിഎമ്മിന്‍റെ ഉറച്ച വിശ്വാസം. മുഖ്യമന്ത്രിയുടെ തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷനില്‍ വന്‍ ജനാവലിയെത്തിയത് കുറ്റ്യാടിയില്‍ വോട്ടിംഗ് മെഷീനില്‍ തെളിയുമോ എന്ന് മെയ് രണ്ടിനറിയാം. 

4. തവനൂര്‍

പിണറായി വിജയന്‍ മന്ത്രിസഭയില്‍ ഏറെ പഴികള്‍ കേട്ട മന്ത്രിമാരില്‍ ഒരാളാണ് ഉന്നതവിദ്യാഭ്യാസ മന്ത്രിയായ കെ ടി ജലീല്‍. മാര്‍ക്ക് ദാന വിവാദവും സ്വര്‍ണക്കടത്ത് കേസും ജലീലിനെ മുള്‍മുനയില്‍ നിര്‍ത്തി. എന്നാല്‍ സ്വര്‍ണക്കടത്ത് കേസ് സജീവമായി നില്‍ക്കുമ്പോഴും തവനൂരില്‍ സ്വതന്ത്രനായി ജലീലിനെ വീണ്ടും മത്സരിപ്പിക്കാന്‍ തീരുമാനിക്കുകയായിരുന്നു സിപിഎം. 2011ല്‍ 6,854 വോട്ടിനും 2016ല്‍ 17,064 വോട്ടുകള്‍ക്കും ജയിച്ച ജലീലിന് ഇത്തവണ ജയം ആവര്‍ത്തിക്കാന്‍ കഴിയുമോ എന്നതാണ് ചോദ്യം. 

കോണ്‍ഗ്രസിന്‍റെ ഫിറോസ് കുന്നംപറമ്പിലാണ് മുഖ്യ എതിരാളി. ജീവകാരുണ്യപ്രവര്‍ത്തനങ്ങളിലൂടെ ശ്രദ്ധ നേടിയ ഫിറോസിന് തെരഞ്ഞെടുപ്പ് രംഗത്ത് കന്നിയങ്കമാണിത്. ചാരിറ്റിയുടെ മറവില്‍ പണംതട്ടുന്നു എന്ന ആരോപണം നേരിട്ട ഫിറോസ് ഇടയ്‌ക്കുവച്ച് ജീവകാരുണ്യപ്രവര്‍ത്തനം നിര്‍ത്തിയെങ്കിലും സാമൂഹ്യപ്രവര്‍ത്തനരംഗത്ത് വീണ്ടും സജീവമാവുകയായിരുന്നു. ആരോപണങ്ങള്‍ ഫിറോസിനും തിരിച്ചടിയാകും.

വന്‍ കോളിളക്കം സ‍ൃഷ്‌ടിച്ച വിവാദങ്ങള്‍ക്കിടയിലും ജലീല്‍ തുടര്‍ച്ചയായ മൂന്നാം തവണയും തവനൂരില്‍ നിന്ന് വിജയിക്കുമോ എന്നതാണ് മണ്ഡലത്തെ ശ്രദ്ധേകേന്ദ്രമാക്കുന്നത്. 2006ല്‍ കുറ്റിപ്പുറത്ത് സാക്ഷാല്‍ കുഞ്ഞാലിക്കുട്ടിയെ അട്ടിമറിച്ച ചരിത്രമുണ്ട് ജലീലിന്. 

5. തൃത്താല

വി ടി ബല്‍റാം-എം ബി രാജേഷ് പോരാട്ടം കൊണ്ട് ശ്രദ്ധേയമായ മണ്ഡലമാണ് തൃത്താല. 2011 മുതല്‍ മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന കോണ്‍ഗ്രസിന്‍റെ വി ടി ബല്‍റാമിന് എതിരാളിയായി മുന്‍ എം പി കൂടിയായ എം ബി രാജേഷിനെയാണ് സിപിഎം രംഗത്തിറക്കിയിരിക്കുന്നത്. 2016ല്‍ 10,547 വോട്ടുകളുടെ ഭൂരിപക്ഷമായിരുന്നു ബല്‍റാമിനുണ്ടായിരുന്നത്. എന്നാല്‍ രാജേഷ് എത്തുന്നതോടെ മത്സരം കടുക്കും എന്ന് ഇടതുപ്രവര്‍ത്തകര്‍ പ്രതീക്ഷിക്കുന്നു. 

വി ടി ബല്‍റാം മുമ്പ് നടത്തിയ എകെജി പരാമര്‍ശം ഉള്‍പ്പടെ വിഷയമാക്കിയാണ് സിപിഎം അണികള്‍ പ്രചാരണം നയിക്കുന്നത്. 

6. വടക്കാഞ്ചേരി

പിണറായി സര്‍ക്കാരിന്‍റെ കാലത്ത് ലൈഫ് മിഷന്‍ വിവാദങ്ങളിലൂടെ വാര്‍ത്തകളില്‍ നിറഞ്ഞുനിന്ന മണ്ഡലമാണ് വടക്കാഞ്ചേരി. നിയമസഭ തെരഞ്ഞെടുപ്പിന് മുമ്പുതന്നെ ലൈഫ് മിഷന്‍ ഫ്ലാറ്റിനെ ചൊല്ലിയുള്ള പോര് ഇരു മുന്നണികളും തുടങ്ങിയിരുന്നു. തദ്ദേശ തെരഞ്ഞെടുപ്പില്‍ ലൈഫ് മിഷന്‍ ഉയര്‍ത്തി യുഡിഎഫ് പ്രചാരണം കൊഴുപ്പിച്ചെങ്കിലും വേണ്ടത്ര ഫലിച്ചില്ല. അനില്‍ അക്കര വിവാദങ്ങളിലൂടെ 140 കുടുംബങ്ങളുടെ വീട് മുടക്കിയെന്ന് ആരോപിച്ച് തിരിച്ചടിക്കുകയാണ് സിപിഎം ചെയ്‌തത്. 

കഴിഞ്ഞ കുറി വെറും 43 വോട്ടുകള്‍ക്കായിരുന്നു കോണ്‍ഗ്രസിലെ അനില്‍ അക്കരയുടെ വിജയം. സംസ്ഥാനത്ത് ഏറ്റവും കുറ‍ഞ്ഞ ഭൂരിപക്ഷമായിരുന്നു ഇത്. ഇത്തവണ സേവ്യര്‍ ചിറ്റിലപ്പള്ളിയേയാണ് സിപിഎം ഇറക്കിയിരിക്കുന്നത്. വീട് മുടക്കിയെന്ന സിപിഎം ആരോപണങ്ങളെ കൂടി മറികടക്കാതെ അനില്‍ അക്കരയ്‌ക്ക് ഇക്കുറി കരതൊടാന്‍ കഴിയില്ല എന്നതാണ് യാഥാര്‍ഥ്യം. സജീവമായ പ്രചാരണമാണ് സേവ്യറിനായി ഇടതുമുന്നണി വടക്കാഞ്ചേരിയില്‍ നടത്തുന്നത്.

7. തൃപ്പൂണിത്തുറ 

എം സ്വരാജ്(സിപിഎം), കെ ബാബു(കോണ്‍ഗ്രസ്), കെ എസ് രാധാകൃഷ്‌ണന്‍(ബിജെപി) എന്നിവരാണ് തൃപ്പൂണിത്തുറയില്‍ വിവിധ മുന്നണികളുടെ സ്ഥാനാര്‍ഥികള്‍. ശബരിമല സ്‌ത്രീ പ്രവേശനവിഷയം അടക്കമുള്ള വിഷയങ്ങള്‍ സജീവ ചര്‍ച്ചയാണ് മണ്ഡലത്തില്‍. ശബരിമല പ്രക്ഷോഭ സമയത്തെ എം സ്വരാജിന്‍റെ നിലപാടുകള്‍ ഓര്‍മ്മിപ്പിച്ചാണ് തൃപ്പൂണിത്തുറയില്‍ കെ ബാബു വോട്ട് തേടുന്നത്. മണ്ഡലത്തെ വികസനകാര്യത്തില്‍ സ്വരാജ് പുറകോട്ട് നടത്തി എന്നാരോപിച്ച് പിന്നോട്ട് നടന്ന് പ്രതിഷേധിക്കുകയും ചെയ്തു കെ ബാബു. 

അതേസമയം മണ്ഡലം നിലനിര്‍ത്താം എന്ന പ്രതീക്ഷയിലാണ് എം സ്വരാജ്. 2016ല്‍ കെ ബാബുവിനെ 4,467 വോട്ടുകള്‍ക്ക് സ്വരാജ് പരാജയപ്പെടുത്തിയിയിരുന്നു. അന്നും തെരഞ്ഞെടുപ്പ് ചര്‍ച്ചകളില്‍ ബാബു-സ്വരാജ് പോര് ശ്രദ്ധേയമായിരുന്നു. 

8. കളമശ്ശേരി

തെരഞ്ഞെടുപ്പില്‍ അഴിമതി വലിയ പ്രചാരണ വിഷയമായിരിക്കുന്ന മറ്റൊരു മണ്ഡലമാണ് കളമശ്ശേരി. യുഡിഎഫ് സര്‍ക്കാരിന്‍റെ കാലത്ത് നിര്‍മ്മിച്ച പാലാരിവട്ടം പാലത്തെ ചൊല്ലിയുള്ള പൊല്ലാപ്പും പോരും ഇപ്പോഴും തെരഞ്ഞെടുപ്പ് വേദികളില്‍ സജീവം. കളമശ്ശേരി മണ്ഡലം നിലനിര്‍ത്താന്‍ യുഡിഎഫിനായി ഇത്തവണ ജനവിധി തേടുന്നത് മുന്‍ മന്ത്രി വി കെ ഇബ്രാഹിം കുഞ്ഞിന്റെ മകൻ വി ഇ അബ്ദുല്‍ ഗഫൂറാണ്. സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം പി രാജീവാണ് എല്‍ഡിഎഫിനായി അങ്കത്തട്ടില്‍. 

പാലാരിവട്ടം ഉയര്‍ത്തിക്കാട്ടിയാണ് ഇടതുമുന്നണിയുടെ പ്രചാരണം. നിര്‍മാണത്തില്‍ ഗുരുതര വീഴ്ചകളുണ്ടെന്ന് വിദഗ്ധര്‍ കണ്ടെത്തിയ പാലം മാസങ്ങള്‍കൊണ്ട് പൊളിച്ചുപണിത പാലാരിവട്ടം പാലത്തിന്റെ പുനര്‍നിര്‍മാണം ഉയര്‍ത്തിക്കാട്ടി യുഡിഎഫിനെ സിപിഎം നേരിടുന്നു. അഴിമതി ആരോപണം നേരിടുന്ന മന്ത്രിയുടെ മകനെ മത്സരിപ്പിക്കുന്നതിലെ യുക്തിയും പ്രചാരണവേദികളില്‍ ചോദ്യമായി ഉയര്‍ന്നുകേള്‍ക്കുന്നു. അതേസമയം സിപിഎം പ്രാദേശിക നേതാക്കള്‍ പ്രതികളായ 14 കോടിയുടെ പ്രളയഫണ്ട് തട്ടിപ്പ് കേസ് ഉയര്‍ത്തിക്കാട്ടി കടന്നാക്രമിക്കുകയാണ് അബ്ദുല്‍ ഗഫൂര്‍. 2011ല്‍ 7,789 വോട്ടിനും 2016ല്‍ 12,118 വോട്ടിനുമാണ് ഇബ്രാഹിം കുഞ്ഞ് ഇവിടെ വിജയിച്ചത്. 

9. പാല

ജോസ് കെ മാണി-മാണി സി കാപ്പന്‍ നേര്‍ക്കുനേര്‍ പോരാട്ടമാണ് പാലായില്‍. മുന്നണി മാറ്റം കൊണ്ട് ആര്‍ക്ക് മേല്‍ക്കൈയുണ്ടാകും എന്നതാണ് പാലായിലെ പോരിന് കൗതുകം സ‍ൃഷ്‌ടിക്കുന്നത്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ യുഡിഎഫിന് ഒപ്പമായിരുന്ന കേരള കോണ്‍ഗ്രസ് ജോസ് കെ മാണി വിഭാഗം ഇക്കുറി ഇടതുപാളയത്തിലാണ്. അതേസമയം ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് ടിക്കറ്റില്‍ വിജയിച്ച മാണി സി കാപ്പൻ ഇത്തവണ പ്രതിയോഗിയാണ്.  

ജോസ് കെ മാണിയിലൂടെ പാലാ പിടിക്കാമെന്നാണ് എല്‍ഡിഎഫ് പ്രതീക്ഷയര്‍പ്പിക്കുന്നത്. തറവാട് സീറ്റ് എന്ന് വിശേഷണമുള്ള പാലാ തിരിച്ചുപിടിക്കുക ജോസ് കെ മാണിക്ക് അഭിമാന പോരാട്ടവുമാകും. കെ എം മാണിയുടെ വികസന മാതൃക ഉയര്‍ത്തിക്കാട്ടിയാണ് ജോസ് കെ മാണി വോട്ട് തേടുന്നത്. എന്നാല്‍ പാലായിലെ വികസനം ജോസ് കെ മാണി അട്ടിമറിച്ചു എന്നാണ് കാപ്പന്‍റെ അവകാശവാദം. 2016ല്‍ കെ എം മാണി 4703 വോട്ടിനും 2019ലെ ഉപതെരഞ്ഞെടുപ്പില്‍ കാപ്പന്‍ 2,943 വോട്ടിനുമാണ് വിജയിച്ചത്.  

10. നേമം

ഇക്കുറി പോരിന്‍റെ പെരുമ ഏറെയുള്ള മണ്ഡലം തിരുവനന്തപുരത്തെ നേമമാണ്. മൂന്ന് മുന്നണികളിലും ശക്തരായ സ്ഥാനാര്‍ഥികള്‍ മത്സരരംഗത്ത്. സംസ്ഥാനത്ത് ബിജെപി ആദ്യമായി നിയമസഭയില്‍ അക്കൗണ്ട് തുടങ്ങിയ മണ്ഡലത്തില്‍ കുമ്മനം രാജശേഖരനാണ് എന്‍ഡിഎ സ്ഥാനാര്‍ഥി. ഏറെ ചര്‍ച്ചകളും അഭ്യൂഹങ്ങളും ട്വിസ്റ്റുകളും കേട്ടതായിരുന്നു കോണ്‍ഗ്രസിന്‍റെ സ്ഥാനാര്‍ഥി പ്രഖ്യാപനം. ഉമ്മന്‍ ചാണ്ടിയുടേയും രമേശ് ചെന്നിത്തലയുടേയും പേരുകള്‍ കേട്ട മണ്ഡലത്തില്‍ ഒടുവില്‍ കെ മുരളീധരന്‍ മത്സരിക്കാനെത്തി. അതേസമയം വി ശിവന്‍കുട്ടിയിലൂടെ മണ്ഡലം തിരികെ പിടിക്കുകയാണ് സിപിഎം ലക്ഷ്യം. 

2016ല്‍ 8671 വോട്ടുകളും ഭൂരിപക്ഷത്തിലാണ് ബിജെപിയുടെ ഒ രാജഗോപാല്‍ നേമത്ത് താമര വിരിയിച്ചത്. മൂന്ന് മുന്നണികള്‍ക്കും നേമത്തേത് ഇത്തവണ അഭിമാനപ്പോരാട്ടം തന്നെ. 

'തെരഞ്ഞെടുപ്പിന് മുമ്പ് വര്‍ഗീയ ധ്രുവീകരണം നടത്താന്‍ മുഖ്യമന്ത്രി ശ്രമിച്ചു, കേരളത്തിലേത് ഏകാധിപത്യഭരണം'

തലശ്ശേരിയിലും ഗുരുവായൂരിലും ബിജെപി സ്ഥാനാർത്ഥിയില്ലെങ്കിൽ വോട്ട് ആർക്ക്?; കെ സുരേന്ദ്രൻ പറയുന്നു

സ്വര്‍ണക്കടത്ത്, സ്‌പ്രിംക്ലര്‍, ലൈഫ് മിഷന്‍, ശബരിമല; മറുപടിയുമായി പിണറായി വിജയന്‍- പൂര്‍ണ അഭിമുഖം

click me!