ബംഗാളിലും ത്രിപുരയിലും പൂട്ടി ഇനി കേരളത്തിലും സിപിഎമ്മിൻ്റെ അക്കൌണ്ട് പൂട്ടിക്കും: കെ.സുരേന്ദ്രൻ

By Web Team  |  First Published Mar 31, 2021, 5:08 PM IST
  •  മാധ്യമങ്ങളെല്ലാം പിണറായി വിജയനെ വാഴ്ത്തി പാടുന്ന നിലയിലേക്ക് വന്നിരിക്കുകയാണ്
  • 2026-ൽ നൂറ് സീറ്റുമായി ബിജെപി കേരളം ഭരിക്കും
  • എല്ലാ പ്രണയവും ലവ് ജിഹാദല്ല. എന്നാൽ ലവ് ജിഹാദേ ഇല്ല എന്നു പറയരുത്.

കെ.സുരേന്ദ്രനും സിന്ധു സൂര്യകുമാറും തമ്മിലുള്ള സംഭാഷണത്തിൻ്റെ പൂർണരൂപം വായിക്കാം


  • ഈ തെരഞ്ഞെടുപ്പിൽ ബിജെപി മുന്നോട്ട് വയ്ക്കുന്ന പ്രധാന വിഷയം എന്താണ്

കേരളത്തിലെ പരമ്പരാ​ഗത രാഷ്ട്രീയ സംവിധാനം മാറണം എന്നതാണ് പ്രധാന ആശയം. പുതിയ കേരളം വേണം. 

  • അതിനു തക്ക മുന്നൊരുക്കങ്ങൾ ബിജെപിയിൽ ഉണ്ടായോ ?

അതെപ്പോഴും മാധ്യമങ്ങൾക്ക് ബിജെപി വരുന്നതിനോട് താത്പര്യമില്ല. നിഷ്പക്ഷ നിരീക്ഷകൻമാ‍ർ പോലും ആ നിലപാടിലാണ്. ബിജെപിയും എൻഡിഎയും കേരളത്തിൽ ഉയ‍ർന്നു വരുന്നതിനെ എതിർക്കുന്നവർ ആ തരത്തിൽ പ്രചാരണം നടത്തുകയാണ്. എന്നിട്ടും തദ്ദേശ തെരഞ്ഞെടുപ്പിൽ കോൺ​ഗ്രസിനെ അപ്രസക്തമാക്കി ബിജെപി കേറി വന്നു. നല്ല തയ്യാറെടുപ്പോടെയാണ് ഞങ്ങൾ മത്സരിക്കുന്നത്. മികച്ച മുന്നേറ്റം ഇക്കുറിയുണ്ടാവും. 

  • മോദിയോട് താത്പര്യമുള്ള ഒരു വിഭാ​ഗമുണ്ടായിട്ടും അതൊന്നും ബിജെപിക്ക് വോട്ടാകാൻ പറ്റുന്നില്ല

Latest Videos

undefined

ഏഷ്യാനെറ്റ് നടത്തിയ ഒരു സർവേയിൽ സ്ഥാനാ‍ർത്ഥി നിർണയത്തിൽ ഏറ്റവും കുറച്ച് പ്രശ്നങ്ങളുണ്ടായിരുന്ന പാർട്ടി ബിജെപിയാണെന്ന് കണ്ടു. ഞങ്ങളുടെ ഇടയിൽ യാതൊരു പ്രശ്നവുമില്ല. പക്ഷേ ഞങ്ങൾക്കിടയിൽ എന്തോ പ്രശ്നമുണ്ടെന്ന് വരുത്തി തീ‍ർക്കാൻ ശ്രമിക്കുകയാണ്.

  • അപ്പോൾ ശോഭ സുരേന്ദ്രനുമായി ബന്ധപ്പെട്ടുണ്ടായ വിവാദങ്ങൾ

നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാനില്ലെന്ന് ശോഭ സുരേന്ദ്രൻ ആദ്യമേ പറഞ്ഞൂ. ലോക്സഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ തയ്യാറെടുക്കുന്നുവെന്നാണ് അവർ പറഞ്ഞത്. ശോഭ മത്സരിക്കണമെന്നായിരുന്നു ഞങ്ങളുടെ അഭിപ്രായം. വി.മുരളീധരൻ്റെ കാര്യം അങ്ങനെയല്ല 2016-ൽ പരാജയപ്പെട്ടിട്ടും അദ്ദേഹം കഴക്കൂട്ടത്ത് താമസിച്ചു കൊണ്ട് പ്രചാരണം തുടരുകയായിരുന്നു. അദ്ദേഹം തന്നെ അവിടെ മത്സരിക്കും എന്നായിരുന്നു ഞങ്ങളുടെ പ്രതീക്ഷ. പക്ഷേ ഒരു കേന്ദ്രമന്ത്രിയുടെ കാര്യത്തിൽ നമ്മുക്കൊന്നും ചെയ്യാൻ സാധിക്കില്ല. കേന്ദ്ര നേതൃത്വമാണ് തീരുമാനമെടുക്കേണ്ടത്. അതിൽ അൽപം കാലതാമസമുണ്ടായി. അതിനോടകം പലതരം വാ‍ര്‌ത്തകൾ വന്നു. ഇപ്പോൾ എനിക്ക് തോന്നുന്നത് ആ വിവാദങ്ങളൊക്കെ നമ്മുക്ക് തുണയായി എന്നാണ്. ജയിക്കാവുന്ന തരത്തിൽ അവിടെ മത്സരം കൊണ്ടു വരാനായി. 

ചെങ്ങന്നൂരിൽ മാധ്യമങ്ങൾ പറഞ്ഞത് അമിത് ഷായും മോദിയും തീരുമാനിച്ച സ്ഥാനാർത്ഥിയെ സുരേന്ദ്രൻ വെട്ടിയെന്നാണ്, പിന്നെ നേരെ തിരിച്ചും പറഞ്ഞു. എനിക്കറിഞ്ഞൂടാ ഇതൊക്കെ എങ്ങനെ ശരിയാവുന്നുവെന്ന്. ഇവിടെ മാധ്യമങ്ങളെല്ലാം പിണറായി ഭക്തൻമാരാണ്. ഇവിടെ ഇടതുപക്ഷത്ത് എന്തൊക്കെ പ്രശ്നങ്ങളുണ്ട്. അതൊന്നും എവിടെയും ചർച്ചയാവില്ല. മന്ത്രിസഭയിലെ രണ്ടാമനായ ഇ.പി.ജയരാജൻ പറയുന്നത് ഇനി മത്സരിക്കാൻ സീറ്റ് കിട്ടിയാലും വേണ്ടെന്നാണ്. ഇങ്ങനെ എന്തൊക്കെ ഉണ്ടായി. അതൊന്നും പക്ഷേ എവിടെയും ചർച്ചയാവുന്നില്ല. എന്നാൽ ഒൻപത് മാസമായി ശോഭാ സുരേന്ദ്രനാണ് മാധ്യമങ്ങളുടെ പ്രധാന പ്രശ്നം. 

  • തെരഞ്ഞെടുപ്പിൽ ആരാണ് എൻഡിഎയുടെ മുഖ്യഎതിരാളി

രണ്ടു കൂട്ടരോടും ഒരേ പോരാട്ടമാണ്. എന്നാൽ ഭരണകക്ഷിയായിരിക്കും ഒന്നാമത്തെ ശത്രു. കഴിഞ്ഞ തവണ ഉമ്മൻ ചാണ്ടി സർക്കാരിനെ ശക്തമായി എതിർത്ത പോലെ ഇപ്പോഴും ചെയ്യുന്നു. ഭരണപക്ഷത്തിൻ്റെ വീഴ്ച കണ്ടെത്തുക എന്നതാണ് പ്രതിപക്ഷ ധർമ്മം. എന്നാൽ യുഡിഎഫിന് എന്തേലും സൗകര്യം ചെയ്തു കൊടുക്കും എന്നതിന് അർത്ഥമില്ല. പണ്ടൊക്കെ സിപിഎം പ്രചരിപ്പിച്ചിരുന്നത് ബിജെപി ഒരു സീറ്റെടുത്ത് ബാക്കിയെല്ലാം യുഡിഎഫിന് കൊടുക്കും എന്നായിരുന്നു. ഇപ്പോൾ മാറി തലശ്ശേരിയും ​ഗുരുവായൂരും എടുത്ത് ബാക്കി കൊടുക്കും എന്നാണ്. ബിജെപി സ്വാധീനശക്തിയാണ് എന്ന് ഇവർ തിരിച്ചറിഞ്ഞത് നന്നായി. 

  • ഈ ഡീൽ എന്ന ആരോപണം ഉന്നയിച്ചത് ബാലശങ്കറാണ്

സീറ്റ് കിട്ടാത്തതിൽ അദ്ദേഹത്തിനുള്ള വിഷമം കൊണ്ടാവാം അതൊക്കെ പറഞ്ഞത്. ഇനിയും അതെല്ലാം പറഞ്ഞ് അദ്ദേഹത്തെ വേദനിപ്പിക്കണോ

  • അപ്പോഴും രാജ​ഗോപാൽ പറഞ്ഞതൊക്കെ അവിടെ നിൽക്കുന്നു

രാജ​ഗോപാൽജി എറ്റവും മുതിർന്ന നേതാവാണ്. അങ്ങനെയൊരാളുടെ വായിൽ നിന്നും വന്ന ഒരു വാക്ക് വച്ച് അദ്ദേഹത്തേയും പാർട്ടിയേയും ആക്രമിക്കുന്നത് തെറ്റാണ്. രാജേട്ടൻ വളരെ സൗമ്യനാണ്. നിയമസഭയിലടക്കം എല്ലാ വിഷയത്തിലും അദ്ദേഹം തൻ്റെ നിലപാട് കൃത്യമായി പറഞ്ഞിരുന്നു. രാജ​ഗോപാലിൻ്റെ നിയമസഭയിലെ പ്രവർത്തനം വിലയിരുത്തുമ്പോൾ അദ്ദേഹം നന്നായി പ്രവർത്തിച്ചിട്ടുണ്ട്. പക്ഷേ അദ്ദേഹം പറഞ്ഞ നല്ല കാര്യങ്ങളൊന്നും എവിടെയും ചർച്ചയാവില്ല. 

  • മൈനോറിറ്റി വോട്ടുകൾ ബിജെപി ഇക്കുറി നന്നായി പിടിക്കും എന്ന് സുരേന്ദ്രൻ പറഞ്ഞിരുന്നു

ബിജെപിയോടുള്ള ക്രൈസ്തവ സമൂഹത്തിൻ്റെ സമീപനത്തിൽ വലിയ മാറ്റം വന്നു. എന്നാൽ മുസ്ലീംങ്ങൾക്ക് ഇടയിൽ ബിജെപി വിരുദ്ധ പ്രചാരണം ഇപ്പോഴും ശക്തമാണ്. ക്രൈസ്തവ സമൂഹത്തിൻ്റെ മുഖ്യശത്രു ബിജെപിയില്ല. ജമാ അത്താ ഇസ്ലാമിയും ഐഎസ്ഐഎസാണ്. 

കന്യാസ്ത്രീകളെ ആക്രമിച്ച സംഭവം ബിജെപിക്ക് ബുദ്ധിമുട്ടുണ്ടാക്കിയില്ലേ...

കേരളത്തിൽ എത്രയോ കന്യാസ്ത്രീകൾക്കെതിരെ അക്രമങ്ങൾ ഉണ്ടായി അതിലൊക്കെ കൃത്യമായി അന്വേഷണവും നടപടിയും ഉണ്ടായോ.

  • കേരളത്തിൽ കന്യാസ്ത്രീകൾക്ക് നേരെ മതപരമായ കാരണങ്ങൾ കൊണ്ട് ആക്രമണമുണ്ടാവാറുണ്ടോ ? 

പലസംഭവങ്ങളും തെറ്റായിട്ടാണ് ഇവിടെ പ്രചരിപ്പിക്കുന്നത്. ആ​ഗോളതലത്തിൽ ക്രൈസ്തവർ ആക്രമിക്കപ്പെടുന്നുണ്ട്. അവരുടെ ആരാധനാലയങ്ങൾ ആക്രമിക്കപ്പെടുന്നു. ഹാ​ഗിയ സോഫിയ വിഷയത്തിൽ എന്താണ് കോൺ​ഗ്രസും ലീ​ഗും സ്വീകരിച്ച നിലപാട്. പാണക്കാട് തങ്ങൾ പരസ്യമായി പള്ളി മാറ്റിയ നടപടിയെ ന്യായീകരിച്ചില്ലേ. ഉമ്മൻ ചാണ്ടിയുടെ മകൻ എന്താണ് പറഞ്ഞത്. ലവ് ജിഹാദ് ഞങ്ങൾ ആദ്യം ഉന്നയിച്ചപ്പോൾ എല്ലാവരും സംഘപരിവാർ അജൻഡയാക്കി അതിനെ തള്ളി. ഇപ്പോൾ എന്തായി ? എല്ലാ ക്രൈസ്തവ സഭകളും എന്ത് നിലപാടിലേക്ക് എത്തി എന്നു നോക്കൂ. അവർക്ക് മക്കളെ സ്കൂളിൽ അയക്കാൻ പറ്റാത്ത അവസ്ഥയായി. കുട്ടികൾക്ക് ക്ലാസ് പ്രത്യേകം ക്ലാസ് എടുക്കേണ്ട നില വന്നു. 

പ്രേമിച്ചു കല്ല്യാണം കഴിച്ചാൽ സിറിയയിൽ പോണം എന്നുണ്ടോ. എല്ലാ കേസും ലവ് ജിഹാദല്ല. എന്നാൽ ലവ് ജിഹാദില്ല എന്നു പറയരുത്. ദമ്പതികൾ കണ്ണൂരിൽ നിന്നും തിരുവനന്തപുരത്ത് നിന്നും സിറിയയിലേക്ക് പോയി. അവർ ചാക്ക് നൂൽ വസ്ത്രം കെട്ടി നടന്ന് നൂറ്റാണ്ടുകൾ മുൻപത്തെ ജീവിതം സ്വീകരിക്കുന്ന സംഭവമുണ്ടായി. ഇതിനൊക്കെ പിന്നിൽ ആരാണെന്ന് വ്യക്തമാണ്.

എന്താണ് ജോസ് കെ മാണി പറഞ്ഞത്. ക്രൈസ്ത സമൂഹത്തിൻ്റെ പൊതുവികാരം മനസിലാക്കിയായിരിക്കില്ലേ അദ്ദേഹം ഇതൊക്കെ പറഞ്ഞത്. ​ഗ്രൗണ്ടിൽ എന്താണ് നടക്കുന്നതെന്ന് ജോസിന് വ്യക്തമായി അറിയാം. എന്നാൽ ജോസിൻ്റെ പ്രസ്താവനയെ പിന്തുണച്ചാൽ ജമാ അത്താ ഇസ്ലാമി ഇടയും എന്നു കണ്ടാണ് പിണറായി അദ്ദേഹത്തെ തിരുത്തിയത്. മുസ്ലീം വിഭാ​ഗത്തിലെ തീവ്രവിഭാ​ഗക്കാരാണ് തദ്ദേശ തെരഞ്ഞെടുപ്പിൽ ഇടതുമുന്നണിക്ക് വോട്ടു ചെയ്തത്. 

  • ക്രിസ്ത്യാനികൾക്ക് ബിജെപിയോട് അകൽച്ചയില്ല. ഹിന്ദുക്കൾ ബിജെപിക്കൊപ്പമുണ്ട്, മുസ്ലീങ്ങൾ മാത്രമാണ് എതിര്. അങ്ങനെയാണോ പറഞ്ഞു വരുന്നത്. 

മുസ്ലീം മതത്തിലും മാറ്റങ്ങൾ വന്നു കൊണ്ടിരിക്കുകയാണ്. ഇന്നലെ പ്രധാനമന്ത്രി കാൽ തൊട്ടു വന്ദിച്ച സ്ഥാനാർത്ഥി മുസ്ലീമാണ്. മലപ്പുറത്ത് കഴിഞ്ഞ തദ്ദേശ തെര‍ഞ്ഞെടുപ്പിൽ നൂറ് സ്ഥാനാർത്ഥികളെ മത്സരിപ്പിച്ചു. അയിത്തം അവസാനിപ്പിച്ച് നന്നായി ചിന്തിക്കുന്ന ധാരാളമാളുകൾ എൻഡിഎയിലേക്ക് വരും. മുൻ കാലിക്കറ്റ് വൈസ് ചാൻസലർ ഇപ്പോൾ തീരൂരിൽ ഞങ്ങളുടെ സ്ഥാനാർത്ഥിയാണ്. തീർച്ചയായും മുസ്ലീം മതവിഭാ​ഗത്തിലെ തെറ്റിദ്ധാരണയും വേ​ഗം മാറും

  • 30-35 സീറ്റ് കിട്ടിയാൽ ഭരണം പിടിക്കുമെന്നാണ് സുരേന്ദ്രൻ നേരത്തെ പറഞ്ഞത്

35 സീറ്റ് കിട്ടിയാൽ ബിജെപി അധികാരം പിടിക്കുമെന്നതിൽ ഭൂമിമലയാളത്തിൽ ആർക്കും സംശയമില്ല. ഇപ്പോൾ രണ്ടു മുന്നണിയിലും ഇരിക്കുന്നവരൊക്കെ സന്തോഷത്തിൽ ഇരിക്കുകയാണെന്നാണോ കരുതുന്നത്. മെയ് രണ്ട് കഴിയട്ടെ. രണ്ടാം തീയതി കഴിയുമ്പോൾ കാര്യം മനസില്ലാവും. അവിടെ ഇരിക്കാൻ വലിയ താത്പര്യമൊന്നുമില്ല പലർക്കും. വേറെ ഓപ്ഷനില്ലാഞ്ഞിട്ടാണ് കടിച്ചു തൂങ്ങി നിൽക്കുന്നത്. ഒരു സീറ്റുള്ള ഞങ്ങളുടെ കൂടെ വന്നിട്ട് കാര്യമുണ്ടോ . കോൺ​ഗ്രസിലൊക്കെ പലരും അതൃപ്തിയിലാണ്. അവരൊക്കെ കാത്തിരിക്കുകയാണ്. ഈ തെരഞ്ഞെടുപ്പിലെ ഫലം എന്താണെന്ന് അറിയാൻ 

  • എന്നേക്കാൾ ​ഗ്രൗണ്ട് പൊളിറ്റിക്സ് അറിയുന്ന ആളാണ് താങ്കൾ, ബിജെപിക്ക് 35 സീറ്റ് ഈ തെരഞ്ഞെടുപ്പിൽ കിട്ടുമെന്ന് താങ്കൾ ഉള്ളിൻ്റെ ഉള്ളിൽ വിചാരിക്കുമെന്ന് ഞാൻ കരുതുന്നില്ല 

നമ്മുക്ക് നോക്കാം, 45 സീറ്റ് കിട്ടിയാലും സർക്കാരുണ്ടാക്കാനവാും എന്നാണ് ഞാൻ പറയുന്നത്. 2026-ൽ ചോദ്യമേ ഉദിക്കുന്നില്ല. 2026-ൽ നൂറ് സീറ്റുമായി ബിജെപി കേരളം ഭരിക്കും. 

  • പോണ്ടിച്ചേരിയിലൊക്കെ ചെയ്ത പോലെയാണോ? അതൊക്കെ നല്ലൊരു ജനാധിപത്യമാണോ, ഇത്ര കൂളായി കാശിൻ്റെ കൊഴുപ്പിൽ ഇങ്ങനെ പറയാമോ ? 

കാശിൻ്റെ അല്ല 35 സീറ്റ് എൻഡിഎയ്ക്ക് കിട്ടിയാൽ ആളുകൾ സ്വമേധയാ ബിജെപിയിലേക്ക് വരും...  കാശു കൊടുത്താൽ ബിജെപിയിലേക്ക് കേരളത്തിൽ ആളുകൾ വരുമോ ?  

  • എനിക്കറിയില്ല...

എനിക്കുമറിയില്ല, ഇതുവരെ ബിജെപിയിലേക്ക് വന്നവരെല്ലാം അവരുമായുള്ള അഭിപ്രായ ഭിന്നതയെ തുടർന്ന് വന്നവരാണ്. 

  • കേരളത്തിന് പുറത്ത് അങ്ങനെയുണ്ട്...

എനിക്കറിയില്ല, കാശു കൊടുത്താൽ വരുമോ എന്നറിയില്ല. ഞാൻ പറയുന്നത് ആസന്നഭാവിയിൽ നടക്കാൻ പോകുന്ന കാര്യമാണ്. എൽഡിഎഫിലും യുഡിഎഫിലും അതൃപതരും പ്രതിഷേധമുള്ളവരുമുണ്ട്. ജീർണിച്ച മുന്നണി സംവിധാനത്തോട് ജനങ്ങൾക്കുള്ള പോലെ അതിനകത്തുള്ളവർക്കും പരാതിയുണ്ട്. 

  • ജനങ്ങൾക്ക് പരാതിയുണ്ടെന്ന് പറയുമ്പോൾ ആ വികാരം അറിയുന്ന പരിപാടിയാണല്ലോ തെരഞ്ഞെടുപ്പ്...

ഇവിടെ എൽഡിഎഫിനെ എതിർക്കണമെന്ന് ഒരു വോട്ടർക്ക് തോന്നിയാൽ ബിജെപി ഇല്ലെങ്കിൽ എന്തു ചെയ്യും. യുഡിഎഫിന് വോട്ടു ചെയ്തിട്ട് എന്തു കാര്യം. പിണറായി വിജയൻ മത്സരിക്കുന്ന ധർമ്മടത്ത് തന്നെ പലതരം വികാരമുള്ളവർ ഉണ്ടാവില്ലേ. ഹിറ്റ്ലർക്കും മുസോളിനിക്കുമെതിരെ വരെ എതിർത്തു നിൽക്കാൻ ആളുണ്ടായല്ലോ.. ഇപ്പോൾ ധർമ്മടത്ത് സി.കെ.പത്മനാഭൻ മത്സരിക്കുന്നില്ല എന്നു കരുതുക ആരാവും പിണറായിക്കെതിരെ പ്രധാന എതിരാളിയായി വരിക. അവിടെ ആരാണ് കോൺ​ഗ്രസ് സ്ഥാനാർത്ഥി. ഞാൻ കരുതിയത് കെ.മുരളീധരൻ നട്ടെല്ലുള്ള നേതാവാണെന്നാണ്. അദ്ദേഹം വടകരയിൽ നിന്നും നേരെ പോവേണ്ടിയിരുന്നത് ധർമ്മടത്തേക്കായിരുന്നു. അതിന് പകരം വളഞ്ഞ വഴിയെടുത്ത് മുസ്ലീം വോട്ടു കിട്ടുമെന്ന പ്രതീക്ഷയിൽ നേരെ നേമത്തേക്ക് പോയി. മുരളിക്ക് കക്ഷത്തുള്ളതും ഉത്തരത്തിലുള്ളതും ഇതോടെ നഷ്ടപ്പെടും.

  • നേമത്ത് കരുത്തനെ ഇറക്കിയത് കോൺ​ഗ്രസ് മാത്രമല്ല, അക്കൗണ്ട് പൂട്ടിക്കുമെന്ന് ഇന്നലെ പിണറായി പറഞ്ഞിട്ടുണ്ട്

പൂട്ടിക്കാൻ പുള്ളി വിദ​ഗ്ദ്ധനാണ് എന്നാൽ ഈ അക്കൗണ്ട് പൂട്ടിക്കാനാവില്ല. ബം​ഗാളിലേയും ത്രിപുരയിലേയും അവരുടെ അക്കൗണ്ട് പൂട്ടിയ ശേഷമാണ് മോദിയും അമിത് ഷായും ഇങ്ങോട്ട് വരുന്നത്. കേരളത്തിലും അക്കൗണ്ട് പൂട്ടിക്കാനാണ് ഞങ്ങളുടെ തീരുമാനം. 

  • വെല്ലുവിളിക്കുന്ന കാര്യത്തിൽ കെ.സുരേന്ദ്രൻ പിന്നിലല്ല, സ്വർണക്കടത്തിലടക്കം പല കാര്യങ്ങളിലും താങ്കൾ വെല്ലുവിളിച്ചിരുന്നു 

ഞാൻ പറഞ്ഞതെല്ലാം ശരിയായി വന്നു. പിണറായി കിം​ഗ് പിൻ മുഖ്യമന്ത്രിയാണെന്ന് ഞാൻ പറഞ്ഞു അതു തന്നെയല്ലേ മൊഴിയായി വന്നത്. കോടതിയിൽ കേന്ദ്ര ഏജൻസി കൊടുത്ത ഭാ​ഗിക റിപ്പോർട്ട് നിങ്ങൾ കണ്ടില്ലേ. കാര്യങ്ങളൊക്കെ അതിൽ വ്യക്തമാണ്.

  • ഇതൊക്കെ പ്രതികൾ കൊടുത്ത മൊഴിയുടെ അടിസ്ഥാനത്തിൽ അല്ലേ. അതിന് ആധാരമായ തെളിവുകൾ കൂടി വേണ്ടേ ?  സ്വർണം ആർക്ക് കൊണ്ടു വന്നു, എങ്ങോട്ട് പോയി എന്നു ഇതുവരെ കണ്ടെത്തിയിട്ടില്ല ? 

സ്വർണം ആർക്ക് കൊണ്ടു വന്നുവെന്നറിയുന്നത് മുഖ്യമന്ത്രിക്ക് മാത്രമാണ്... വേറെ ആർക്കുമറിയില്ല

  • അതെന്തൊരു വർത്തമാനമാണ്... ? 

‍ഞാൻ ചോ​ദിക്കട്ടെ എന്താണ് ഈ കേസ്. ​ഗൾഫിൽ നിന്നും സ്വർണം കൊണ്ടു വന്നു, അതിവിടെ വിറ്റു. ആ പണം ഡോളർ രൂപത്തിൽ തിരികെ കൊണ്ടു പോയി. ഇതൊരു തുടർ പ്രവർത്തനമാണ്. വർഷങ്ങളായി നടക്കുന്നു. നിരവധി തവണ സ്വർണം കടത്തി.ഒരു തവണ പിടിക്കപ്പെട്ടു. സ്വർണം കൊണ്ടുവരുന്നു, വിൽക്കുന്നു, ഡോളറാക്കി കടത്തുന്നു. ആരാണ് ഡോളർ കടത്തിയത് ?  164 മൊഴിയിൽ ഡോളർ കടത്താനാരാണ് കൂട്ടുനിന്നത് ? ഈ പണമൊക്കെ എങ്ങോട്ടാണ് പോകുന്നത്.. ? 

  • എന്താണ് കണ്ടുപിടിക്കാത്തത്...

അതു കണ്ടുപിടിക്കാനല്ലേ അന്വേഷണം നടക്കുന്നത്. ഏപ്രിൽ ആറിന്  നിയമസഭാ തെരഞ്ഞെടുപ്പുണ്ട് എന്നാൽ അഞ്ചാം തീയതി അന്വേഷണം തീർക്കാം എന്നു പറയാമോ ? 

  • എന്നു വേണ്ട,  എന്നാൽ ജൂലൈ അഞ്ചിന് തുടങ്ങിയ അന്വേഷണമാണ്...

‌ജൂലൈ കഴിഞ്ഞ് എത്രമാസമായി. ഇത്ര മാസം കൊണ്ട് അന്വേഷണം തീർക്കാൻ ഏജൻസികളോട് പറയാൻ പറ്റുമോ. മൊഴികൾ പുറത്തു വന്നത് പൊലീസിൻ്റെ കള്ളക്കേസ് മൂലമാണ്. സ്വപ്നയുടെ ശബ്ദരേഖ എങ്ങനെ പുറത്തു വന്നു. ആരാണ് സ്വപ്നയെ ജയിലിൽ കാണാൻ പോയത്. ഇപ്പോൾ വീണ്ടും വനിതാ പൊലീസുകാരിയുടെ മൊഴി എങ്ങനെ പുറത്തു വന്നു. ഞാൻ ചോദിക്കട്ടെ നമ്മൾ എത്ര സമരം നടത്തി ജുഡീഷ്യൽ അന്വേഷണങ്ങൾക്കായി. ഇവിടെ ഇപ്പോൾ പെട്ടെന്ന് ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിക്കുകയാണ് മുഖ്യമന്ത്രി. എന്താ ഇതിൻ്റെ അർത്ഥം. ഒന്നും ഭയപ്പെടാനില്ലെങ്കിൽ പിന്നെ എന്തിനാണ് ജുഡീഷ്യൽ അന്വേഷണവും കേസും, കേന്ദ്രഏജൻസികൾ അന്വേഷിച്ചു പോകട്ടെ എന്നു കരുതിയാൽ പോരെ..

  • ഈ ആരോപണങ്ങളൊക്കെ ജനം വിശ്വസിക്കും എന്നു കരുതുന്നുണ്ടോ ?  

അതിപ്പോൾ നിങ്ങളുടെ സർവ്വേയിൽ എന്താണ് പറയുന്നത്? പിണറായി വിജയൻ്റെ ഭക്തൻമാരായി മാറിയിരിക്കുകയാണ് പല മാധ്യമപ്രവർത്തകരും. 

  • ഞങ്ങളുടെ സർവ്വേയിൽ കണ്ടെത്തിയത് ഈ ആരോപണങ്ങളിൽ കഴമ്പുണ്ടെന്നാണ് ജനം വിശ്വസിക്കുന്നതെന്നാണ് 

ആരോപണങ്ങൾ ആരും ആദ്യം വിശ്വസിക്കില്ല. ആരോപണങ്ങൾ തെളിയുമ്പോൾ ആണ് വിശ്വസിക്കുക 

  • ആ അർത്ഥത്തിൽ ഈ കേസ് തെളിഞ്ഞിലല്ലോ ?

തെളിയുമല്ലോ..  അതിനായി ഇങ്ങനെ ധൃതി പിടിക്കേണ്ടതില്ല

  • ഈ കേസിൽ എന്താണ് താങ്കളുടെ പ്രവചനം 

സ്വർണക്കടത്ത് കേസിൻ്റെ ​ഗുണഭോക്താവ് മുഖ്യമന്ത്രിയാണ്, അതു തെളിഞ്ഞു വരുമെന്നതിൽ എനിക്കൊരു സംശയമില്ല. പിന്നെ മൂന്നാല് മന്ത്രിമാരും സ്പീക്കറും ഭരണസംവിധാനത്തിലെ ചിലരും ഈ കേസിൽ കുടുങ്ങും. 

  • ഇതൊരു ഭയങ്കര കർപ്പെറ്റ് ബോംബിം​ഗ് പോലെയായി... 

അലല്ല, ഇതേകാര്യം ജൂലൈ ആറാം തീയതി ഞാൻ പറഞ്ഞപ്പോൾ നിങ്ങൾ എൻ്റെ നേരെ കുതിര കേറി. മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്നും ഇടപെടലുണ്ടായി എന്നു ഞാൻ പറഞ്ഞപ്പോൾ ഏഷ്യാനെറ്റ് അടക്കം എന്നെ കൊന്നു. മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്നും വിളിച്ചു ഇടപാടിൽ പങ്കുണ്ടായി എന്നെല്ലാം തെളിഞ്ഞു. 

  • ഓഫീസിലെ ആളുടെ വഴിവിട്ട ഇടപെടലുണ്ടായി എന്ന് മുഖ്യമന്ത്രി തന്നെ പറഞ്ഞു 

അല്ല, മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്നും ആരാണ് ഇടപെട്ടത് എന്നാണ് ചോദിച്ചത് എല്ലാവരും. അന്നു കേന്ദ്ര ഏജൻസികളൊന്നും ഇവിടെ വന്നിട്ടില്ല. അപ്പോൾ വസ്തുതാപരമായ കാര്യങ്ങൾ ഇതിലുണ്ട് അതൊക്കെ തെളിയുക തന്നെ ചെയ്യും.

  • ഇപ്പോ ജനം വോട്ടു ചെയ്തു എൽഡിഎഫ് തുടർഭരണം വന്നാൽ  ഈ ആരോപണങ്ങൾ ജനങ്ങൾ വിശ്വസിച്ചില്ലെന്ന് നമ്മൾ വായിക്കുമ്പോൾ അതു തെറ്റാണെന്ന് പറയാൻ പറ്റോ...  ? 

അങ്ങനൊയൊന്നുമില്ല. ഭൂരിപക്ഷം ആളുകളും വിശ്വസിച്ചത് ആരോപണമായിട്ട് വരുമെന്ന് പറയാനാവില്ല.  തെരഞ്ഞെടുപ്പ് എന്നു പറയുന്നത് പല മാനേജ്മെൻ്റാണ്. ഇപ്പോൾ എല്ലാവരേയും പിണറായി വിജയൻ മാനേജ് ചെയ്യുകയാണല്ലോ. മാധ്യമങ്ങളെയടക്കം... അതു കൊണ്ട് പിണറായി വിജയൻ ശരിയാണെന്ന് പറയാൻ പറ്റുമോ 

  • അപ്പോൾ പിണറായി വിജയനാണോ ഏഷ്യാനെറ്റിനേയും മനോരമയേയും മാതൃഭൂമിയേയുമൊക്കെ മാനേജ് ചെയ്യുന്നത്

ഏഷ്യാനെറ്റിനെ ഞാൻ പറയുന്നില്ല, അതൊക്കെ എല്ലാവർക്കും അറിയുന്ന കാര്യമാണ്

  • എനിക്കറിയില്ല... കേന്ദ്രം ഭരിക്കുന്ന ബിജെപിക്കുള്ളത്ര സ്വാധീനം മാധ്യമങ്ങളുടെ മേൽ ഇവർക്കുണ്ടോ ?

ബിജെപി അങ്ങനെ ചെയ്യാത്തത് കൊണ്ടു ഞങ്ങൾ കുറ്റക്കാരായി. 

  • ബിജെപി അങ്ങനെ എവിടെ ചെയ്യുന്നില്ലാന്നാണ് പറയുന്നത് 

മോ​ദി ഞങ്ങളെ ചായ സത്കാരത്തിന് വിളിക്കുന്നില്ല, വിദേശപര്യടനത്തിന് കൂട്ടുന്നില്ല അദ്ദേഹം മാധ്യമങ്ങളെ അവ​ഗണിക്കുന്നു ഇൻ്റർവ്യൂ തരുന്നില്ല എന്നെല്ലാം പരാതിയുണ്ടല്ലോ. 

  • മാധ്യമങ്ങൾക്ക് ഇൻ്റർവ്യൂ തരാത്തത് മാത്രമാണ് പ്രശ്നമെന്ന് എനിക്ക് അഭിപ്രായമില്ല. എന്നാൽ ദേശീയമാധ്യമങ്ങളെല്ലാം പ്രതിപക്ഷത്തെ മാത്രമാണല്ലോ ചോദ്യം ചെയ്യുന്നത്... 

രാഹുൽ ​ഗാന്ധി നയിക്കുന്ന പ്രതിപക്ഷത്തെ ആരെങ്കിലും സപ്പോർട്ട് ചെയ്യുമോ

  • അതുപോലെയാണോ ഇവിടുത്തെ മാധ്യമങ്ങൾ പ്രവർത്തിക്കുന്നത് ?

അല്ല പിണറായി വിജയൻ്റെ മേക്ക് ഓവർ ഇവിടെ നടന്നു കൊണ്ടിരിക്കുകയാണല്ലോ.. ബിജെപി സംസ്ഥാന അധ്യക്ഷനായല്ല ഒരു ശരാശരി മലയാളിയുടെ നിലയിൽ നിന്നു പറയുകയാണ് മാധ്യമങ്ങളെല്ലാം പിണറായി വിജയനെ വാഴ്ത്തി പാടുന്ന നിലയിലേക്ക് വന്നിരിക്കുകയാണ്. ഈ സ്കൂൾ കുട്ടികളുടെ അരിയുണ്ടല്ലോ ? ആ അരി മുഴുവൻ കേന്ദ്രവിഹിതമാണ്. ഇത്ര കാലം ആ അരി കൊടുത്തില്ല. എന്നിട്ടിപ്പോൾ ആ അരി കൊടുത്ത് കിറ്റാണ് എന്ന് മേന്മ പറയുന്നതിൽ എന്തു കാര്യമാണുള്ളത്. 

  • ഇതൊക്കെ പ്രചരിപ്പിക്കാൻ നിങ്ങൾക്ക് പറ്റാത്തതല്ലേ, മാത്രമല്ല സാധനങ്ങളെല്ലാം കേന്ദ്രത്തിൽ നിന്നാണെന്ന് മുഖ്യമന്ത്രിയും പറഞ്ഞല്ലോ. പിന്നെ കേന്ദ്രമായാലും കേരളമായാലും ഇതൊന്നും ആരുടേയും ഔദാര്യവുമല്ല

ഔദാര്യമാണെന്ന് ഞാൻ പറയുന്നില്ല. ആ പദമേ ഞാൻ ഉപയോ​ഗിച്ചില്ല. പക്ഷേ സർക്കാരിന് ഇതിൽ എന്ത് നേട്ടമാണ് അവകാശപ്പെടാനുള്ളത്. 

  • ഒരു മഹാമാരി കാലത്ത് ജനങ്ങൾക്ക് സൗജന്യമായി ഭക്ഷ്യവസ്തുകൾ കൊടുക്കുമ്പോൾ ജനം പട്ടിണി കിടക്കുന്ന അവസ്ഥുണ്ടാവില്ല എന്നൊരു കാര്യമില്ലേ

പക്ഷേ ഈ കൊടുക്കാനുള്ള അരി എവിടുന്ന് കിട്ടി വിഎസ് മുതൽ ഇഎംഎസ് വരെ അരി കിട്ടാൻ കേന്ദ്രത്തോട് സമരം ചെയ്തിട്ടുണ്ട്.  ഇന്നിപ്പോൾ കേരളത്തിലെ ഏതെലും സർക്കാർ ​ഗോഡൗണിൽ അരി ക്ഷാമമുണ്ടോ. കേന്ദ്രം എത്ര രൂപ സബ്സിഡി കൊടുക്കുന്നുണ്ട്. എന്നെങ്കിലും പിണറായി ഇതൊക്കെ പറഞ്ഞിട്ടുണ്ടോ ? കിറ്റുകൾ കൊടുക്കുന്നത് മഹാസംഭവമായി പറയുന്നു. അതിനാണോ സർക്കാർ വന്നത്.

ഇപ്പോൾ പിണറായിയെ മഹാനായി വാഴ്ത്തുന്ന സർവേകൾ കാണുമ്പോൾ എനിക്കുള്ള ചോദ്യം അതാണ്. എന്താണ് ഈ സർക്കാർ അ‍ഞ്ച് വർഷം കൊണ്ട് ചെയ്തത്. എന്താണ് കേരളത്തിനുള്ള നേട്ടം. സമ്പദ് വ്യവസ്ഥ രക്ഷപ്പെട്ടോ, കടക്കെണിയിൽ നിന്നും കരകേറിയോ, നിക്ഷേപം വന്നോ, തൊഴിൽ അവസരം കൂടിയോ... അഞ്ച് വർഷം കൊണ്ട് പിണറായി വിജയൻ ഇവിടെ എന്തോ വലിയ സംഭവം ഉണ്ടാക്കി എന്ന പ്രതീതി എങ്ങനെയാണ് ഇവിടെ വരുന്നത്. 

  • ആരാണ് ബെറ്റർ യുഡിഎഫോ എൽഡിഎഫോ ?

യുഡിഎഫിനെ മടുത്തിട്ടാണാല്ലോ പിണറായി വിജയനെ സഹിക്കാൻ ജനം തയ്യാറായത്. പിണറായി അല്ല മുന്നിൽ നിന്നെങ്കിലും യുഡിഎഫിനോടുള്ള വിരോധം മൂലമല്ലേ ജനം അദ്ദേഹത്തെ ജയിപ്പിച്ചു. 

  • പെട്രോൾ വിലയിൽ എന്തു ചെയ്യാൻ പറ്റും

പെട്രോൾ നികുതി ജിഎസ്ടിയിലേക്ക് മാറ്റുന്നതാണ് ഏറ്റവും നല്ലത്. അതാണ് മികച്ച വഴി. ഭൂരിപക്ഷം ധനമന്ത്രിമാരും അതിനോട് യോജിക്കുന്നു എന്തിനാണ് തോമസ് ഐസകിന് മാത്രം ഇത്ര എതിർപ്പ് പെട്രോൾ ജിഎസ്ടി പട്ടികയിൽ ഉൾപ്പെടുത്താൻ. അവിടെ പിടിക്കുന്നതിലും കൂടുതൽ നികുതി ഇവിടെ പിടിക്കുന്നില്ലേ എന്തേലും വിട്ടുവീഴ്ച ചെയ്തൂടെ

  • ശബരിമല സമരനായകൻ എന്നൊരു പേര് താങ്കൾക്കുണ്ട്, എന്തു കൊണ്ടാണ് കേന്ദ്രസർക്കാർ ഈ വിഷയത്തിൽ വിമർശിക്കുന്നതിനപ്പുറം കൃത്യമായ ഒരു നിലപാട് എടുക്കാത്തത്.

പ്രധാനമന്ത്രി ഇന്നലെ പറഞ്ഞല്ലോ. വിശ്വാസങ്ങൾ സംരക്ഷിക്കണം. എന്നാൽ ഇപ്പോൾ വിഷയം കോടതിയുടെ മുന്നിലാണ്. ആ വിധി പുനപരിശോധിക്കാൻ സുപ്രീംകോടതി തീരുമാനിച്ചതോടെ അനൂകല വിധി വരുമെന്ന പ്രതീക്ഷയിലാണ് വിശ്വാസികൾ. മറിച്ചൊരു വിധി വന്നാൽ കേന്ദ്രം ഇടപെടും. ശബരിമലയിൽ കേന്ദ്രത്തിന് ഒരു പ്രതിസന്ധി ​ഘട്ടത്തിൽ മാത്രമേ ഇടപെടാനാവൂ. ആദ്യം കോടതി അതിലൊരു തീർപ്പുണ്ടാക്കണം. 

സുപ്രീംകോടതിയുടെ വിധിയിലല്ല, അതു നടപ്പാക്കിയതിലാണ് പ്രശ്നം. സുപ്രീംകോടതിയുടെ എത്രയേറെ വിധികളുണ്ട്. നൂറിനടുത്ത് സുപ്രീംകോടതി വിധികൾ കേരളത്തിൽ ഇനിയും നടപ്പാക്കിയിട്ടില്ല. എന്തൊരു ധാർഷ്ട്യത്തോടെയാണ് പിണറായി ഇതൊക്കെ കൈകാര്യം ചെയ്യുന്നത്. 

  • കോന്നിയോ മഞ്ചേശ്വരമോ ? 

രണ്ടും ജയിക്കുന്ന മണ്ഡലമാണ്.

  • ഒന്നല്ലേ നിലനി‍ർത്താനാവൂ  ?

രണ്ടും ജയിക്കുക എന്നതാണ് ഇപ്പോൾ പ്രധാനം

  • വേറെ ആരെയെങ്കിലും നിർത്തി കൂടെ ? രണ്ട് സീറ്റിലും സുരേന്ദ്രൻ തന്നെ മത്സരിക്കേണ്ട അവസ്ഥയുണ്ടോ

വേറെ ആർക്കേലും താത്പര്യമുണ്ടെങ്കിൽ നേരത്തെ പറയാമായിരുന്നു

  • എന്തു കൊണ്ട് കെ.സുരേന്ദ്രന് മാത്രം രണ്ട് സീറ്റ്

അതൊരു പാർട്ടി തീരുമാനമല്ലേ. അടുത്ത തവണ വേണേൽ മറ്റൊരാൾക്ക് രണ്ട് സീറ്റ് കൊടുക്കാം 

ഇത്തവണ വിചാരിക്കുന്ന അത്ര സീറ്റില്ലെങ്കിൽ അതായത് കഴിഞ്ഞതവണത്തേതിൽ നിന്നും ഒരു സീറ്റെങ്കിലും അധികം വന്നില്ലെങ്കിൽ ആ ഉത്തരവാദിത്തം ഏറ്റെടുക്കുമോ ?

അങ്ങനെയൊരുചോദ്യത്തിന് പ്രസക്തിയില്ല. പാർട്ടി അധ്യക്ഷൻ എന്ന നിലയിൽ എനിക്കെൻ്റെ ഉത്തരവാദിത്തെക്കുറിച്ച് നല്ല ബോധ്യമുണ്ട്. ഈ തെരഞ്ഞെടുപ്പ് കഴിഞ്ഞാൽ ബിജെപി ഏറ്റവും ശക്തമായ പാർട്ടിയായി ഉയർന്നു വരും. 

 


 

click me!